വിവാഹത്തിനു മുമ്പുള്ള ലൈംഗിക ബന്ധം തെറ്റാണോ?; ഈ അമ്മയ്ക്കും ചിലതു പറയാനുണ്ട്

ചിത്രത്തിന് കടപ്പാട്; ഫെയ്സ്ബുക്ക്.

ലൈംഗികതയെക്കുറിച്ചും രതിമൂർഛയെക്കുറിച്ചുമൊക്കെ സ്വന്തം പെൺമക്കളോട് തുറന്നു പറയാൻ എത്ര അമ്മമാർ തയാറാവും. ആൺകുട്ടികളായാലും പെൺകുട്ടികളായാലും ഇവയെക്കുറിച്ചൊക്കെ ഒരു പ്രായമാകുമ്പോൾ കുട്ടികൾ തനിയെ പഠിച്ചോളും എന്ന ധാരണയിലാണ് ഭൂരിപക്ഷം അച്ഛനമ്മമാരും മക്കളെ വളർത്തുന്നത്. വിവാഹം വരെ ആളുകളെക്കൊണ്ടു മോശം പറയിപ്പിക്കാതെ നല്ലകുട്ടികളായി വരളമെന്ന് അവർ നിർബന്ധം പിടിക്കും.

അങ്ങനെ ശാഠ്യക്കാരായ അച്ഛനമ്മമാരോട് പലപ്പോഴും തങ്ങളുടെ പ്രശ്നങ്ങൾ തുറന്നു പറയാൻ പോലും മക്കൾ തയാറാവില്ല. കടുത്ത നിരാശയും വിഷാദരോഗവും ആത്മഹത്യാപ്രവണതയുമൊക്കെയായി അങ്ങനെ മക്കളുടെ ജീവിതം നരകതുല്യമാവുകയും ചെയ്യും. ഇതിൽ നിന്നും വ്യത്യസ്തമായ ഒരു അമ്മയെയാണ്  ദ് ഗുഡ്ഗേൾ എന്ന ഹ്രസ്വചിത്രത്തിൽ കാണാൻ കഴിയുക.

പ്രായത്തിന്റെ എടുത്തുചാട്ടംകൊണ്ട് ഒരമ്മയ്ക്കും പൊറുക്കാനാവാത്ത തെറ്റ് മകൾ ചെയ്തിട്ടും ആപ്രതിസന്ധി ഘട്ടത്തിൽ അവളെ ഒറ്റയ്ക്കു വിടാതെ ആ അമ്മ കൂടെ നിന്നു. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും വിവാഹത്തിനു മുമ്പുള്ള ലൈംഗികതയെക്കുറിച്ചുമൊക്കെ അമ്മയും മകളും ചർച്ച ചെയ്യുന്ന ഈ ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

യാതൊരു മുൻകരുതലുമില്ലാതെ ആൺസുഹൃത്തുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട പെൺകുട്ടി താൻ ഗർഭിണിയാണോ എന്നു സംശയിക്കുന്നിടത്താണ് ഹ്രസ്വചിത്രം ആരംഭിക്കുന്നത്. ഗർഭിണിയാണോ എന്നുറപ്പിക്കുന്നതിനായി പ്രഗ്നൻസി ടെസ്റ്റ് നടത്തുമ്പോൾ അങ്ങോട്ടേക്ക് അമ്മ പെട്ടന്നു കടന്നു വരുകയും മകൾ എല്ലാം ഒളിച്ചുവെയ്ക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ അധികം വൈകാതെ അമ്മ ആ സത്യങ്ങൾ മനസ്സിലാക്കുന്നു. 

അതുവരെ മകളെക്കുറിച്ചുള്ള വലിയ വലിയ സ്വപ്നങ്ങളാണ് ആ അമ്മ പങ്കുവെച്ചത്. മകളെക്കുറിച്ച് ചെറിയ സ്വപ്നങ്ങൾകാണുന്ന അച്ഛനെ കുറ്റപ്പെടുത്തുകുകയും വൈകിട്ട് അച്ഛൻ മകൾക്കുവേണ്ടി നടത്താൻ പോകുന്ന പാർട്ടിയെക്കുറിച്ചു സംസാരിക്കുകയും ചെയ്തിരുന്നു. ഞെട്ടിപ്പിക്കുന്ന സത്യം അറിഞ്ഞപ്പോഴും ആ ആദ്യം പറഞ്ഞത് വൈകിട്ട് അച്ഛൻ വരുമ്പോൾ പാർട്ടി തുടങ്ങുന്നതിനു മുമ്പ് ഈ കാര്യങ്ങൾ അച്ഛനെ അറിയിക്കണമെന്നു മാത്രമാണ്. വിഡിയോയുടെ തുടക്കഭാഗത്ത് ശബ്ദസാന്നിധ്യമായി അച്ഛൻ വന്നുപോകുന്നുണ്ട്. പിന്നീടാണ് അമ്മ മകളോട് വിശദമായി സംസാരിക്കാൻ തയാറാകുന്നത്.

