എനിക്ക് അവളെ പിരിഞ്ഞ് ഒരു നിമിഷം പോലും ജീവിക്കാനാവില്ല. അവളില്ലാത്ത ഈ ലോകത്ത് എനിക്ക് ജീവിച്ചിരിക്കാനുമാവില്ല. ഭാര്യയുടെ മരണക്കിടയ്ക്ക് സമീപം വിങ്ങിപ്പൊട്ടിക്കരയുന്ന ആ ഭര്‍ത്താവിന്റെ വാക്കുകള്‍ ആരുടെയും കണ്ണ് നിറയ്ക്കുന്നതായിരുന്നു.
വെറും സാധാരണക്കാരനായ ഒരു ഭര്‍ത്താവോ ദാമ്പത്യമോ ആയിരുന്നില്ല അവരുടേത് എന്നറിയുമ്പോഴാണ് ആ വാക്കുകളിലെ പ്രണയ സമുദ്രം കടല്‍ത്തിര പോലെ നമ്മെ വന്നു തൊടുന്നത്. 88 കാരനായ ഭര്‍ത്താവിന്റേതായിരുന്നു ആ വാക്കുകള്‍. അദ്ദേഹമാകട്ടെ വാട്ടര്‍വിലിറ്റിലെ സെന്റ് ബേസില്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ മുഖ്യപുരോഹിതനാണ്. പേര് റവ. അല്‍വിയാന്‍ സ്മിറെന്‍സ്‌ക്കി. ഭാര്യ 84 കാരിയായ ഹെലന്‍.
പ്രണയം കൊണ്ടെഴുതിയ കവിതയായിരുന്നു ആ ദാമ്പത്യം. നീണ്ട 59 വര്‍ഷങ്ങളാണ് പരസ്പരാനുരാഗത്താല്‍ ബദ്ധിതരായി ഒരുവാക്കു കൊണ്ടുപോലും മുറിപ്പെടുത്താതെ അവര്‍ ജീവിച്ചത്. അതിനിടയില്‍ അവര്‍ക്ക് മൂന്നുമക്കളും മൂന്ന് കൊച്ചുമക്കളുമുണ്ടായി.
ഹെലനെ ഒരു സര്‍ജറിക്ക് വേണ്ടിയാണ് ആശുപത്രിയില്‍ കഴിഞ്ഞ ആഴ്ച അഡ്മിറ്റ് ചെയ്തത്. പക്ഷേ ഓപ്പറേഷന്‍ വിജയകരമായിരുന്നില്ല. മരണം നനുത്ത കാലടികളോടെ ഭാര്യയുടെ അടുക്കലേക്ക് വരുന്നത് റവ. അല്‍വിയാന്‍ കാണുന്നുണ്ടായിരുന്നു. ഭാര്യക്ക് അന്ത്യകൂദാശകള്‍ നൽകുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞൊഴുകുകയും പ്രാര്‍ത്ഥനകള്‍ ഇടറുകയും ചെയ്യുന്നുണ്ടായിരുന്നു. അധികം വൈകാതെ ഹെലന്‍ അവള്‍ക്കായി ഒരുക്കിവച്ചിരിക്കുന്ന നിത്യതയുടെ കീരിടം തേടി യാത്രയായി.
അപ്പോഴാണ് മരുമകനോടായി റവ. അല്‍വിയാന്‍ ഹൃദയം പൊടിഞ്ഞ് ഇപ്രകാരം പറഞ്ഞത്. അവളെക്കൂടാതെ എനിക്ക് ഈ ലോകത്തില്‍ ജീവിക്കാനാവില്ല. അവളെ പിരിഞ്ഞ് എനിക്ക് ഒരു നിമിഷം കഴിയാനുമാവില്ല. ആ വാക്കുകളിലെ സ്‌നേഹവും ആ ഹൃദയത്തിലെ പ്രണയവും സത്യസന്ധമാണെന്ന് തെളിയിച്ചുകൊണ്ട് ഹെലന്‍ മരിച്ച് മൂന്നുമണിക്കൂറുകള്‍ക്ക് ശേഷം റവ. അല്‍വിയാനും മരണമടഞ്ഞു. അല്‍ബാനി മെഡിക്കല്‍ സെന്റര്‍ ഹോസ്പിറ്റലില്‍ പ്രഭാതത്തിലായിരുന്നു ഇരുവരുടെയും മരണം. ഹൃദയസ്തംഭനമായിരുന്നു അല്‍വിയാന്റെ മരണകാരണം.
ഇത്ര തീവ്രമായി പ്രണയിക്കുന്ന ദമ്പതികള്‍ അപൂർവമാണ്. വളരെ നല്ല വ്യക്തികളായിരുന്നു അവര്‍. അച്ചനെയും ഭാര്യയെയും കുറിച്ച് ഇടവകക്കാര്‍ പറയുന്നു 1929 ല്‍ ചൈനയിലായിരുന്നു അല്‍വിയാന്റെ ജനനം പത്തുവയസായപ്പോള്‍ അമ്മയ്‌ക്കൊപ്പം സാന്‍ഫ്രാന്‍സിസ്‌ക്കോയിലേക്ക് കുടിയേറി. 1933 ല്‍ ചെക്യോസ്ലാവാക്യയിലായിരുന്നു ഹെലന്റെ ജനനം. 1949 ലാണ് അവളുടെ കുടുംബം അമേരിക്കയിലേക്ക് ചേക്കേറിയത്. ന്യൂയോര്‍ക്ക്‌സിറ്റിയില്‍ വച്ചായിരുന്നു ഇരുവരുടെയും ആദ്യകണ്ടുമുട്ടല്‍. അന്ന് ഹെലന്‍ ബെര്‍നാര്‍ഡ് കൊളേജില്‍ പഠിക്കുകയായിരുന്നു. അല്‍വിയാന്‍ തിയോളജിക്കല്‍ സെമിനാരിയിലും. ആ കണ്ടുമുട്ടലാണ് പ്രണയവും വിവാഹവുമായി പരിണമിച്ചത്.
പ്രണയത്തിന്റെ മധുരോദാരമായ വീഞ്ഞ് പരസ്പരം ഹൃദയത്തില്‍ സൂക്ഷിക്കുന്നവരെ മരണത്തിന് പോലും വേര്‍പിരിക്കാനാവില്ല. പ്രേമം മരണത്തെക്കാള്‍ ശക്തമെന്ന് പറയുന്നത് വെറുതെയല്ലന്നാണ് ഈ തീവ്രാനുരാഗത്തിന്റെ കഥയറിഞ്ഞ പലരുടെയും പ്രതികരണം.