വീട്ടിലിരുന്ന് ഇഷ്ടപ്പെട്ട ജോലിചെയ്ത് പണമുണ്ടാക്കണമെന്ന് മുതിർന്നവർ ആഗ്രഹിക്കാറുണ്ട്. ഒരിക്കലും നടക്കാത്ത സ്വപ്നം എന്നുപറഞ്ഞ് ആ ചിന്തയെ നാലായി മടക്കി പോക്കറ്റിലിട്ടു നടക്കുന്നവർ ഈ പയ്യന്റെ കഥയറിയണം.
ആറു വയസ്സേയുള്ളൂ കക്ഷിക്ക്. പേര് റയാൻ. മാജിക്കൊന്നും കാട്ടിയല്ല ഈ കുരുന്ന് പണമുണ്ടാക്കുന്നത് യുട്യൂബിൽ കളിപ്പാട്ടങ്ങളുടെ റിവ്യൂ അപ്‌ലോഡ് ചെയ്തുകൊണ്ടാണ്. എല്ലാക്കുട്ടികളെയും പോലെ കളിപ്പാട്ടങ്ങളോടിഷ്ടമുണ്ടെങ്കിലും റയാന് മറ്റൊരിഷ്ടം കൂടിയുണ്ടായിരുന്നു.കളിപ്പാട്ടങ്ങളുടെ റിവ്യൂ കാണുക. അങ്ങനെ കണ്ടു കണ്ട് റയാന്റെ മനസ്സിലും ഒരു തോന്നൽ എന്തുകൊണ്ട് തനിക്കും കളിപ്പാട്ടങ്ങളെ റിവ്യൂ ചെയ്തുകൂട.
അച്ഛനോടും അമ്മയോടും ഇക്കാര്യം പറഞ്ഞപ്പോൾ അവർ പൂർണ്ണ പിന്തുണ നൽകി. അങ്ങനെയാണ് 2015 ൽ റയാനും കളിപ്പാട്ടങ്ങളുടെ റിവ്യൂ യുട്യൂബിൽ അപ്‌ലോഡ് ചെയ്തു തുടങ്ങിയത്. റയാൻസ് ടോയ് റിവ്യൂ എന്ന പേരിൽത്തുടങ്ങിയ യുട്യൂബ് ചാനലിന് നല്ല സ്വീകാര്യതയാണ് ലഭിച്ചത്. ജോലിയിൽ റയാനെ മാതാപിതാക്കളും സഹായിക്കുന്നുണ്ട്. വിഡിയോയുെട ചിത്രീകരണവും എഡിറ്റിങ്ങുമൊക്കെ ചെയ്യുന്നത് റയാനാണ്.
പ്രതിവർഷം 70 കോടി രൂപവരെ ഇതിലൂടെ വരുമാനം ലഭിക്കുന്നുണ്ട്. റയാന്റെ റിവ്യൂസ് പ്രശസ്തമായതോടെ ഒട്ടേറെ പ്രമുഖ കളിപ്പാട്ടകമ്പനികൾ തങ്ങളുടെ പുതിയ കളിപ്പാട്ടങ്ങൾ റിവ്യൂ ചെയ്യാൻ റയാനെ ഏൽപ്പിക്കുന്നുണ്ട്. ഫോബ്സ് മാസികയുടെ കണക്കനുസരിച്ച് യുട്യൂബിലൂടെ ഏറ്റവും കൂടുതൽ പണമുണ്ടാക്കുന്നവരുടെ പട്ടികയിൽ എട്ടാം സ്ഥാനമാണ് ഈ കുട്ടിക്കുള്ളത്.