വെറും 30 സെക്കന്റുകൊണ്ട് ദാമ്പത്യബന്ധം കൂടുതല്‍ ഊഷ്മളമാകുമെന്നോ? ബന്ധങ്ങള്‍ പരസ്പരം ദൃഢമാക്കാന്‍ മണിക്കൂറുകള്‍ തന്നെ ചെലവഴിച്ചിട്ടും യാതൊരു പ്രയോജനവും കിട്ടാതെ നിരാശയിലായിരിക്കുന്നവര്‍ ഇനി പറയുന്ന കാര്യങ്ങള്‍ ഒന്ന് ശ്രമിച്ചുനോക്കൂ.. ഫലം തീര്‍ച്ചയാണ്.
1. 30 സെക്കന്റ് ചുംബനം
സത്യസന്ധമായി പറയൂ..നിങ്ങള്‍ ഇണയെ സ്നേഹത്തോടെ അണച്ചുപിടിച്ച് ചുംബിച്ചിട്ട് എത്രകാലമായി? ഇനി നൽകിയെങ്കില്‍ത്തന്നെ തിരക്കുപിടിച്ച ജീവിതത്തില്‍ അത് വെറും കടമനിര്‍വഹിക്കല്‍ മാത്രമായിരുന്നില്ലേ? കൊടുത്ത ആള്‍ക്കോ ലഭിച്ച ആള്‍ക്കോ അതുകൊണ്ട് യാതൊരുഫലവും ഉണ്ടായിട്ടുമില്ല.
ധൃതിപിടിച്ചുള്ള അത്തരം ചുംബനങ്ങളല്ല ഇനി നമുക്ക് വേണ്ടത്. മറിച്ച് മനസ്സും ശരീരവും സ്‌നേഹവും നൽകിയുള്ള 30 സെക്കന്റ് ചുംബനമാണ്. സ്ത്രീയിലും പുരുഷനിലും സ്‌നേഹത്തിന്റെ ഹോര്‍മോണുകള്‍ വ്യത്യസ്തമാണ്. ഓക്‌സിട്ടോസിനും വാസോപ്രെസിനുമാണ് അവ യഥാക്രമം.
ചുംബനം, ആലിംഗനം, പരിഗണന എന്നിവയിലൂടെയെല്ലാം സ്ത്രീയില്‍ ഓക്‌സിട്ടോസിന്‍ ഉൽപ്പാദിക്കപ്പെടുന്നുണ്ട്. വാസോപ്രെസിന്‍ പുരുഷനില്‍ ജനിക്കുന്നത് ശാരീരിക ബന്ധത്തിന്റെ സമയത്താണ്. ചുംബനത്തില്‍ ഇരുവരും ഒന്നായിത്തീരുന്ന ആത്മാർഥമായ ഈ 30 സെക്കന്റില്‍ ഇരുവരിലും ഈ ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. അതുവഴി ഇരുവരും തമ്മില്‍ ഐക്യവും അടുപ്പവും ഉണ്ടാകുന്നു. സന്തോഷം അനുഭവപ്പെടുന്നു. ചോക്ലേറ്റിനേക്കാള്‍ മധുരതരമായ അനുഭവമായി ഇരുവര്‍ക്കും അത് മാറുന്നു. കലിഫോര്‍ണിയയിലെ ഗവേഷകര്‍ ഇക്കാര്യം ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് ദിവസവും 30 സെക്കന്റ് ചുംബനം ഒരു ശീലമാക്കൂ.
2. 30 മിനിറ്റ് സംഭാഷണം
ആരോഗ്യകരമായ ഭക്ഷണക്രമം പോലെ തന്നെയാണ് ദമ്പതികള്‍ക്കിടയിലെ തുറന്ന സംസാരവും. ദാമ്പത്യബന്ധത്തെ ബാലന്‍സ് ചെയ്ത് മുന്നോട്ടുകൊണ്ടുപോകുന്നതിന് ഇത്തരത്തിലുള്ള സംഭാഷണം അനിവാര്യഘടകമാണ്. അതോടൊപ്പം സംഭാഷണം ബാലന്‍സഡ് ആയിരിക്കാനും ശ്രദ്ധിക്കണം. വിവിധതരം വിഷയങ്ങളെക്കുറിച്ച് ഇരുവരും മനസ്സു തുറന്ന് സംസാരിക്കൂ. അതില്‍ ഗൗരവമുള്ള വിഷയങ്ങളോ ലഘുവായ കാര്യങ്ങളോ കടന്നുവരാം. അവിടെ ഒരാള്‍ മാത്രം സംസാരിക്കുകയോ മറ്റേയാള്‍ ശ്രോതാവായി മാറുകയോ അരുത്..സംഭാഷണം വെറും ബ്ലാ ബ്ലാ ബ്ലായുമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇങ്ങനെ സംഭാഷണം തുടങ്ങുന്നതിന് മുമ്പ് മറ്റ് ചിലകാര്യങ്ങള്‍ കൂടി ഓര്‍മ്മയിലുണ്ടാവണം.
ആദ്യം ശ്രവണം..പിന്നെ സംസാരം
പരസ്പരം മനസ്സിലാക്കുക, പങ്കാളിയെ വിധിക്കരുത്. സാമാന്യവല്‍ക്കരണവും താരതമ്യപ്പെടുത്തലും വേണ്ടേ വേണ്ട.. ഉദാഹരണത്തിന്, നീ എപ്പോഴും അങ്ങനെയാ.. നീയൊരിക്കലും ശരിയാവില്ല. ഈ മട്ടിലുള്ള വര്‍ത്തമാനങ്ങള്‍. തര്‍ക്കങ്ങളോ വിയോജിപ്പുകളോ ഉണ്ടാവുകയാണെങ്കില്‍ അനുരഞ്ജനപ്പെടാതെയോ മാപ്പുചോദിക്കാതെ കിടന്നുറങ്ങരുത്.
3 . മൂന്ന് മിനിറ്റ് നേരം പ്രാര്‍ത്ഥന
നിങ്ങള്‍ ഏതു മതത്തിലും ദൈവത്തിലും വിശ്വസിക്കുന്ന ആളുമായിക്കൊള്ളട്ടെ. എത്ര ക്ഷീണവുമുണ്ടായിക്കൊള്ളട്ടെ കിടക്കുന്നതിന് മുമ്പ് പങ്കാളിയുമൊത്ത് മൂന്നു മിനിറ്റ് നേരം പ്രാര്‍ത്ഥിക്കുക. നിങ്ങളുടെ മതഗ്രന്ഥം എടുത്തു വായിക്കുക. ദൈവവിശ്വാസം ദാമ്പത്യബന്ധത്തിന്‍റെ വിജയത്തിനും അത്യാവശ്യമാണ്.