പ്രണയം വിവാഹത്തിനു മുമ്പും വിവാഹത്തിനു ശേഷവും എന്നു തരംതിരിക്കുന്നവർ തീർച്ചയായും ഈ ചിത്രം കാണണം. പരസ്പരം കൈകൾ കോർത്ത് ഒരു ബർത്ത്ഡേ പാർട്ടിയിൽ നിന്നും മടങ്ങുന്ന അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ആരാധകർ ഇങ്ങനെ പറയുന്നത്. പ്രണയത്തിനെ വിവാഹത്തിലേക്കെത്താനുള്ള ഉപാധിയായി മാത്രം കാണുന്നവർക്കു വേണ്ടി വളരെ നല്ല സന്ദേശമാണ് ഈ ദമ്പതികൾ ജീവിതത്തിലൂടെ പങ്കുവയ്ക്കുന്നത്.
പ്രണയകാലത്തും വിവാഹശേഷവുമുള്ള അവരുടെ ജീവിതം മറ്റുള്ളവർക്കും മാതൃകയാക്കാവുന്നതാണെന്നും കുടുംബബന്ധങ്ങൾക്ക് ഇരുവരും നൽകുന്ന മൂല്യവും പരസ്പര ബഹുമാനവും പലകുറി ചർച്ചയായിട്ടുണ്ടെന്നും അവർ പറയുന്നു. അഭിഷേക് തിരക്കിലോ വിദേശയ യാത്രയിലോ മറ്റോ ആകുന്ന സാഹചര്യങ്ങളിൽ എത്ര പ്രിയപ്പെട്ടവർ ഒരുക്കുന്ന പാർട്ടിയാണെങ്കിലും ഐശ്വര്യ അതിൽ നിന്നും വിട്ടു നിൽക്കും. അഭിഷേക് ഒപ്പമില്ലാതെ പാർട്ടിയിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന് വേണ്ടപ്പെട്ടവരെ അറിയിച്ച ശേഷമാണ് ഐശ്വര്യ പിന്മാറുന്നത്.
അതുപോലെ തന്നെ ഐശ്വര്യയുടെ അച്ഛന്റെ മരണശേഷം അമ്മ തനിച്ചായപ്പോൾ അമ്മയെയും തങ്ങൾക്കൊപ്പം താമസിക്കാൻ ക്ഷണിക്കാൻ മുൻകൈയെടുത്തത് അഭിഷേകാണ്. എന്നാൽ തനിക്ക് ഒറ്റയ്ക്കു താമസിക്കാനാണ് ആഗ്രഹം എന്ന് ഐശ്വര്യയുടെ അമ്മ നിർബന്ധം പിടിച്ചപ്പോൾ മാത്രമാണ് അഭിഷേക് പിൻവാങ്ങിയത്. പിന്നീട് അവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ തീപിടുത്തമുണ്ടായപ്പോൾ ഒരു മകന്റെ സ്ഥാനത്തു നിന്നാണ് അഭിഷേക് വേണ്ട കാര്യങ്ങളെല്ലാം ചെയ്തു നൽകിയത്.
അങ്ങനെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാക്കാര്യങ്ങളിലും പരസ്പ്പരം താങ്ങായും തണലായും അവർ ഒന്നിച്ചു നിന്നു. പൊതുച്ചടങ്ങുകളിൽ മാത്രമല്ല ജീവിതത്തിലെ ഓരോ നിമിഷത്തിലും ഒന്നിച്ചുതന്നെയുണ്ടാകുമെന്ന് ശരീരഭാഷകളിലൂടെ ഇരുവരും പറയാതെ പറയുന്നുണ്ട്. ദീർഘനാളത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു ചടങ്ങിൽ ഇരുവരും ഒരുമിച്ചു പങ്കെടുക്കുന്നത്. അതുകൊണ്ട് തന്നെ പുതിയ ചിത്രങ്ങൾ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.
ആഘോഷത്തിൽ പങ്കെടുത്ത ശേഷം പരസ്പരം കൈകൾ കോർത്ത് റസ്റ്റോറന്റിൽ നിന്നും മടങ്ങുന്ന ദമ്പതികളുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. ബ്ലാക്ക് ജീൻസും ബ്ലാക്ക് ഹൂഡിയും ധരിച്ച് സിമ്പിളായി അഭിഷേക് എത്തിയപ്പോൾ മൾട്ടികളേർഡ് ഫ്ലോവി ഗൗൺ അണിഞ്ഞ് സ്റ്റൈലിഷായാണ് ആഷ് എത്തിയത്. ഇരുവരുടെയും സ്റ്റണ്ണിങ്ങ് ലുക്ക് കണ്ട സന്തോഷത്തിലാണ് ആരാധകരിപ്പോൾ.