ദാമ്പത്യബന്ധം തകരാതിരിക്കാൻ 3 കാര്യങ്ങൾ ശ്രദ്ധിക്കാം

വലിയ കാര്യങ്ങള്‍ കൊണ്ടല്ല ദാമ്പത്യജീവിതത്തില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. അതുപോലെ  വലിയ കാര്യങ്ങള്‍ ചെയ്യുന്നതുകൊണ്ടല്ല ദാമ്പത്യത്തിലെ സ്‌നേഹബന്ധത്തിന് കൂടുതല്‍ ആഴമുണ്ടാകുന്നതും സ്ഥിരതയോടെ നിലനിന്നുപോരുന്നതും. ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടത്ര പരിഗണനയും  കരുതലും കൊടുക്കുകയാണെങ്കില്‍ ദമ്പതികള്‍ തമ്മിലെ സ്‌നേഹവും സൗഹൃദവും സുദൃഢമായിത്തീരും.

ഇതാ പരസ്പരമുള്ള സനേഹബന്ധത്തില്‍ ഒരുമയോടെ ജീവിക്കുന്നതിനുള്ള ചെറിയ ചില കാര്യങ്ങള്‍.

നന്ദി പറയുക

ജീവിതത്തില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ ഇണയോട് നന്ദി പറഞ്ഞിട്ടുണ്ടോ?. ദമ്പതികള്‍ പരസ്പരം നന്ദി പറയണമെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് ജോര്‍ജിയയിലെ ഗവേഷകര്‍ പറയുന്നത്. സന്തുഷ്ടകരമായ ദാമ്പത്യബന്ധത്തിന് ദമ്പതികള്‍ പരസ്പരം നന്ദി പറയണം എന്നാണ് ഈ ഗവേഷകര്‍ പറയുന്നത്. ഒരുപക്ഷേ നമ്മുടെയുള്ളില്‍ പങ്കാളിയോട് നന്ദിയുണ്ടാവുമായിരിക്കാം.

എന്നാല്‍ അത് തുറന്നുപറയാന്‍ മടിക്കരുത്. വിവാഹവാര്‍ഷികത്തിനോ,പിറന്നാളിനോ ഒരു സമ്മാനം കിട്ടുമ്പോള്‍, പ്രത്യേകമായി എന്തെങ്കിലും വാങ്ങിത്തരുമ്പോള്‍, നിങ്ങളുടെ ജീവിതത്തിലെ ഒരാവശ്യങ്ങള്‍ക്കും മുടക്കമില്ലാതെ നടത്തിത്തരുമ്പോള്‍, അപ്പോഴെല്ലാം പങ്കാളിയോട് നന്ദിപറയാന്‍ മടിക്കരുത്. തുറന്നുപറയുന്ന നന്ദി ഹൃദയസ്നേഹത്തിന്‍റെ അടയാളമാണ്.

മാറ്റം ആവശ്യപ്പെടരുത്

നിങ്ങള്‍ക്കൊരിക്കലും മറ്റൊരു വ്യക്തിയെ മാറ്റിയെടുക്കാനാവില്ല. പകരം നിങ്ങള്‍ സ്വയം മാറുക. അതാണ് വേണ്ടത്. ദാമ്പത്യജീവിതത്തില്‍ ഇണയെ മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നവര്‍ പലരുമുണ്ട്. ഞാന്‍ പറയുന്നതുപോലെയോ എന്റെ ഇഷ്ടമനുസരിച്ചോ ഇണ മാറണം എന്ന് വാശിപിടിക്കുന്നവരും അതിന് പ്രേരിപ്പിക്കുന്നവരുമുണ്ട്.

എന്നാല്‍ ആ വ്യക്തിയെ അതായിതന്നെ അംഗീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുമ്പോഴാണ് അവിടെ സ്‌നേഹം വളരുന്നത്. കുടുംബജീവിതത്തിന്റെ  നന്മയ്ക്കു വേണ്ടി ചില തിരുത്തലുകള്‍ ആവശ്യമാണെന്ന് വരികിലും അത് പിടിവാശിയായി കൊണ്ടുനടക്കുമ്പോഴോ അതിന്റെ പേരില്‍ കലഹം ഉണ്ടാകുമ്പോഴോ സ്‌നേഹബന്ധങ്ങള്‍ക്ക് ഉലച്ചില്‍ സംഭവിക്കുകയും ഹൃദയങ്ങള്‍ അകന്നുതുടങ്ങുകയും ചെയ്യുന്നു എന്ന് മറക്കരുത്.

എപ്പോഴും ഒരുമിച്ചു നിൽക്കുക

ജീവിതത്തില്‍ പലപ്പോഴും പല പ്രശ്‌നങ്ങളെയും നേരിടേണ്ടതായിവന്നേക്കാം.. ദുഷ്‌ക്കരമായ സമയം പലരുടെയും ജീവിതത്തിലുണ്ടാകാറുണ്ട്. സങ്കടങ്ങളും ഏകാന്തതയും ഉണ്ടാകാറുണ്ട്.. തര്‍ക്കങ്ങളും വിരസതകളുമുണ്ടാകാറുണ്ട്. പല ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടാകാറുമുണ്ട്.. ഇതെല്ലാം കുടുംബജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ കുടുംബജീവിതത്തിന്റെ സൗന്ദര്യം എന്ന് പറയുന്നത് ഇത്തരം അവസ്ഥകളിലെല്ലാം ദമ്പതികള്‍ പരസ്പരം കൈപിടിച്ചും കൈകോര്‍ത്തും നിൽക്കുന്നു എന്നതിലാണ്.

തീരുമാനമെടുക്കാനാവാതെവരുന്ന സാഹചര്യങ്ങളില്‍ എന്താണ് ചെയ്യേണ്ടത് എന്നറിയാതെ നിൽക്കുമ്പോള്‍, അല്ലെങ്കില്‍  എടുത്ത തീരുമാനം തെറ്റായി  പോകുമ്പോൾ അപ്പോഴെല്ലാം പങ്കാളിക്ക് നേരെ വിരല്‍ചൂണ്ടുന്നവരും കുറ്റം വിധിക്കുന്നവരും ധാരാളമുണ്ട്. നമുക്കിടയില്‍. അതല്ല ശരിയായ ദാമ്പത്യം. ജീവിതത്തിലെ ഏതു പ്രശ്‌നങ്ങളിലും സന്തോഷങ്ങളിലും ഒരേ മനസ്സോടെ നിൽക്കാന്‍ കഴിയുമ്പോഴാണ് അവിടെ സ്‌നേഹത്തിന്റെ സുഗന്ധവും സൗഹൃദത്തിന്റെ സംഗീതവും ഉയരുന്നത്.