താൻ ചെയ്തുപോയ തെറ്റിന് അമ്മ തന്നെ ശാസിക്കുമെന്നും ശിക്ഷിക്കുമെന്നും വിശ്വസിച്ച മകൾക്ക് അമ്മയുടെ ഭാഗത്തു നിന്നു ലഭിച്ചത് അപ്രതീക്ഷിതമായ പ്രതികരണമായിരുന്നു. തെറ്റ് ഏറ്റു പറഞ്ഞ് ക്ഷമ ചോദിച്ച മകളോട് തെറ്റുകാരി നീയല്ല ഞാനാണ് എന്നാണ് ആ അമ്മ പറഞ്ഞത്. അമ്മയും മകളും തമ്മിലുള്ള സംസാരത്തിനിടയിൽ പലകുറി പെൺകുട്ടിയുടെ ആൺസുഹൃത്ത് ഫോണിൽ സന്ദേശമയക്കുന്നുണ്ട്. അതെല്ലാം കണ്ടിരുന്ന അമ്മ മകളോട് ചില ചോദ്യങ്ങൾ ചോദിക്കുന്നു.

നിങ്ങളിരുവരും മദ്യപിച്ചിരുന്നോ?, അവൻ നിന്നെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നോ എന്നൊക്കെയായിരുന്നു ചോദ്യങ്ങൾ അതിനൊക്കെയും ആ മകളുടെ മറുപടി അല്ല എന്നായിരുന്നു. അമ്മയുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറഞ്ഞ ശേഷം എന്റെ തീരുമാനങ്ങളെല്ലാം തെറ്റിപ്പോയി ഞാനൊരു ഗുഡ്ഗേളല്ല എന്നു പറഞ്ഞ് പൊട്ടിക്കരയുന്ന മകളെ ചേർത്തുപിടിച്ച് ആ അമ്മ ആശ്വസിക്കുന്നു.

ഒരു പെൺകുട്ടിക്ക് സ്വന്തം കാര്യത്തിൽ താരുമാനം എടുക്കാനാകുമെന്ന് നീ പറഞ്ഞപ്പോൾ മാത്രമാണ് ഞാനറിഞ്ഞതെന്നും ഇതുവരെ അതിനുള്ള അവകാശം എനിക്കു ലഭിച്ചിരുന്നില്ലെന്നും ആ അമ്മ പറയുന്നു. ഗുഡ്ഗേളായിരിക്കാൻ നിന്റെ മേൽ ഞാൻ അമിത സമ്മർദ്ദം ചെലുത്തിയതുകൊണ്ടല്ലേ ഇത്തരമൊരു പ്രശ്നം അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ ഇതു തുറന്നു പറയാനാകാതെ നീ ശ്വാസം മുട്ടിയതെന്നും അമ്മ ചോദിക്കുന്നു. സംഭവിച്ചു കഴിഞ്ഞ കാര്യങ്ങളിൽ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും പക്ഷേ ഈ പ്രതിസന്ധിയെ എങ്ങനെ കൈകാര്യം ചെയ്യണം എന്നു താരുമാനിക്കാനുള്ള അവകാശം നമുക്കുണ്ടെന്നും ആ അമ്മ പറയുന്നു.

നീ പ്രായപൂർത്തിയായ ഒരാളാണ്. പക്ഷേ അതിനർഥം നിനക്കിഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്യാനുള്ള അവകാശം നിനക്കുണ്ട് എന്നതല്ല മറിച്ച് നമ്മൾ ചെയ്യുന്ന എല്ലാക്കാര്യങ്ങൾക്കും നമ്മൾ ഉത്തരവാദികളാണ് എന്നതാണ്. അമ്മയുടെ മറുപടി കേട്ടിട്ടും സമാധാനം വരാത്ത മകൾ അമ്മയോട് മറ്റൊരു ചോദ്യം ചോദിക്കുന്നു. ഇങ്ങനെയൊരു തെറ്റു ചെയ്തിട്ടും എന്തുകൊണ്ടാണ് അമ്മയ്ക്കെന്നോട് ദേഷ്യം തോന്നാത്തതെന്ന്. ഈ അവസ്ഥയിൽ നിനക്കൊപ്പം ഞാനല്ലേ നിൽക്കേണ്ടത് എന്ന മറുചോദ്യമായിരുന്നു അമ്മയുടെ ഉത്തരം.

മക്കൾ ഗുഡ്ഗേളും ഗുഡ് ബോയിയുമായി വളരണമെങ്കിൽ രക്ഷിതാക്കളും അവരോടു ചില ഉത്തരവാദിത്തങ്ങൾ കാട്ടേണ്ടതുണ്ടെന്നും ആ അമ്മ പറയുന്നു. സംസാരത്തിനൊടുവിൽ ആ പ്രതിസന്ധിക്ക് അവർ പരിഹാരം കണ്ടെത്തുകയും ആ വിഷയത്തെക്കുറിച്ച് ആൺസുഹൃത്തിനെ വിളിച്ചു പറയാൻ മകൾക്ക് നിർദേശം നൽകുകയും ചെയ്യുന്നുണ്ട് ആ അമ്മ. തെറ്റുകളിലൂടെയാണ് മനുഷ്യൻ ശരി ചെയ്യാൻ പഠിക്കുന്നതെന്നും സഹജീവി അറിഞ്ഞോ അറിയാതെയോ തെറ്റു ചെയ്യുമ്പോൾ അവരെ ഒറ്റപ്പെടുത്താതെ ഒപ്പം നിൽക്കണമെന്ന നല്ല സന്ദേശം പങ്കുവെച്ചുകൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്.