പോൺസ്റ്റാർ, അഭിനേത്രി ഇങ്ങനെയുള്ള വിശേഷണങ്ങളിൽ മാത്രമാണ് ഈ അടുത്തകാലം വരെ സണ്ണി ലിയോൺ വാർത്തകളിൽ നിറഞ്ഞത്. എന്നാൽ സണ്ണിയെന്ന വ്യക്തിയോട് സ്ത്രീകളടക്കമുള്ളവർക്ക് ആരാധന തോന്നിത്തുടങ്ങിയത് അവർ ഒരു പെൺകുഞ്ഞിനെ ദത്തെടുത്തതോടെയാണ്. മഹാരാഷ്ട്രയിലെ ലത്തൂരിൽ നിന്നെടുത്ത പെൺകുഞ്ഞിന് നിഷ എന്നാണ് പേര് നൽകിയിരിക്കുന്നത്.
ഒരു മകളെ ദത്തെടുക്കണമെന്ന് ആഗ്രഹിക്കാനുള്ള കാരണവും പേരന്റിങ് രഹസ്യങ്ങളും സണ്ണി വെളിപ്പെടുത്തിയത് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്. ''വെബർ കുടുംബത്തിൽ പെൺകുഞ്ഞുങ്ങൾ വളരെ കുറവാണ്. ഭർത്താവ് ഡാനിയേലിന്റെ അച്ഛൻ എപ്പോഴും അതേപ്പറ്റി പറയുമായിരുന്നു. ഞങ്ങൾ മുംബൈയിലെ അനാഥാലയങ്ങൾ ഇടയ്ക്കിടെ സന്ദർശിക്കാറുണ്ടായിരുന്നു. അന്നൊന്നും കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതിനെക്കുറിച്ച് ഞങ്ങൾ ചിന്തിച്ചിരുന്നില്ല. അവിടെ കുഞ്ഞുങ്ങൾക്ക് മികച്ച പരിചരണമാണ് കിട്ടിക്കൊണ്ടിരുന്നത്. നല്ല ഭക്ഷണം വിദ്യാഭ്യാസം അങ്ങനെയെല്ലാം.
അങ്ങനെയിരിക്കെയാണ് എന്നെങ്കിലും കുഞ്ഞുങ്ങളെ ദത്തെടുക്കുകയാണെങ്കിൽ അതൊരു പെൺകുഞ്ഞിനെ ആയാലോ എന്ന് ഞാൻ ഡാനിയേലിനോട് ചോദിച്ചത്. അദ്ദേഹത്തിന്റെ പ്രതികരണം എന്നെ അത്ഭുതപ്പെടുത്തി. സാധാരണ ഭാര്യമാർ എന്തു കാര്യം പറഞ്ഞാലും അതിലൊക്കെ കുറ്റം കണ്ടുപിടിക്കുന്നവരാണ് ഭർത്താക്കന്മാർ. ഇവിടെ ഡാനിയേൽ എന്റെ ഇഷ്ടങ്ങൾക്ക് കൂട്ടു നിന്നു.
നിഷ വസിക്കുന്ന അനാഥാലയത്തിലെത്തിയപ്പോൾ അധികൃതർ കുറേ ചിത്രങ്ങൾ കാട്ടിത്തന്നു. നിഷയെ അല്ലാതെ മാറ്റാരെയും ഞാൻ ശ്രദ്ധിച്ചതേയില്ല. അവൾ ഞങ്ങൾക്കു വേണ്ടിയുള്ളതാണെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. ദത്തെടുക്കാനുള്ള നിയമനടപടികൾ വൈകുന്ന വേളയിലൊക്കെ അവളെ ഞങ്ങൾക്ക് നഷ്ടപ്പെടുമോ എന്നു ഭയന്നിരുന്നു. അക്ഷരാർഥത്തിൽ ഞാൻ കരയുകയായിരുന്നു. എനിക്കരുകിൽ ദുഖിതനായി ഡാനിയേലും.
നിയമനടപടികൾ പൂർത്തിയാക്കി അവളെ സ്വന്തമാക്കിയ നിമിഷം മുതൽ അവളുടെ ജീവിതത്തിലേ ഓരോ ദിവസത്തെയും ഞങ്ങൾ ചിത്രങ്ങളും വിഡിയോയുമാക്കുന്നുണ്ട്. ഒരു ബുക്കിൽ അവളെക്കുറിച്ചുള്ള എല്ലാക്കാര്യങ്ങളും എഴുതുന്നുമുണ്ട്. അവൾക്ക് തിരിച്ചറിവാകുമ്പോൾ തീർച്ചയായും സത്യങ്ങളെല്ലാം അവളോട് തുറന്നു പറയും.
ജീവനോളം അവളെ സ്നേഹിക്കുന്നുണ്ടെങ്കിലും അവളുടെ യഥാർഥ മാതാപിതാക്കൾ ഞങ്ങളല്ലെന്നു പറയും. അവളെ ദത്തെടുത്തതിന്റെ രേഖകൾ കാണിക്കുകയും ചെയ്യും. സ്വന്തം അമ്മ അവളെ ഉപേക്ഷിച്ചതല്ല എന്നും അവൾ മനസ്സിലാക്കണം. അവർ അവളെ 9 മാസം ഗർഭത്തിൽ ചുമന്നതല്ലേ?... ഞാൻ അവളുടെ യഥാർഥ അമ്മ ആവില്ല. പക്ഷേ ദത്തെടുത്ത അന്നു മുതൽ അവളെന്റെ ആത്മാവിനോട് ചേർന്നവളാണ്. ഒരമ്മയായിത്തന്നെയാണ് അവളെ സ്നേഹിക്കുന്നതും. - സണ്ണിലിയോൺ പറയുന്നു.