ഈ നാലുചോദ്യങ്ങൾക്ക് മറുപടി പറയൂ; വിവാഹമോചനത്തിനെത്തുന്നവരോട് അഭിഭാഷകൻ പറയും

പ്രതീകാത്മകചിത്രം.

റാഫേല്‍ ഗോണ്‍സാല്‍വസ് ബ്രസീലിലെ പ്രമുഖനായ  ഒരു അഭിഭാഷകനാണ്. വിവാഹമോചനവിഷയത്തിലാണ് അദ്ദേഹം  സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്നത്. എന്നാല്‍ വിചാരിക്കുന്നതുപോലെ അദ്ദേഹം ദമ്പതികളെ വേര്‍പിരിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന വ്യക്തിയൊന്നുമല്ല. പരമാവധി ദമ്പതികളെ കൂട്ടിയോജിപ്പിക്കാനും  മുന്നോട്ടു കൊണ്ടുപോകാനുമാണ് അദ്ദേഹം ശ്രമിക്കുന്നത്.

എന്നിട്ടും ചിലതൊക്കെ അതില്‍ പരാജയപ്പെട്ടുപോകും. അല്ലെങ്കില്‍ അവയ്‌ക്കൊക്കെ തക്കതായ കാരണങ്ങളുമുണ്ടാകും. എന്തായാലും വിവാഹമോചനവുമായി ബന്ധപ്പെട്ട് തന്നെ കാണാന്‍വരുന്നവരോടെല്ലാം അദ്ദേഹം നാലു ചോദ്യങ്ങള്‍ ചോദിക്കുമത്രെ. ഈ ചോദ്യങ്ങള്‍ക്ക് അവര്‍ നല്കുന്ന മറുപടി അനുസരിച്ചായിരിക്കും തുടര്‍നടപടികള്‍.

റാഫേല്‍ ദമ്പതികളോട് ചോദിക്കുന്ന ചോദ്യങ്ങള്‍ ഇവയാണ്

1 എന്റെ കുടുംബജീവിതത്തെ രക്ഷിക്കാന്‍ എനിക്കാകാവുന്നത് മുഴുവന്‍ ചെയ്യാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടോ?

2  വിവാഹമോചനം ഏറ്റവും മികച്ച പരിഹാരമാര്‍ഗ്ഗമായി തോന്നുന്നുണ്ടോ?

3  എന്നെ ഏറ്റവും അധികം സ്വാധീനിക്കുന്ന വ്യക്തിയാരാണ്?

4 ജീവിതത്തില്‍ ഇതിനകം ഉണ്ടായ ബുദ്ധിമുട്ടുകളെ നിങ്ങള്‍ എത്രതവണ ഒരുമിച്ചു നേരിട്ടിട്ടുണ്ട്? അല്ലെങ്കില്‍ എങ്ങനെയാണ് അവയെ അഭിമുഖീകരിച്ചത്.

ഈ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായും ആത്മാര്‍ത്ഥമായും മറുപടി പറയാന്‍ ഒരു ദിവസത്തെ സാവകാശം നല്കും. അടുത്ത ദിവസം അവരില്‍ ചിലര്‍ അതിനുള്ള വ്യക്തമായ മറുപടി കണ്ടെത്തിയിട്ടുണ്ടാവും. അവര്‍ ജീവിതത്തില്‍ രണ്ടാം ചാന്‍സ് ചോദിക്കുന്നവരാണ്. അവരെ സന്തോഷപൂര്‍വ്വം റാഫേല്‍ മടക്കി അയ്ക്കും.

പ്രതീകാത്മകചിത്രം.

എനിക്ക് ചിലപ്പോള്‍ നഷ്ടമാകുന്നത് ഒരു കക്ഷിയെയായിരിക്കും. പക്ഷേ ഞാന്‍ അവിടെ നേടുന്നത് ഒരു സുഹൃത്തിനെയാണ്. അതോടൊപ്പം ഒരു ദാമ്പത്യബന്ധം തകരാതെ കാത്തതിന്റെ സന്തോഷവും ഞാന്‍ അനുഭവിക്കുന്നു. റാഫേല്‍ പറയുന്നു. 

കുടുംബജീവിതത്തിലെ പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കാനും അവയ്ക്കുള്ള മറുപടിക്കുമായി റാഫേല്‍ ആരംഭിച്ച ഫേസ്ബുക്ക് പേജിന് 330,000 ലൈക്കാണ് കിട്ടിയത്. പ്രശ്‌നങ്ങളെ അതിജീവിക്കാനും നേരിടാനുമുള്ള റാഫേലിന്റെ നിര്‍ദ്ദേശങ്ങള്‍ ഇവിടെ ലഭ്യമാണ്.

പ്രതീകാത്മകചിത്രം.

വിവാഹമോചനത്തിനായി വരുന്ന ദമ്പതികള്‍ പലപ്പോഴും ആശങ്കയിലാണ്. അത് വേണോ വേണ്ടയോ എന്ന് ഉറപ്പിക്കാന്‍ പോലും അവര്‍ക്ക് പലപ്പോഴും സാധിക്കാറില്ല. പലപ്പോഴും വൈകാരികമായിട്ടായിരിക്കും അങ്ങനെയൊരു തീരുമാനം അവരെടുക്കുന്നത്. ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് നല്ലരീതിയില്‍ നാനാവിധത്തില്‍ അതേക്കുറിച്ച് ആലോചിക്കുക..അതിന് ശേഷം മാത്രം തീരുമാനമെടുക്കുക. റാഫേല്‍ പറയുന്നു. ഇത്തരക്കാര്‍ക്കാണ് റാഫേലിന്റെ നാലു ചോദ്യങ്ങള്‍ ഏറെ സഹായകമാകുന്നത്.