പരസ്പരം കലഹിച്ചിട്ടില്ലാത്ത, പരസ്പരം വിയോജിപ്പുകള്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത ദമ്പതികളുണ്ടാവുമോ? ഉണ്ടെങ്കില്‍ അവര്‍ക്കെന്തോ പ്രശ്‌നമുണ്ടെന്ന് വേണം കരുതാന്‍. കാരണം രണ്ടു വ്യക്തികള്‍ തമ്മിലാകുമ്പോള്‍ വിയോജിപ്പുകളും ആശയപ്പൊരുത്തമില്ലായ്മയും സര്‍വ്വസാധാരണമാണ്.
പ്രത്യേകിച്ചും ദമ്പതികള്‍ തമ്മിലാവുമ്പോള്‍. എന്നാല്‍ എപ്പോഴെല്ലാം എന്തിന് വേണ്ടിയെല്ലാമാണ് കലഹിച്ചതെന്ന് പിന്നീട് എപ്പോഴെങ്കിലും നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇനി മുതല്‍ അക്കാര്യം ഒന്ന് ശ്രദ്ധിച്ചേക്കൂ. പ്രധാനമായും താഴെ പറയുന്ന കാരണങ്ങളാലാണ് ദമ്പതികള്‍ തമ്മില്‍ കലഹമുണ്ടാകുന്നത് എന്നാണ് പൊതു നിരീക്ഷണം.
ധൂർത്ത്
പങ്കാളി അനാവശ്യമായി പണം ചെലവാക്കുന്നതിന്റെ പേരില്‍ മിക്ക കുടുംബങ്ങളിലും കലഹം സാധാരണമാണ്. മിക്ക ഭാര്യമാരും തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കെതിരെ ഉയര്‍ത്തുന്ന പ്രധാന ആരോപണങ്ങളിലൊന്ന് ഇതാണ്.
ഇനി ഭര്‍ത്താവ് ഭാര്യയുടെ മേല്‍ ചുമത്തുന്ന കുറ്റം ഇതിന്റെ തന്നെ മറ്റൊരു പതിപ്പായിരിക്കും. ഉദാഹരണത്തിന് കൂടുതല്‍ ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കി പാഴാക്കി കളയുന്നുവെന്നോ പലവ്യഞ്ജനങ്ങളും മറ്റും അശ്രദ്ധമായി കൈകാര്യം ചെയ്യുന്നുവെന്നോ ഒക്കെ ഭാര്യമാര്‍ ഭര്‍ത്താക്കന്മാരില്‍ നിന്ന് ആരോപണങ്ങള്‍ നേരിടാറുണ്ട്.
ഷോപ്പിംങ് മാള്‍ മുതല്‍ അടുക്കളയില്‍ വരെയുള്ള വിവിധ ആവശ്യങ്ങളുടെ പേരിലുള്ള ഇത്തരം കലഹങ്ങള്‍ മാസത്തില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ലേ?
ഉത്തരവാദിത്തങ്ങള്‍ പങ്കിടുന്നതിലുള്ള താൽപ്പര്യക്കുറവ്
ഇപ്പോഴത്തെ പുതിയ സാഹചര്യത്തില്‍ ദമ്പതികള്‍ രണ്ടുപേരും ജോലിക്കാരായിരിക്കും. രണ്ടുപേരും ഒരുമിച്ചു ജോലിക്കുപോകുകയും ജോലി കഴിഞ്ഞ് തിരിച്ചെത്തുകയും ചെയ്യുന്നു. ക്ലീനിങ് മുതല്‍ കുട്ടികളുടെ പഠനകാര്യം വരെ എല്ലാകാര്യങ്ങളിലും പരസ്പരം സഹകരിച്ചും സഹായിച്ചും പോകേണ്ടവരാണ് ഇവിടെ ദമ്പതികള്‍. അതിന് പകരം അടുക്കള കാര്യവും മക്കളുടെ കാര്യവും ഭാര്യയുടെ മാത്രം ഉത്തരവാദിത്തമാണെന്ന് വിധിയെഴുതി വീട്ടിലുള്ള ബാക്കിസമയം മൊബൈലിലും ഇന്റര്‍നൈറ്റിലും ചെലവഴിക്കുന്ന ഭര്‍ത്താക്കന്മാരുണ്ടെങ്കില്‍ ഉറപ്പാണ് അവിടെ കലഹമുണ്ടായിരിക്കും.
ലൈംഗികതയുടെ അഭാവം
ദമ്പതികള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമായി നിലനിര്‍ത്തിക്കൊണ്ടുപോകുന്നതിലെ പ്രധാനപ്പെട്ട ഘടകമാണ് ലൈംഗികത. എന്നാല്‍ പങ്കാളി മറ്റെയാള്‍ക്ക് ലൈംഗികത നിഷേധിക്കുകയോ അതില്‍ താൽപ്പര്യം കാണിക്കാതിരിക്കുകയോ ചെയ്യുന്നത് ബന്ധങ്ങൾ ശിഥിലമാകാൻ കാരണമാകും. ഇതിന്റെ പേരില്‍ ഉള്ളില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന സ്‌ട്രെസ്സും ഡിപ്രഷനുമാണ് പിന്നീട് മറ്റോരോ കാരണങ്ങളുടെ പേരില്‍ കലഹമായി രൂപാന്തരപ്പെടുന്നത്.
വൈകാരിക പക്വതമില്ലായ്മ
എല്ലാവര്‍ക്കുും ദേഷ്യമുണ്ടാകാറുണ്ട്. എന്നാല്‍ ചിലര്‍ക്ക് മൂക്കത്താണ് ദേഷ്യം. ചെറിയ കാര്യങ്ങളില്‍ പോലും സഹിഷ്ണുത കാണിക്കാതിരിക്കുന്നതും എന്തിനും ഏതിനും ദേഷ്യപ്പെടുന്നതും കുടുംബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്തും. ചില നേരങ്ങളില്‍ ഒരാള്‍ സംയമനം കാണിച്ചുവെന്നിരിക്കാം. എന്നാല്‍ എപ്പോഴും കോപിക്കുകയും അസ്വസ്ഥരാകുകയും ചെയ്യുന്ന സ്വഭാവമാണ് പങ്കാളി വച്ചുപുലര്‍ത്തുന്നതെങ്കില്‍ അത് കുടുംബത്തിന്റെ മൊത്തം സമനിലയെയും ദോഷകരമായി ബാധിക്കും. കലഹത്തിന്റെ ഉരുള്‍പ്പൊട്ടലുകള്‍ സംഭവിക്കുകയും ചെയ്യും.
കുടുംബത്തിന് വേണ്ടി സമയം നീക്കിവയ്ക്കാതിരിക്കുക
നിങ്ങളുടെയോ നിങ്ങളുടെ പ്രിയപ്പെട്ടവരുടെയോ കാര്യങ്ങള്‍ക്കു വേണ്ടി സമയം നീക്കിവയ്ക്കാനില്ലാത്ത പങ്കാളിയാണ് നിങ്ങളുടേതെങ്കില്‍ അതിന്റെ പേരിലും വീട്ടില്‍ കലഹസാധ്യതയുണ്ട്. ഷോപ്പിംങ്ങിനോ ഔട്ടിങ്ങിനോ കൊണ്ടുപോകാതിരിക്കുക, സംസാരിക്കാന്‍ താൽപ്പര്യം കാണിക്കാതിരിക്കുക എന്നിവയെല്ലാം അഗ്നിപര്‍വ്വതം രൂപപ്പെടുന്നതിന് മുമ്പുള്ള ചില സൂചനകളാണ്.