ജീവിതം ചിലപ്പോള്‍ ദുരന്തപൂര്‍ണ്ണമായ ഒരു കാവ്യമായി നമുക്ക് തോന്നിയേക്കാമെങ്കിലും മനസ്സു വച്ചാല്‍ നമുക്കതിനെ ശുഭപര്യവസായിയായ കഥയാക്കി മാറ്റാവുന്നതേയുള്ളൂ. ജീവിതത്തില്‍ എപ്പോഴെങ്കിലും പേടി, പരാജയം, അരക്ഷിതാവസ്ഥ എന്നിവയിലൂടെ കടന്നുപോകാത്തവരായി ആരും തന്നെയുണ്ടെന്ന് തോന്നുന്നില്ല.
എന്നാല്‍ നാം അതില്‍ തന്നെ കുടുങ്ങിക്കിടക്കുകയാണെങ്കില്‍ നമുക്കൊരിക്കലും പുറത്തേക്ക് കടക്കാനാവില്ല. പലപ്പോഴും നമുക്ക് എന്തെങ്കിലും കുറവുകളോ പരിമിതികളോ ഉള്ളതുകൊണ്ടല്ല അര്‍ഹതയുണ്ടായിട്ടും ചിലപ്പോഴെങ്കിലും നാം പരാജയപ്പെട്ടുപോകുന്നത്. മറിച്ച് നമ്മുടെ മനോഭാവങ്ങളിലും തീരുമാനങ്ങളിലും അത്യാവശ്യം നടപ്പിലാക്കേണ്ട മാറ്റങ്ങള്‍ ഇല്ലാതെ പോകുന്നതുകൊണ്ടാണ്.
നോ പറയാന്‍ പഠിക്കുക
എല്ലാവരും പറയുന്നത് അനുസരിക്കാന്‍ നമുക്കൊരു ബാധ്യതയുമില്ലെന്ന് ആദ്യം മനസ്സിലാക്കുക. നോ പറയേണ്ടിടത്ത് നോ പറയാനുള്ള ധൈര്യവും തന്റേടവും ഇല്ലാതെ പോകുമ്പോള്‍ നമുക്ക് സംഭവിക്കുന്നത് വലിയ നഷ്ടങ്ങളാണ്. കാമുകനോ സഹപാഠിയോ ആരുമായിക്കൊള്ളട്ടെ ആവശ്യപ്പെടുന്നതിനെല്ലാം അനുകൂല ഭാവം കാണിച്ചാല്‍ ജീവിതം കൈവിട്ടുപോകുന്നതുപോലും നാം അറിയുന്നുണ്ടാവില്ല. അവരെന്തുവിചാരിക്കും എന്ന് വിചാരിച്ചോ അവര്‍ക്ക് വിഷമമാവില്ലേ എന്ന് കരുതിയോ ഇഷ്ടമില്ലാത്തതിനോട് നാം യേസ് പറയരുത്.
ശരിക്കുവേണ്ടി യുദ്ധം ചെയ്യുക
ചുറ്റുപാടും നടക്കുന്നതിനെക്കുറിച്ച് ബോധവതിയായിരിക്കുക. തൊഴിലിടങ്ങളിലോ വീടുകളിലോ എവിടെയുമായിക്കൊള്ളട്ടെ നിങ്ങള്‍ക്ക് നിങ്ങളുടേതായ പങ്ക് അവിടെ വഹിക്കാനുണ്ട്.. നിങ്ങളുടെ സ്ഥാനം അവിടെ പ്രധാനപ്പെട്ടതാണ്. അവിടെ നിങ്ങളുടെ ശരിക്കുവേണ്ടി പൊരുതുക. കാര്യങ്ങള്‍ അകന്നുനിന്ന് വീക്ഷിക്കുന്ന ഒരാളാവുക എന്നതിലുപരി അവയ്ക്കു വേണ്ടി നേരിട്ട് ഇടപെടുന്ന ആളാവുക എന്നതാണ് മുഖ്യം.
യാഥാർഥ്യബോധമുള്ളവളാകുക
ഓരോ വ്യക്തിക്കും അവര്‍ അര്‍ഹിക്കുന്ന സ്പെയ്സ് നൽകുക. ആരെങ്കിലും ഒരാള്‍ നിങ്ങളെ പരിഗണിക്കാതെ പോയതോര്‍ത്തുളള നിരാശ വെടിയുക. നിങ്ങള്‍ ആരോടെങ്കിലും സ്‌നേഹം കാണിച്ചിട്ടും തിരികെ കിട്ടാതെ പോയതോര്‍ത്ത് മനസ്സ് വിഷമിപ്പിക്കാതിരിക്കുക. ബലം പ്രയോഗിച്ചോ കണ്ണീരു വീഴ്ത്തിയോ നമുക്കാരെയും ജീവിതത്തില്‍ ചേര്‍ത്തുനിര്‍ത്താന്‍ കഴിയില്ലെന്ന് മനസ്സിലാക്കുക.
എല്ലാം ആത്മാര്‍ത്ഥതയോടെ ചെയ്യുക
ആത്മാര്‍ത്ഥമായി എല്ലാം ചെയ്യുക; പരിപൂര്‍ണ്ണതയോടെയും. ജീവിതത്തിലെ മുഖമുദ്രയെന്ന് പറയുന്നത് ഇവയാണ്. ആത്മാര്‍ത്ഥമായി ചെയ്യാത്തതും പരിപൂര്‍ണ്ണത ഇല്ലാത്തതും ചിലപ്പോഴെങ്കിലും നാം പിന്തള്ളപ്പെട്ടുപോകുന്നതിന് കാരണമായി മാറാറുണ്ട്.
ശുഭാപ്തി വിശ്വാസിയായിരിക്കുക
ജീവിതത്തില്‍ പ്രതിസന്ധികളും പ്രശ്‌നങ്ങളും ഉണ്ടാകുമ്പോള്‍ നമുക്ക് ബലമായി മാറുന്നത് നമ്മുടെ ശുഭാപ്തിവിശ്വാസമാണ്. ഒരിക്കലും നാം പ്രതീക്ഷിക്കുന്നതുപോലെയോ പദ്ധതിയിടുന്നതുപോലെയോ അല്ല ജീവിതത്തില്‍ സംഭവിക്കുന്നത്. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഫ്ലക്‌സിബിള്‍ ആകുക. കഠിനപരീക്ഷണങ്ങളില്‍ ശക്തിയുളളവളാകുക. ഭാവിയിലേക്ക് നോക്കി പ്രത്യാശയും ആത്മവിശ്വാസവുമുള്ള സ്ത്രീയാകുക.. അതാണ് മുഖ്യം.