കൃഷിക്കാരിയായിരുന്നു എന്റെ അമ്മ. വർഷങ്ങളോളം നടുവൊടിഞ്ഞു ജോലി ചെയ്താണ് അമ്മ ഞങ്ങളെ വളർത്തിയത്. പട്ടിണി കൂടാതെ ജീവിക്കാൻ കഴിഞ്ഞതും അമ്മയുടെ കഠിനാധ്വാനം കൊണ്ടുമാത്രം. അമ്മയുടെ നിറം മങ്ങിയ പഴയ ചിത്രത്തിലേക്കു നോക്കി ഇങ്ങനെ പറയുമ്പോൾ ഷക്കു ബായിയുടെ സ്വരം ഇടറിയില്ല. മറിച്ച് അഭിമാനം തുളുമ്പി നിന്നു മുഖത്ത്.
ഷക്കുബായിയും കൃഷിക്കാരിയാണ്. വയസ്സ് അറുപത്. മഹാരാഷ്ട്രയിൽ കോലാപ്പൂരിലെ ലത് വാദി ഗ്രാമവാസി. 40 വർഷമായി കൃഷിപ്പണി ചെയ്തു കുടുംബം പുലർത്തുന്ന സ്ത്രീ. പക്ഷേ, കഷ്ടപ്പാടുകള്‍ക്കിടയിലും അവർക്കൊരു സ്വപ്നമുണ്ടായിരുന്നു. മക്കളെ വിദ്യാഭ്യാസം ചെയ്യിച്ച് നല്ല നിലയിലാക്കുക. ഇന്ന് സ്വപ്നം സാഫല്യ ത്തിലെത്തിയതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് ഷക്കുബായ് കബുറെ.
കുട്ടിക്കാലത്തേ തുടങ്ങി ഷക്കുബായിയുടെ കഷ്ടപ്പാട്. പെട്ടെ ന്നൊരുനാൾ അച്ഛൻ കുടുംബത്തെ ഉപേക്ഷിച്ചു. പിന്നെ ഒരു വീടു നോക്കി നടത്തിയത് അമ്മ ഒറ്റയ്ക്ക്. കഴിഞ്ഞ കുറേ വർഷമായി ദിവസത്തിൽ 20 കിലോമീറ്ററിലധികം യാത്ര ചെയ്യുന്നുണ്ട് ഷക്കുബായ്. ലത് വാദി ഗ്രാമത്തിൽ നിന്ന് ശിവാനക് വാദി ഗ്രാമത്തിലേക്കാണു യാത്ര. അവിടെയാണു കൃഷിപ്പണി. ദിവസവും ആറു മണിക്കൂർ ജോലി കൂലി വെറും 80 രൂപ. ആഴ്ചയില്‍ ഒരിക്കലാണ് കൂലി കിട്ടുന്നത്. യാത്രയും കഠിനം. ചില ദിവസങ്ങളിൽ വീട്ടിൽ പട്ടിണി ആയിരിക്കും. പക്ഷേ, ജീവിക്കാതെ പറ്റില്ലല്ലോ.
ഇത്രയും കഷ്ടപ്പാടുകൾ സഹിച്ചെങ്കിലും ഷക്കുബായ് ഇന്നു ചിരിക്കുന്നതിനു കാരണമുണ്ട്. 26 വയസ്സുള്ള ഇളയ മകൻ സിദ്ദപ്പ കബുറെ അതിർത്തി രക്ഷാ സേനയിലേക്കു (BSF) തിരഞ്ഞെടു ക്കപ്പെട്ടിരിക്കുന്നു. പരിശീലനം തുടങ്ങിക്കഴിഞ്ഞു. മകൻ ഒരു പൊലീസുകാരനാകണം എന്നായിരുന്നു ഷക്കുബായിയുടെ ആഗ്രഹം പക്ഷേ, മകൻ പട്ടാളത്തിൽ ചേരണമെന്ന് ആഗ്രഹിച്ചു. നിരക്ഷരയെങ്കിലും മകന്റെ ആഗ്രഹത്തെ എതിർത്തില്ല ഷക്കുബായ്.
മൂത്ത മകൻ സന്തോഷിന് 32 വയസ്സുണ്ട്. ഒന്നര ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്തു കൃഷി ചെയ്യുകയാണു സന്തോഷ്. അമ്മ ഷക്കുബായിയുടെ കഠിനാധ്വാനം കൊണ്ടു മാത്രമാണ് തങ്ങൾ ഇപ്പോഴും ജീവിച്ചിരിക്കുന്നതെന്നു പറയുന്നു സന്തോഷ്. നാലാം ക്ലാസിനപ്പുറം പഠിക്കാൻ കഴിഞ്ഞില്ല സന്തോഷിന്. പക്ഷേ, ഇളയ സഹോദരന് ജോലി ലഭിച്ചതിൽ അഭിമാനിക്കുന്നു അയാളും.
പുസ്തകങ്ങൾ വാങ്ങാനും സ്കൂളിൽ പോകാനുമൊക്കെ സിദ്ദപ്പ വല്ലാതെ കഷ്ടപ്പെട്ടു. പല ജോലികളും ചെയ്താണു പഠിച്ചതും. കഷ്ടപ്പാടുകള്‍ക്കിടയിലും സിദ്ദപ്പ പഠനം തുടർന്നു; ഇന്നു കുടുംബത്തിന്റെ നാഥനുമായി. ഷക്കുബായിയുടെ ഭർത്താവ് മരിക്കുന്നത് 2001 ൽ കടുത്ത മദ്യപാനിയായിരുന്നു ഭർത്താവ്. വീട്ടിൽ വഴക്കുകളും പതിവായിരുന്നു.
അതിർത്തി രക്ഷാ സേനയിൽ ചേർന്ന സിദ്ദപ്പ കഴിഞ്ഞ ദിവസം ഷക്കുബായിയെ വിളിച്ചു. ഒത്തിരി കഷ്ടപ്പെട്ടതിനാൽ ഇനി അമ്മ ജോലി ചെയ്യാൻ പോകണ്ട എന്നും പറഞ്ഞു. ജോലി ചെയ്യാതിരിക്കുന്ന ദിവസം എന്റെ ശരീരം നിശ്ചലമാകുമെന്നു മറുപടി പറഞ്ഞു ഷക്കുബായി. വിശ്രമിക്കാൻ അവർക്കിപ്പോഴും സമയമായിട്ടില്ല ഈ അറുപതാം വയസ്സിലും.