ജീവിത പങ്കാളി മുൻകോപിയാണോ?; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

ജോലി കഴിഞ്ഞ് ക്ഷീണിതനായി വീട്ടിലെത്തുന്ന ഭര്‍ത്താവ്  പലപ്പോഴും കോപിക്കുന്നവനും പൊട്ടിത്തെറിക്കുന്നവനുമാണോ? വീട്ടിലെ സ്വസ്ഥമായ അന്തരീക്ഷം മുഴുവന്‍ നശിപ്പിക്കത്തക്കവിധത്തിലുള്ളതാണോ അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍? അദ്ദേഹത്തിന്റെ ഇത്തരം മൂഡ് വ്യത്യാസങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ.. ഇതിന്റെ കാരണങ്ങളെക്കുറിച്ച് ആലോചിചിട്ടുണ്ടോ?

  

ഇത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ ക്രിയാത്മകമായി ഇടപെടേണ്ടതുണ്ട്. എവിടെയാണോ സ്‌നേഹം നഷ്ടപ്പെടുന്നത് അവിടെ സ്‌നേഹം വിതയ്ക്കാനും സ്‌നേഹം കൊയ്‌തെടുക്കാനും നിങ്ങള്‍ തയ്യാറാകണം.

ശരിയാണ്  കോപിഷ്ഠനായ ഒരാളുമൊത്ത് ജീവിച്ചുപോകുക അത്ര എളുപ്പമായ കാര്യമല്ല. എന്നാല്‍ ആ വ്യക്തിയുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും ആ കോപങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ തിരിച്ചറിയുകയും ചെയ്യുമ്പോള്‍  പരസ്പ്പരമുള്ള ഇടപെടലുകള്‍ക്ക് സുതാര്യത കൈവരിക്കാനാകും. പങ്കാളിയിലുള്ള ചില പ്രത്യേകതകള്‍ പാരമ്പര്യമായി കിട്ടിയതാകും. അവയില്‍ ചിലത് മാറ്റിയെടുക്കാന്‍ കഴിയുന്നവയാണ്. മറ്റ് ചിലതിനെ നാം അംഗീകരിച്ചേ മതിയാവൂ. പക്ഷേ നാം അതിനെ സമീപിക്കുന്ന രീതിയാണ് പ്രധാനം.

ജീവിതപങ്കാളി വളരെ പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന ആളും മോശം ചുറ്റുപാടുകള്‍ വീട്ടില്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ആളാണെങ്കില്‍  അദ്ദേഹത്തില്‍ മാറ്റം വരുത്താനും കുടുംബസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും താഴെ പറയുന്ന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്.

മനസ്സിലാക്കുക

ഏറ്റവും പ്രധാനപ്പെട്ട സംഗതി പങ്കാളിയെ തുറന്ന ഹൃദയത്തോടും കരുണാര്‍ദ്രമായ മനസോടും കൂടി മനസ്സിലാക്കാന്‍ ശ്രമിക്കുക എന്നതാണ്. അദ്ദേഹം മൂഡോഫും മുന്‍കോപത്തോടും കൂടിയാണ് വന്നു കയറുന്നതെങ്കില്‍ അതേ രീതിയില്‍ തിരികെ ഇടപെടുമ്പോള്‍ രണ്ടുപേരും ഒന്നുപോലെയായിത്തീരുകയാണ് ചെയ്യുന്നത്. മറ്റെയാളെ മനസ്സിലാക്കാന്‍ കഴിയണമെങ്കില്‍, അതിനൊരു ശ്രമം നടത്തണമെങ്കില്‍ തീര്‍ച്ചയായും നമ്മുടെ ഉള്ളില്‍ സ്‌നേഹമുണ്ടായിരിക്കണം എന്നും മറക്കരുത്.

സ്‌നേഹമില്ലായ്മയാണ് മനസ്സിലാക്കലുകളെ തടസ്സപ്പെടുത്തുന്നത്. സൗമ്യതയോടും ശാന്തതയോടും സനേഹത്തോടും കൂടി തിരികെ ഇടപെടുമ്പോള്‍ പങ്കാളിയുടെ കോപമെല്ലാം എവിടെപോയി ഒളിച്ചിരിക്കുന്നു എന്ന് നിങ്ങള്‍ അത്ഭുതപ്പെടുകതന്നെ ചെയ്യും.

