അഹങ്കാരിയായ ഐശ്വര്യയ്ക്കൊപ്പം ആരാധ്യ; വിവാദ പരാമർശത്തിന് അഭിഷേകിന്റെ മറുപടി

കുടുംബത്തിലുള്ളവരെ പറഞ്ഞാൽ ആർക്കായാലും ദേഷ്യം വരും. അതിപ്പോൾ അഭിഷേക് ബച്ചനായാലും. പ്രിയപ്പെട്ട ഭാര്യയെക്കുറിച്ചും കൺമണിയായ മകളെക്കുറിച്ചും മോശമായ പരാമർശങ്ങൾ നടത്തിയ ആൾക്കെതിരെയാണ് അഭിഷേക് രൂക്ഷമായി പ്രതികരിച്ചത്. പൊതുച്ചടങ്ങുകളിലും പാർട്ടികളിലും എപ്പോഴും ഐശ്വര്യയോടൊപ്പം ആരാധ്യയുമുണ്ടാവാറുണ്ട്. ഇതിനെച്ചോദ്യം ചെയ്തുകൊണ്ടാണ് ഒരു സ്ത്രീ അഭിഷേകിനെ അവഹേളിക്കുന്ന രീതിയിൽ സംസാരിച്ചത്.

അഹങ്കാരിയായ അമ്മയ്ക്കൊപ്പമാണല്ലോ നിങ്ങളുടെ മകളെന്നും അവൾക്ക് സ്കൂളിലൊന്നും പോവണ്ടേയെന്നും. ഏതു സ്കൂളാണ് ഇങ്ങനെ അമ്മയ്ക്കൊപ്പം കറങ്ങി നടക്കാൻ അവൾക്കിഷ്ടം പോലെ അവധകൊടുക്കുന്നതെന്നുമൊക്കെയായിരുന്നു അവരുടെ സംശയം. എന്തുകൊണ്ടാണ് സാധാരണ കുട്ടികളുടേതുപോലെ ഒരു ബാല്യകാല്യം നിങ്ങൾ അവൾക്കു നൽകുന്നില്ല എന്നും അവർ ചോദിച്ചു. നിങ്ങൾ ബുദ്ധിയേക്കാൾ സൗന്ദര്യത്തിന് പ്രാധാന്യം നൽകുന്നതെന്തിനാണെന്നും അവർചോദിച്ചു. ട്വിറ്ററിലൂടെയാണ് അവർ അഭിഷേകിനെ ചോദ്യം ചെയ്തത്.

സാധാരണ ഗതിയിൽ അപവാദപ്രചരണങ്ങളോടോ വിവാദ പരാമർശങ്ങളോടോ അഭിഷേക് പ്രതികരിക്കാറില്ല. എന്നാൽ വിവാദത്തിലേക്ക് മകളുടെ പേരുവലിച്ചിട്ടതും ഭാര്യയെ അഹങ്കാരിയെന്നു വിശേഷിപ്പിച്ചതും അഭിഷേകിനെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. മാഡം എന്ന് അഭിസംബോധന ചെയ്തുകൊണ്ട് അഭിഷേക് പറഞ്ഞതിങ്ങനെ. ''സാധാരണയായി ആഴ്ചയുടെ അവസാനം സ്കൂളുകൾക്ക് അവധിയാണ്. അവധി ദിനങ്ങളിലാണ് അവൾ യാത്ര പോകുന്നതും. നിങ്ങളുടെ ട്വീറ്റ് ഒന്നുകൂടി പരിശോധിക്കുന്നത് നന്നായിരിക്കുമെന്നും'' അദ്ദേഹം ട്വീറ്റ് ചെയ്തു.

അഭിഷേകിന്റെ മറുപടി കേട്ടിട്ടും പിന്മാറാൻ അവർ തയാറായില്ല. ഇങ്ങനത്തെ കാര്യങ്ങൾ തുറന്നു പറയാൻ പലർക്കും മടിയുണ്ടാവുമെന്നും മകൾ അമ്മയുടെ കൈയിൽത്തൂങ്ങി നടക്കുന്നതിന്റെ ചിത്രങ്ങൾക്കു പകരം അവളുടെ സാധാരണ ചിത്രങ്ങൾ പങ്കുവയ്ക്കണമെന്നും താൻ വിദേശത്തായതിനാൽ ഇന്ത്യയിലെ സ്കൂളുകളിലെ രീതി അറിയില്ലെന്നും. എങ്കിലും മിക്ക സ്കൂളുകളിലും ശനിയാഴ്ചകളിലും ക്ലാസ് നടക്കാറുണ്ടെന്നും അഭിഷേകിന്റെ ട്വീറ്റിന് അവർ മറുപടി നൽകി.