മകന്റെ ജീവനെടുത്ത പൊലീസ് ഉദ്യോഗസ്ഥനോട് ആ അമ്മ പറഞ്ഞത്

പ്രതീകാത്മക ചിത്രം.

ഒരമ്മയ്ക്ക് അതിന് കഴിയുമോ? സ്വന്തം മകന്റെ ജീവനെടുത്തവനോട് നിരുപാധികം ക്ഷമിക്കാന്‍. അവന്റെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍. ലോകത്ത് അപൂർവം ചില സംഭവങ്ങള്‍ അങ്ങനെയും നടന്നിട്ടുണ്ട്. ആ അപൂര്‍വതയിലേക്കാണ് ജൂഡി സ്‌കോട്ട് എന്ന കറുത്തവര്‍ഗ്ഗക്കാരിയുടെ പേരു ചേര്‍ക്കപ്പെട്ടിരിക്കുന്നത്. 

വംശവെറിയുടെ പേരില്‍ മുന്‍ പൊലീസ് ഓഫീസറും വെള്ളക്കാരനുമായ മൈക്കല്‍ സ്ലാഗര്‍ വെടിവച്ചുകൊന്ന വാള്‍ട്ടര്‍ സ്‌കോട്ടിന്റെ അമ്മയാണ് ജുഡി. കഴിഞ്ഞ ദിവസമാണ് മൈക്കലിനെ കോടതി  ഇരുപതുവര്‍ഷത്തെ ജയില്‍വാസത്തിന് വിധിച്ചുകൊണ്ട് നീതി നടപ്പിലാക്കിയത്. കോടതി വിധി എന്തുമായിക്കൊള്ളട്ടെ ജൂഡിക്ക് മൈക്കലിനോട്  പറയാന്‍ ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഞാന്‍ നിന്നോട് ക്ഷമിച്ചിരിക്കുന്നു. നിനക്ക് മാനസാന്തരം ഉണ്ടാകുവാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. 2015 ല്‍ സൗത്ത് കാരലൈനയിൽ വച്ചായിരുന്നു സ്കോട്ട് കൊല്ലപ്പെട്ടത്. എട്ടു തവണയാണ് മൈക്കല്‍ നിറയൊഴിച്ചത്.  മൊബൈല്‍ ക്യാമറയില്‍ ദൃക്‌സാക്ഷി പകര്‍ത്തിയ രംഗങ്ങളാണ്  പിന്നീട് മൈക്കലിന് ജയില്‍ശിക്ഷ നേടിക്കൊടുത്തത്.  

തന്നോട് ക്ഷമിച്ചിരിക്കുന്നതായി ജൂഡി പറഞ്ഞതുകേട്ടപ്പോള്‍ മൈക്കലിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. പിന്നെ അയാള്‍ക്ക് ഒന്നു മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. അയാം സോറി.

അല്ലെങ്കില്‍ അതല്ലാതെ അയാള്‍ മറ്റെന്ത് പറയാന്‍? ഇനി അയാളെന്തുപറഞ്ഞാലും ജൂഡിക്ക് മകനെ തിരിച്ചുകിട്ടുമോ? എന്നിട്ടും എല്ലാ നഷ്ടങ്ങളോടു ചേര്‍ന്നു നിന്നും മകന്റെ ജീവനെടുത്തവനോട് ക്ഷമിക്കാന്‍ ആ അമ്മ തയ്യാറായിരിക്കുന്നു. 

അമ്മമാര്‍ എന്നും അത്ഭുതങ്ങളാണ്. എന്നാല്‍ ഇത്തരം ചില അമ്മമാര്‍ എല്ലാ അത്ഭുതങ്ങളെയും അതിശയിപ്പിക്കുന്നു.