താഴ്ത്തിക്കെട്ടുന്ന   സംസാരം വേണ്ടേ വേണ്ട

പലപ്പോഴും പങ്കാളിയുടെ  വിപരീതമായ ശീലങ്ങളും പെരുമാറ്റങ്ങളും കാണുമ്പോള്‍ നാം ആദ്യം മനസ്സിലേക്കു കൊണ്ടുവരുന്നത് നെഗറ്റീവായ ചിന്തകളായിരിക്കും. ഹോ ഇങ്ങേരെപ്പോലൊരു മനുഷ്യന്‍. എന്റെ തലേവര ഇങ്ങനെയായിപ്പോയല്ലോ.അങ്ങേരുടെ അച്ഛന്റെ തനിസ്വഭാവമാ കിട്ടിയിരിക്കുന്നത്..ഇങ്ങനെയെല്ലാമുള്ള പലവിധ ചിന്തകള്‍ ആദ്യം രൂപപ്പെടുകയും പിന്നീടവ വാക്കുകളായി പുറത്തേക്ക് വരികയും ചെയ്യും. ഇത് പരസ്പ്പരമുള്ള ബന്ധത്തിന് കോട്ടം മാത്രമേ വരുത്തൂ. ഇത്തരത്തിലുള്ള താരതമ്യപ്പെടുത്തലുകളും വിലയിടിക്കലുകളും ഒരുനേട്ടവും കുടുംബജീവിതത്തില്‍ വരുത്തുകയില്ല.

സ്‌നേഹം തിരിച്ചുപിടിക്കുക

മുകളില്‍ പറഞ്ഞതുപോലെ സ്‌നേഹം നഷ്ടപ്പെടുന്നതാണ് പലപ്പോഴും പലവിധ പ്രശ്‌നങ്ങളുടെയും പ്രധാനകാരണം. എവിടെയാണ് സ്‌നേഹം നഷ്ടമാകുന്നത് ആ സ്‌നേഹം തിരികെ പിടിക്കാന്‍ ശ്രമിക്കുക.സ്‌നേഹം വളര്‍ത്താന്‍ ശ്രമിക്കുക. സ്‌നേഹം വിതയ്ക്കുക. വിതയ്ക്കാത്ത സ്‌നേഹം ഒരിടത്തുനിന്നും നമുക്ക് കൊയ്യാനാവില്ല. വിതച്ച സ്‌നേഹമാകട്ടെ നമുക്ക് കൊയ്‌തെടുക്കാന്‍ കഴിയുക തന്നെ സാധിക്കും.

ഉടമ്പടികള്‍ സ്ഥാപിക്കുക

പൊട്ടിത്തെറിക്കലുകള്‍ക്കും വാഗ്വാദങ്ങള്‍ക്കും ശേഷം രംഗം ശാന്തമാകുമ്പോള്‍ കോപം മൂലം ഇവിടെ സംഭവിച്ചത് എന്ത് എന്ന് പങ്കാളിയെ ബോധ്യപ്പെടുത്തുക. മേലില്‍ ഇത്തരം പൊട്ടിത്തെറിക്കലുകള്‍ ഉണ്ടാക്കില്ല എന്ന്  ഉടമ്പടിയുണ്ടാക്കുക. നയങ്ങളും പെരുമാറ്റശീലങ്ങളും സൃഷ്ടിച്ചെടുക്കുക.. ശാന്തമായിട്ടിരിക്ക്..ഇപ്പോള്‍  ഒറ്റയ്ക്കിരിക്കുന്നതാണ് നല്ലത്..ഞാന്‍ അകത്തേയ്‌ക്കൊന്ന് പോകട്ടെ എന്ന രീതിയില്‍ കോപിക്കുന്ന പങ്കാളിയില്‍ നിന്ന് അകലം പാലിച്ചു നിൽക്കുക. ഇത്തരം വിവേകപൂർവമായ ഇടപെടലുകള്‍ കുടുംബത്തില്‍ സമാധാനം മാത്രമല്ല പങ്കാളിയില്‍ സ്ഥായിയായ മാറ്റങ്ങളും സൃഷ്ടിക്കും.

 ഓരോ മനുഷ്യനും അപൂര്‍ണ്ണരാണ്. എന്നാല്‍ പരിപൂര്‍ണ്ണരാകാനുള്ള ശ്രമങ്ങള്‍ നമ്മുടെ ഭാഗത്തുനിന്നുണ്ടാകേണ്ടിയിരിക്കുന്നു. കൂടുതല്‍ മെച്ചപ്പെട്ടവരാകാനുള്ള സാധ്യതകളെ നാം പ്രയോജനപ്പെടുത്തുക ചിലര്‍ക്ക് അവരുടെ വൈകാരികമായ പ്രശ്‌നങ്ങളെ നേരിടാന്‍ പ്രഫഷണല്‍സിന്റെ സഹായവും വേണ്ടിവന്നേക്കാം. അതും മറക്കരുത്.