എക്സ്ട്രാമാരിറ്റൽ അഫയർ എന്നത് ഒരു ക്രെഡിറ്റ് ആയി കൊണ്ടു നടക്കുന്ന ഭർത്താക്കന്മാർ തീർച്ചയായും ഈ ഹ്രസ്വചിത്രം കാണണം. അവഗണിച്ചോ ഒച്ചയുയർത്തിയോ ഭാര്യമാരെ ഒതുക്കിയാൽ ആരുമറിയാതെ തങ്ങളുടെ കാര്യങ്ങൾ നടന്നുപോകുമെന്ന മിഥ്യാധാരണയുമായി നടക്കുന്ന പുരുഷന്മാരുടെ നിറുകയിൽ കിട്ടുന്ന ഇരുട്ടടിയാണ് ഈ ചിത്രം. കുട്ടികളെയോർത്തും കുടുംബഭദ്രതയ്ക്കുവേണ്ടിയും പലതും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുന്ന പാവം ഭാര്യമാർ കൂടി ഈ ഹ്രസ്വചിത്രം കാണണം.
കുടുംബകലഹമോ ചെളിവാരിയെറിയലോ ഇല്ലാതെ പുറത്തൊരു മനുഷ്യക്കുഞ്ഞുപോലുമറിയാതെയാണ് ഇവിടെ സ്മാർട്ടായ ഒരു ഭാര്യ ഭർത്താവിന്റെ കള്ളത്തരം കൈയോടെ പിടികൂടിയത്. വിശ്വസിച്ച് ഒപ്പം കഴിയുന്ന ഭാര്യയെ കണ്ടില്ലെന്നു നടിച്ച് രഹസ്യസമാഗമങ്ങൾ കൊതിച്ചു പോകുന്ന ഭർത്താക്കന്മാർക്കെല്ലാമുള്ള ചുട്ട മറുപടിയാണ് ഈ വിഡിയോ.
ദാമ്പത്യത്തിൽ സത്യസന്ധത പുലർത്താൻ കഴിയാത്തവർ നൈമിഷിക സുഖത്തിനുവേണ്ടി മറ്റുബന്ധങ്ങൾ തേടിപ്പോകുമ്പോൾ അവിടെ അവരെകാത്തിരിക്കുന്നത് മറ്റൊരു വിശ്വാസവഞ്ചനയാണെന്നു പറയാതെ പറയുകയാണ് ഈ ചിത്രം. വൻകൈയടിയോടെയാണ് സമൂഹമാധ്യമങ്ങളിൽ ഈ ഹ്രസ്വചിത്രം സ്വീകരിക്കപ്പെട്ടത്. മൻസി ജെയ്ൻ സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിൽ ടിസ്ക ചോപ്ര, അനുരാഗ് കശ്യപ്, സുവ്‌രീൻ ചൗള എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാതെ ഭർത്താവ് ചുറ്റിക്കളിയുമായി നടക്കുമ്പോൾ അതിന്റെ പേരിൽ കുഞ്ഞുങ്ങൾ പോലും കുറ്റപ്പെടുത്തുന്നത് ഭാര്യയെയാണ്. തങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കാതെ നടക്കുന്ന അച്ഛനോട് തീർത്താൽ തീരാത്ത രോഷമുണ്ടെങ്കിലും ആ രോഷം തീർക്കുന്നത് അമ്മയുടെ നേർക്കാണ്. അപ്പോഴൊക്കെയും തീർത്തും മൗനമായി ശാന്തമായാണ് അമ്മ പ്രതികരിക്കുന്നത്.
വീട്ടിൽ നിന്ന് ഓഫീസിലേയ്ക്കെന്ന നുണ പറഞ്ഞിറങ്ങിയ ഭർത്താവ് എവിടേക്കാണ് പോയതെന്ന കൃത്യമായ ധാരണ ഭാര്യയ്ക്കുണ്ടായിരുന്നു. ഭർത്താവിനെയും പരസ്ത്രീയെയും എങ്ങനെ നേരിടണം എന്ന വ്യക്തമായ പ്ലാനോടെയാണ് അവർ അങ്ങോട്ടു യാത്ര തിരിച്ചതും. ഭർത്താവിന്റെ കള്ളത്തരം കൈയോടെ പിടിക്കുമ്പോഴും അവർ ഒരിക്കലും പൊട്ടിത്തെറിക്കുന്നില്ല.
ഹൃദയം കൊണ്ടല്ല ബുദ്ധികൊണ്ടാണ് അവർ ആ സാഹചര്യത്തെ നേരിട്ടത്. വല്ലാതെ പ്രകോപിതയാകാവുന്ന നിമിഷങ്ങളുണ്ടായിട്ടുപോലും മനസ്സുകൈവിടാതെ വളരെ ധീരയായി അവർ പ്രവർത്തിച്ചു. ശേഷം കടിച്ചപാമ്പിനെക്കൊണ്ടു തന്നെ വിഷമിറക്കിച്ചതുപോലെ കുടുംബത്തിന്റെ സന്തോഷം നശിപ്പിക്കാനായി ബന്ധങ്ങൾക്കിടയിലേക്ക് അനുവാദം ചോദിക്കാതെ വന്നവളെക്കൊണ്ടു തന്നെ അവർ ആ പ്രശ്നത്തിന്റെ കുരുക്കഴിച്ചു. ശേഷം ഒരു പുഞ്ചിരിയോടെ വിജയിയായി വീട്ടിലേക്കു മടങ്ങി.
ഒരു പ്രശ്നം വരുമ്പോൾ കരഞ്ഞു നിലവിളിച്ച് വിധിയെപ്പഴിച്ചു കാലം കഴിക്കുന്നവരല്ല സ്ത്രീകളെന്നും ആത്മാർഥമായി സ്നേഹിച്ചയാൾക്ക് തെറ്റുപറ്റിയാൽ ആ തെറ്റിന്റെ ആഴം അയാളെ അറിയിച്ച ശേഷം ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാൻ ഏതറ്റംവരേയും പോകുന്നവരാണ് അവരെന്നും ഈ വിഡിയോ പറയാതെ പറയുന്നുണ്ട്.