ബെയ്‌ലി സെല്ലേഴ്‌സിന്റെ 21-ാം ജന്മദിനമായിരുന്നു നവംബര്‍ 26. കഴിഞ്ഞ നാലു വര്‍ഷമായി മുടക്കമില്ലാതെ അവള്‍ക്കായി ഈ ദിനത്തില്‍ ഒരു ബൊക്കെ എത്താറുണ്ടായിരുന്നു. മറ്റാരുടെയുമല്ല മരിച്ചുപോയ അവളുടെ ഡാഡിയുടേതായിരുന്നു അത്. ഇത്തവണയും ആ പതിവ് തെറ്റിയില്ല. മുൻപെത്തേതുപോലെ ഒരു കുറിപ്പുമുണ്ടായിരുന്നു ബൊക്കെയ്ക്കൊപ്പം. ആ വരികള്‍ ഇങ്ങനെയായിരുന്നു.
ബെയ്‌ലീ ,നമ്മള്‍ ഇനി വീണ്ടും കണ്ടുമുട്ടുന്നതുവരെ നിനക്കുള്ള എന്റെ അവസാനത്തെ പ്രണയലേഖനമാണ് ഇത്. നീയെനിക്ക് വേണ്ടി ഒരു കണ്ണുനീര്‍ത്തുള്ളി പോലും പൊഴിക്കേണ്ട ആവശ്യമില്ല, എന്റെ മകളേ ഞാന്‍ ഇപ്പോള്‍ നല്ല സ്ഥലത്താണ് ആയിരിക്കുന്നത്.
പാന്‍ക്രിയാസ് കാന്‍സര്‍ ബാധിതനായി മരണമടയുന്നതിന് ആറു മാസങ്ങള്‍ക്ക് മുമ്പായിരുന്നു മൈക്കല്‍ സെല്ലറിന് ഇങ്ങനെയൊരു ആശയം തോന്നിയത്. താന്‍ മരണത്തിലൂടെ വേര്‍പിരിഞ്ഞാലും ഇളയമകള്‍ക്ക് താന്‍ അവളുടെ ഒപ്പമുണ്ടെന്ന് തോന്നലുണ്ടാക്കണം..അവളുടെ ജീവിതത്തിലെ വിശേഷപ്പെട്ട അവസരങ്ങളിലെല്ലാം താന്‍ അവളെ ഓര്‍മ്മിക്കുന്നുണ്ടെന്ന് അവള്‍ മനസ്സിലാക്കണം. അതിനെന്താണ് ഒരു മാര്‍ഗ്ഗം?
അദ്ദേഹം ഭാര്യയുമായി കൂടിയാലോചിച്ചു. ആ ദമ്പതികള്‍ക്ക് നാലായിരുന്നു മക്കള്‍. ഒടുവില്‍ മൈക്കല്‍ കണ്ടെത്തിയ വഴിയായിരുന്നു ഇത്. മകളുടെ ജന്മദിനത്തില്‍ സമ്മാനിക്കാനായി തന്റെ കുറിപ്പോടുകൂടിയ ബൊക്കെകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുക. ഓരോ വര്‍ഷവും മകളുടെ ജന്മദിനത്തില്‍ അങ്ങനെയാണ് അച്ഛന്റെ കുറിപ്പുമായി ബൊക്കെകള്‍ അവളെ തേടിയെത്തിതുടങ്ങിയത്.
അതനുസരിച്ച് മൈക്കല്‍ മരണമടഞ്ഞതിന്റെ മൂന്ന് മാസങ്ങള്‍ക്ക് ശേഷം ബെയ്‌ലിക്ക് ആദ്യത്തെ ജന്മദിന ബൊക്കെ കിട്ടി. അതില്‍ ഇത്രമാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ ആദ്യം നിന്നെ സ്‌നേഹിച്ചു. പതിനേഴാം ജന്മദിനാശംസകള്‍. സസ്‌നേഹം ഡാഡി. ബെയ്‌ലിക്ക് 21 ാം പിറന്നാള്‍ വരെ ഇപ്രകാരം ഓരോ ബൊക്കെകള്‍ നൽകാനുള്ള ഏര്‍പ്പാട് ചെയ്തിട്ടാണ് ആ പിതാവ് കടന്നുപോയത്. 56–ാം വയസില്‍ 2013 ഓഗസ്റ്റ് 25 ന് ആയിരുന്നു മൈക്കലിന്റെ മരണം. മറ്റ് മക്കള്‍ക്കും മരണത്തിന് മുമ്പ് സര്‍പ്രൈസ് നൽകിയാണ് അദ്ദേഹം കടന്നുപോയത്. എംബ്രോയ്ഡറി ചെയ്ത ഹാന്‍ക്കര്‍ച്ചീഫാണ് പ്രാര്‍ത്ഥനാപൂര്‍വ്വം മൈക്കല്‍ തന്റെ മറ്റ് മക്കള്‍ക്ക് മരണക്കിടക്കയില്‍ വച്ച് കൈമാറിയത്.
ഈസ്റ്റ് ടെന്നസി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയാണ് ബെയ്‌ലി. മരണത്തിന് ശേഷവും ഡാഡിയുടെ മെസേജുകള്‍ എന്നെ തേടിവരുന്നത് എന്നെ സന്തോഷിപ്പിക്കുന്നു..ഡാഡി എന്റെ ബെസ്റ്റ് ഫ്രണ്ടാണ്.. അദ്ദേഹം വലിയൊരു വ്യക്തിയാണ്. ബെയ്‌ലി നിറകണ്ണുകളോടെ പറയുന്നു. തന്റെ ഡാഡിയെക്കുറിച്ച് ബെയ്‌ലി എഴുതിയ കുറിപ്പ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.