പൊടിക്കുഞ്ഞുങ്ങളെക്കൊണ്ട് യാത്ര ചെയ്യുന്നവർക്ക് ഒരു ഉത്തമ മാതൃക കാണിച്ചു കൊടുത്തുകൊണ്ടാണ് അമേരിക്കൻ നടനും സംവിധായകനും നിർമ്മാതാവുമായ ജോർജ്ജ് ക്ലൂണിയും ഭാര്യ അമാലും കൈയ്യടിനേടിയത്. ആറുമാസം പ്രായമായ ഇരട്ടക്കുഞ്ഞുങ്ങൾക്കൊപ്പം യാത്രചെയ്യുമ്പോഴാണ് സഹയാത്രികർക്ക് ക്ലൂണിയുടെ അപ്രതീക്ഷിത സമ്മാനം.
സഹയാത്രികരുടെ മുൻവിധിയോടെയുള്ള പെരുമാറ്റത്തേയും തുറിച്ചു നോട്ടത്തെയും ഒഴിവാക്കാൻ ക്ലൂണിയും ഭാര്യയും സ്വീകരിച്ചത് വളരെ വ്യത്യസ്തമായ ആശയമാണ്. യാത്രക്കിടയിലെങ്ങാനും കുഞ്ഞുങ്ങൾ കരഞ്ഞു നിലവിളിച്ചാൽ അത് സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനായിരുന്നു ക്ലൂണിയുടെയും ഭാര്യയുടെയും മുൻകരുതൽ.
'' ഞങ്ങളുടെ കുഞ്ഞുങ്ങൾ നിലവിളി ശബ്ദം ഇപ്പോൾ കണ്ടുപിടിച്ചതേയുള്ളൂ ദയവായി ഈ നോയിസ് ക്യാൻസലിങ് ഹെഡ്ഫോൺ പ്രയോജനപ്പെടുത്തി നിങ്ങളുടെ യാത്ര ശാന്തമാക്കൂ'' എന്ന കുറിപ്പോടുകൂടിയാണ് ഹെഡ്ഫോൺ സഹയാത്രികർക്ക് വിതരണം ചെയ്തത്. ക്ലൂണിയുടെയും ഭാര്യയുടെയും സ്വന്തം കൈപ്പടയിലുള്ള കുറിപ്പായിരുന്നു വോയിസ് ക്യാൻസലിങ് ഹെഡ്ഫോണിനൊപ്പം അവർ വിതരണം ചെയ്തത്.
സഹയാത്രികരെക്കുറിച്ച് ഇത്രത്തോളം കരുതലെടുത്ത ക്ലൂണിക്കും ഭാര്യയ്ക്കും അഭിനന്ദനപ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ വർഷം ജൂണിലാണ് 56 വയസ്സുകാരനായ ക്ലൂണിക്കും 39 വയസ്സുകാരിയായ ഭാര്യയ്ക്കും ഇരട്ടകളായ എല്ലയുംഅലക്സാണ്ടറും പിറന്നത്.
ക്ലൂണിയുടെ സമ്മാനത്തിനു നന്ദിയുണ്ടെന്നും കുഞ്ഞുങ്ങൾ ചെറിയ ശബ്ദംപോലുമുണ്ടാക്കി സഹയാത്രികരെ ബുദ്ധിമുട്ടിച്ചില്ലെന്നും അവർ പറയുന്നു. മറ്റുള്ളവരെക്കുറിച്ചു കൂടി പരിഗണിക്കുന്ന ക്ലൂണിയുടെ ചിന്തയെ അഭിനന്ദിക്കണമെന്നും ആ നിലപാടിനോട് ബഹുമാനം തോന്നുന്നുവെന്നും ചിലർ പ്രതികരിച്ചു. പിള്ളാരായാൽ കരയും അതിനു ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടുന്നതെന്തിനാണെന്നായിരുന്നു ചിലരുടെ ചോദ്യം. എന്നാൽ ക്ലൂണി ചെയ്ത ഒരു നല്ല കാര്യത്തെ ഇങ്ങനെ വിമർശിക്കരുത് എന്നായിരുന്നു ഭൂരിപക്ഷം പേരുടെയും അഭിപ്രായം.