Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിക്കിന്റെ പ്രണയത്തിന് ദൈവം നൽകിയ ക്രിസ്മസ് സമ്മാനം; ഇരട്ടപെൺകുട്ടികൾ

nick-0011 ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

യഥാര്‍ഥ പ്രണയത്തിന് മുമ്പില്‍  പലപ്പോഴും ശരീരം അപ്രസക്തമാണ്. ശരീരംകൊണ്ടല്ല ആത്മാവുകൊണ്ടാണ് അവിടെ രണ്ടുപേര്‍ തുല്യാനുരാഗത്താല്‍ ബദ്ധിതരാകുന്നത്. അതുകൊണ്ടുതന്നെ ശരീരത്തിന്റെ വൈകല്യങ്ങളോ കുറവുകളോ പരിമിതികളോ അവിടെ പ്രശ്‌നമാകാറുമില്ല . 

ശരീരത്തിന്‍റെ കുറവുകളെ തോൽപ്പിച്ച പ്രണയത്തിന്റെ മഹാകാവ്യമാണ് നിക്ക് (nick vujicic) ഉം അദ്ദേഹത്തിന്റെ ഭാര്യ കാനെ മിയാഹാര(Kanae Miyahara) യും തമ്മിലുള്ളത്. കാരണം കൈകളും കാലുകളുമില്ലാതെ ജനിച്ചുവീണ അപൂര്‍വ ജന്മമായിരുന്നു  ഇന്ന് മോട്ടിവേഷണല്‍ സ്പീക്കറായി ലോകമെങ്ങും അറിയപ്പെടുന്ന നിക്കിന്റേത്. 

എന്നാല്‍ കരുതുന്നതുപോലെ അത്ര എളുപ്പമൊന്നുമായിരുന്നില്ല മോട്ടിവേഷണല്‍ സ്പീക്കറിലേക്കുള്ള നിക്കിന്റെ ജീവിത പരിണാണം. ഒരുപാട് നിരാശകളിലൂടെയും സങ്കടങ്ങളിലൂടെയും കടന്നുപോയ ബാല്യകൗമാരങ്ങളായിരുന്നു നിക്കിന്റേത്. കൈകള്‍ തനിക്ക് മുളച്ചുവരുന്നതുപോലെയുളള സ്വപ്‌നങ്ങളുണ്ടായിരുന്ന ഒരു കാലത്തെക്കുറിച്ച് അദ്ദേഹംതന്നെ പലയിടത്തും എഴുതിയിട്ടുമുണ്ട്. കൈകളും കാലുകളും ഉണ്ടാക്കിയെടുക്കാവുന്ന പല തരം സര്‍ജറികള്‍ക്കും വിധേയനായിട്ടുണ്ട്. ഒന്നും നടക്കാതെ വന്നപ്പോഴുണ്ടായ നിരാശയില്‍ നിന്നുണ്ടായ ജീവിതവിരക്തിമൂലം ആത്മഹത്യാശ്രമം നടത്തുമ്പോള്‍ നിക്കിന് കേവലം പത്തുവയസ്സു മാത്രമായിരുന്നു പ്രായം. 

പക്ഷേ പിന്നീട് ആ ജീവിതത്തിന് മാറ്റങ്ങളുണ്ടായി. സ്വന്തം പരിമിതികളെ അംഗീകരിക്കാനും അതിനെ മറികടന്ന് ജീവിക്കാനുമുള്ള ആന്തരികപ്രചോദനം നിക്കില്‍ ശക്തമായി. അനന്തരം ലോകം നിക്കിനെ കണ്ടത് കൈകളും കാലുകളുമില്ലാതിരുന്നിട്ടും യാതൊരു വിഷമങ്ങളുമില്ലാത്ത മോട്ടിവേഷണല്‍  സ്പീക്കറും ടെലി ഇവാഞ്ചലിസ്റ്റുമായിട്ടായിരുന്നു. എല്ലാം ഉണ്ടായിട്ടും ഒന്നിനെയുമോര്‍ത്ത് സന്തോഷിക്കാന്‍ കഴിയാതിരുന്ന നിരാശരായ മനുഷ്യര്‍ക്ക് കൈകളും കാലുകളുമില്ലാതിരുന്ന നിക്ക് എന്ന സുന്ദരന്‍ അപൂർവമായ പ്രത്യാശയുടെ ഗാനമായി. 

അപ്പോഴൊന്നും നിക്ക് കരുതിയിരുന്നില്ല എന്നെങ്കിലും താന്‍ വിവാഹിതനാകുമെന്ന്. അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ ഇങ്ങനെയാണ്: ''ഞാന്‍ വിവാഹിതനാകുമെന്ന് എനിക്ക്  ഒരിക്കലും തോന്നിയിരുന്നില്ല. എന്റെ ജീവിതം അവസാനം വരെ പങ്കിടാന്‍ കഴിയുന്ന ഒരാളെയും ഞാന്‍ കണ്ടുമുട്ടിയിട്ടുമുണ്ടായിരുന്നില്ല''. 

twin-girls ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

പക്ഷേ മനുഷ്യന്‍ വിചാരിക്കുന്നതിനും അപ്പുറമാണല്ലോ  പ്രണയത്തിന്റെ സാധ്യതകള്‍. കണ്ടുമുട്ടിയ ആദ്യ നിമിഷത്തില്‍ തന്നെ കാനെയും നിക്കും പ്രണയത്തിന്റെ മഴവില്ലുകള്‍ കണ്ടു. കാനെ ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരുന്ന സമയത്തായിരുന്നു ആ കണ്ടുമുട്ടല്‍. മറ്റൊരാളുമായുള്ള ഡേറ്റിങ്ങ് ട്രാജഡിയില്‍ അവസാനിച്ച സമയമായിരുന്നു അത്. 

