അപകടം കവർന്നത് മൂന്നു മക്കളുടെ ജീവൻ; കാത്തുവെച്ചത് മറ്റൊരു അദ്ഭുതം

ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

ഒരൊറ്റ നിമിഷം മതി ഒരാളുടെ ജീവിതം എന്നന്നേക്കുമായി മാറിമറിയാന്‍. ആറു മാസം മതി ഞെട്ടിപ്പിക്കുന്നൊരു അദ്ഭുതം സംഭവിക്കാന്‍. ആ കഥയാണ് അമേരിക്കക്കാരിയായ ലൊറി കോബിളിന്റേത്. 2007ല്‍ ഒരു യാത്രയിലായിരുന്നു ലൊറി. ഒപ്പം മൂന്നു മക്കളുമുണ്ട്. കെയ്‌ലും എമ്മയും കാത്തിയും. കെയ്‌ലിന് അഞ്ചു വയസ്സ്, എമ്മയ്ക്ക് നാല്, കാത്തിക്ക് രണ്ടും. അമ്മയ്‌ക്കൊപ്പം മിനിവാനിലായിരുന്നു മൂവരുടെയും യാത്ര. 

ലൊറി മാത്രം മുന്നില്‍, ബാക്കി മൂന്നു പേരും പിന്‍സീറ്റില്‍. ഗെയിം കളിക്കുന്ന തിരക്കിലായിരുന്നു കെയ്ല്‍. എമ്മയാകട്ടെ സിനിമ കണ്ടിരിക്കുന്നു. കെയ്റ്റി സുഖമായി കിടന്നുറങ്ങുന്നു. വാനിന്റെ റിയര്‍വ്യൂ മിററിലൂടെ ലൊറി അവസാനമായി കണ്ട കാഴ്ച ഇതായിരുന്നു. പെട്ടെന്നാണ് എല്ലാം മാറ്റിമറിച്ച ആ അപകടം. അമിതവേഗത്തില്‍ വന്ന ഒരു ട്രക്ക് വാനിലേക്ക് ഇടിച്ചു കയറി. കലിഫോര്‍ണിയ റോഡില്‍ വച്ചായിരുന്നു അപകടം. 

40,000 പൗണ്ട് വരുന്ന കാര്‍ഗോയുമായി പോകുകയായിരുന്ന ട്രക്കിന് അനുവദനീയമായതിലും അധികമായിരുന്നു വേഗം. വാനിന്റെ പിന്നിലേക്കാണ് ട്രക്ക് ഇടിച്ചുകയറിയത്. അതിനാല്‍ത്തന്നെ ലൊറിക്ക് കാര്യമായ പരുക്കേറ്റില്ല. എന്നാല്‍ തലയ്‌ക്കേറ്റ ആഘാതം രൂക്ഷമായിരുന്നു. അപകടം ഓര്‍ത്തെടുക്കാന്‍ പോലും ലൊറിക്കായില്ല. പക്ഷേ ഭര്‍ത്താവ് ക്രിസിന് ആ സത്യം ലൊറിയോട് തുറന്നുപറഞ്ഞേ മതിയാകുമായിരുന്നുള്ളൂ. അപകടത്തില്‍ മൂന്നു കുഞ്ഞോമനകളും കൊല്ലപ്പെട്ടിരിക്കുന്നു. 

നാല് വ്യത്യസ്ത ആശുപത്രികളിലേക്കാണ് എല്ലാവരെയും അയച്ചത്. പരമാവധി വിദഗ്ധ ചികിത്സയും ഉറപ്പാക്കി. പക്ഷേ കുഞ്ഞോമനകളെ ദൈവം അരികിലേക്കു വിളിക്കുകയായിരുന്നു. ആ ഞെട്ടലില്‍ നിന്ന് മോചിതയാകും മുന്‍പേ തന്നെ ക്രിസും ലൊറിയും ഒരു കാര്യം ഉറപ്പിച്ചു. എങ്ങനെയാണ് ആ അപകടം ഉണ്ടായതെന്നറിയണം. ആ അന്വേഷണത്തില്‍ തിരിച്ചറിഞ്ഞതാകട്ടെ ഞെട്ടിക്കുന്ന സത്യങ്ങളും. അപകടത്തില്‍ നിയമനടപടികളുമായി മുന്നോട്ടു പോകാനായിരുന്നു ക്രിസിന്റെ തീരുമാനം. 

ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

അപകടത്തിന് കാരണക്കാരായ ഡ്രൈവര്‍ ജോര്‍ജ് മിഗ്വേല്‍ റൊമീറോ അതിനെ ചോദ്യം ചെയ്തതുമില്ല. നേരത്തേതന്നെ അമിതവേഗത്തിനു പല കേസുകളും നേരിട്ടിട്ടുണ്ട് ജോര്‍ജ്. എന്നാല്‍ ക്രിസിന്റെയും ലൊറിയുടെയും അന്വേഷണത്തിലാണ് ട്രക്ക് ഡ്രൈവര്‍മാര്‍ക്കു നേരിടേണ്ടി വരുന്ന അമിത സമ്മര്‍ദ്ദത്തെപ്പറ്റി ലോകം തിരിച്ചറിയുന്നത്. ട്രക്ക് ഓടുന്ന ദൂരത്തിനനുസരിച്ചാണ് ഡ്രൈവര്‍മാര്‍ക്കുള്ള പണം. അതിനാല്‍ത്തന്നെ പരമാവധി വേഗത്തില്‍, പരമാവധി ദൂരെ എത്താനാണ് ഡ്രൈവര്‍മാരുടെ ശ്രമം. ഒരു ദിവസം അവധിയെടുക്കണമെങ്കില്‍ പോലും ഓവര്‍ ടൈം ചെയ്ത് പണം കണ്ടെത്തണം.

ട്രക്ക് അനങ്ങിയില്ലെങ്കില്‍ പണമില്ലെന്നുറപ്പ്. ഇക്കാര്യത്തില്‍ നിയമം മൂലം മാറ്റം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ക്രിസും ലൊറിയും. ഈ നിയമപ്പോരാട്ടത്തിനിടയിലായിരുന്നു പക്ഷേ ഈ ദമ്പതികളുടെ ജീവിതത്തില്‍ ദൈവം വീണ്ടും ഇടപെടുന്നത്. അതും ഇരുവരെയും ഞെട്ടിപ്പിക്കുന്ന വിധത്തില്‍. മൂന്നു കുട്ടികളും കൊല്ലപ്പെട്ട് ആറു മാസം കഴിഞ്ഞിരുന്നു. ലൊറിക്ക് നടത്തിയ പ്രഗ്നന്‍സി ടെസ്റ്റില്‍ വീണ്ടും ഗര്‍ഭിണിയാണെന്നു തെളിഞ്ഞു. ദമ്പതികള്‍ക്ക് വീണ്ടും സന്തോഷത്തിന്റെ നാളുകള്‍. എന്നാല്‍ പ്രസവത്തിനൊടുവിലാണ് ക്രിസും ലൊറിയും ഞെട്ടിപ്പോയത്. മൂന്നു കുട്ടികളാണ് ജനിച്ചിരിക്കുന്നത്. 

രണ്ടു പെണ്ണും ഒരാണും. മാസങ്ങള്‍ക്കു മുന്‍പ് യാത്ര പറഞ്ഞുപോയ കുരുന്നുകള്‍ വീണ്ടും അമ്മയ്ക്കും അച്ഛനും അരികിലേക്കു വന്നതു പോലെ! അങ്ങനെയല്ലാതെ മറ്റൊരു വിധത്തിലും തങ്ങള്‍ക്ക് ചിന്തിക്കാനാകില്ലെന്നും ക്രിസും ലൊറിയും പറയുന്നു. മൂവരെയും മറക്കാന്‍ ആ ദമ്പതികള്‍ക്കാകുമായിരുന്നില്ല, പക്ഷേ ഒറ്റ പ്രസവത്തില്‍ മൂന്നു കുട്ടികളുണ്ടായതിനു കാരണം തങ്ങളുടെ കുഞ്ഞുങ്ങള്‍ സ്വര്‍ഗത്തിലിരുന്നു നടത്തിയ ഇടപെടലാണെന്നു പറയുന്നു ലൊറി.

മൂന്നു കുട്ടികള്‍ക്കും ഇപ്പോള്‍ ഒന്‍പതു വയസ്സായി. ഒരാളുടെ പേര് ആഷ്‌ലി, പിന്നെയൊരാള്‍, ഏല്ലി, പിന്നെയൊരാള്‍ ജെയ്ക്ക്. ജീവിതം എത്രമേല്‍ മനോഹരമായാണ് ഓരോ നഷ്ടങ്ങള്‍ക്കും പരിഹാരം നല്‍കുന്നതെന്നു കണ്ട് മനസ്സു നിറഞ്ഞു ജീവിക്കുകയാണിന്ന് ക്രിസും ലൊറിയും.