എന്നാല്‍ നിക്കിനെ കണ്ടുമുട്ടിയപ്പോൾ കാനെയുടെ അതുവരെയുള്ള മനോഭാവങ്ങളെയെല്ലാം മാറിമറിഞ്ഞു. ഞാന്‍ എന്തെല്ലാമാണോ ഒരു പുരുഷനില്‍ അന്വേഷിച്ചത് അതെല്ലാം പൂര്‍ണ്ണമായും നിക്കില്‍ കണ്ടെത്തി എന്നാണ് അതേക്കുറിച്ചുള്ള കാനെയുടെ വിശദീകരണം. ഒരു കാമുകനായിട്ടല്ല നിക്കിനെ തോന്നിയത് ഒരു ഭര്‍ത്താവായിട്ടായിരുന്നു. കാനെ പറയുന്നു. 

2008 ല്‍ ആയിരുന്നു ആ കണ്ടുമുട്ടല്‍. നിക്കിന്റെ നര്‍മ്മബോധവും ഔദാര്യശീലവുമാണ് തന്നെ പ്രധാനമായും ആകര്‍ഷിച്ചതെന്നും കാനെ. കരങ്ങളില്ലാത്ത ഒരാള്‍ എങ്ങനെ തന്റെ വധുവിനെ വിവാഹമോതിരം അണിയിക്കും. പലരുടെയും സംശയം അതായിരുന്നു.

പക്ഷേ കൈകളുടെ എല്ലാ പരിമിതികളെയും അതിജീവിച്ച് കൈകളുള്ള ഒരു സ്വതന്ത്രമനുഷ്യന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും അതേപോലെ ചെയ്യുന്ന നിക്ക്, കാനെയുടെ വിരലുകളില്‍ മോതിരവിരല്‍ അണിയിക്കുക തന്നെ ചെയ്തു. അതേക്കുറിച്ച് കാനെയുടെ വാക്കുകള്‍: ''നിക്ക് എന്റെ വിരലുകള്‍ കടിക്കുകയാണെന്നാണ് എനിക്കാദ്യം തോന്നിയത്. പക്ഷേ പിന്നീട് ഞാന്‍ നോക്കിയപ്പോള്‍ എന്റെ വിരലില്‍ ഞാനൊരു മോതിരം കണ്ടു. നിക്കിന്റെ സ്‌നേഹത്തിന്റെ അടയാളമുള്ള മുദ്രമോതിരം''.

 നിന്നെ പുണരാന്‍ എനിക്ക് കരങ്ങളില്ലല്ലോയെന്നോ നിന്നോടൊപ്പം നടക്കാന്‍ എനിക്ക് പാദങ്ങളില്ലല്ലോയെന്നോ നിക്ക് ഒരിക്കലും വിഷമിച്ചിട്ടില്ല. കാരണം അത്രമേല്‍ സ്‌നേഹവും പ്രണയവുമായിരുന്നു അവര്‍ തമ്മില്‍. 2013 ല്‍ അവര്‍ക്ക് ആദ്യത്തെ കുട്ടി പിറന്നു. കിയോഷി. 2015 ല്‍ രണ്ടാമനും പിറന്നു. ഡിജാന്‍. 

ഇപ്പോഴിതാ ക്രിസ്മസിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഈ ദമ്പതികള്‍ക്ക് ഇരട്ട പെണ്‍കുട്ടികളും ജനിച്ചിരിക്കുന്നു. ഒലീവിയായും എല്ലിയും. 9 മില്യന്‍ ഫോളവേഴ്‌സുള്ള തന്റെ ഫേസ്ബുക്ക ്‌പേജിലൂടെയാണ് നിക്ക് ഈ സന്തോഷവാര്‍ത്ത പങ്കുവച്ചത്. 

ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും പേരില്‍ വിവാഹമോചനങ്ങള്‍ നേടിയെടുക്കുന്ന അപക്വമായ ദാമ്പത്യബന്ധങ്ങള്‍ക്ക് മുമ്പില്‍ വലിയൊരു വെല്ലുവിളിയും പ്രചോദനവുമാണ് നിക്കിന്‍െയും കാനെയുടെയും ദാമ്പത്യജീവിതം. ശരീരത്തിന് സൗന്ദര്യമുണ്ട് എന്നതല്ല മനസ്സിന് സൗന്ദര്യമുണ്ട് എന്നതാണ് കുടുംബജീവിതത്തിന്റെ സ്ഥായിയായ വിജയത്തിന്റെ അടിസ്ഥാനകാരണം.