Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പങ്കാളിയുടെ മനസ്സിനെ മുറിവേൽപ്പിക്കുന്ന 5 ശീലങ്ങളൊഴിവാക്കാം

complaint

ആരോഗ്യപ്രദവും സന്തോഷകരവുമായ സ്‌നേഹബന്ധം എല്ലാ ദമ്പതികളുടെയും അവകാശമാണ്. എന്നാല്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമേ അത് ലഭിക്കുന്നുള്ളൂ. ഒരുപക്ഷേ പങ്കാളികളുടെ വ്യക്തിപരമായ ചില പ്രശ്‌നങ്ങളായിരിക്കാം അവരുടെ സ്‌നേഹബന്ധങ്ങള്‍ക്ക് മാന്ദ്യം ഏൽപ്പിക്കുന്നത്.  

ഇണയുടെ ചില പതിവുശീലങ്ങള്‍, സ്വഭാവപ്രത്യേകതകള്‍ ഇവയെല്ലാം പരസ്പരമുള്ള സ്‌നേഹബന്ധത്തെ ചിലപ്പോഴെങ്കിലും മുറിവേൽപ്പിക്കുന്നുണ്ടാകും. എന്നാല്‍ അതില്‍ നിന്ന് ഒഴിഞ്ഞുമാറി നിൽക്കാനും പുതിയ ചില ശീലങ്ങള്‍ നേടിയെടുക്കാനും ശ്രമിച്ചാല്‍ അത് ദാമ്പത്യബന്ധങ്ങളെ കൂടുതല്‍ മനോഹരമാക്കിത്തീര്‍ത്തേക്കാം.

ഇതാ അതിനുള്ള ചില നിര്‍ദ്ദേശങ്ങള്‍

പരസ്പരം ബഹുമാനിക്കുക

ദാമ്പത്യബന്ധത്തില്‍ ഒരാള്‍ക്ക് മാത്രം പോരാ ബഹുമാനം.രണ്ടുപേരും പരസ്പരം ബഹുമാനിക്കണം. എന്നാല്‍ വ്യക്തികളെന്ന നിലയില്‍ ചില കാര്യങ്ങളില്‍ ആശയപരമായ വിയോജിപ്പുകള്‍ സ്വഭാവികം. അങ്ങനെ വരുമ്പോഴും പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിക്കുക. വിയോജിപ്പുകള്‍ ആരോഗ്യപരമായി പ്രകടിപ്പിക്കുക. തീരുമാനങ്ങളും ഇഷ്ടങ്ങളും അടിച്ചേൽപ്പിക്കുന്നതിന് പകരം  തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകുക.

അധിക്ഷേപിക്കാതിരിക്കുക

പോസിറ്റീവും നെഗറ്റീവും  എല്ലാവ്യക്തികള്‍ക്കുമുണ്ട്. എന്നാല്‍ നെഗറ്റീവ് മാത്രം സംസാരിച്ചുകൊണ്ടിരുന്നാലോ. ജീവിതത്തില്‍ വന്നുപോയ  പിഴവുകളുടെ പേരില്‍ എപ്പോഴും കുറ്റപ്പെടുത്തിക്കൊണ്ടിരുന്നാലോ. ഏതെങ്കിലും കുറവുകളുടെ പേരില്‍ അധിക്ഷേപിച്ചാലോ. അത് പരസ്പരമുള്ള ബന്ധത്തിന് വലിയ വിള്ളല്‍വീഴ്ത്തും. അതുകൊണ്ട് അധിക്ഷേപിക്കലുകളും നിരന്തരമായ കുറ്റപ്പെടുത്തലും ഒഴിവാക്കുക  പകരം നന്മകളെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചും സംസാരിക്കുക.

സംസാരിക്കുക

പലപ്പോഴും ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ വഷളാകുന്നതിന് കാരണം അവര്‍ പ്രശ്‌നങ്ങളെ തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നില്ല എന്നതാണ് പ്രശ്‌നങ്ങള്‍ തുറന്ന് പറയാത്തത് ബന്ധങ്ങളെ വികലമാക്കും. ഇത് തുടര്‍ച്ചയായ കലഹങ്ങളിലേക്കും നയിക്കും. അതുകൊണ്ട് ആരോഗ്യപരമായ സംഭാഷണം ശീലമാക്കുക.

ഒരുമിച്ചായിരിക്കാന്‍ സമയം കണ്ടെത്തുക

ജീവിതത്തിന്റെ തിരക്കും ജോലിയുടെ സമ്മര്‍ദ്ദവും പലപ്പോഴും കുടുംബബന്ധങ്ങളുടെ ശിഥിലമാക്കാറുണ്ട്. എത്രയധികം തിരക്കുണ്ടെങ്കിലും ഒരുമിച്ച് സംസാരിക്കാനും ഒരുമിച്ചായിരിക്കാനും സമയം കണ്ടെത്തുക. സമയം കണ്ടെത്തുന്നതിനെക്കാള്‍ അതിനുള്ള മനസ്സുണ്ടായിരിക്കുക എന്നതാണ് പ്രധാനം. മനസ്സു വച്ചാല്‍ സമയം ഉണ്ടാകും. അതുകൊണ്ട് ഒരുമിച്ചായിരിക്കാന്‍ മനസ്സ് വയ്ക്കുക.അതില്‍ സന്തോഷം കണ്ടെത്തുക.

ഒരുമിച്ച് ജോലി ചെയ്യുക

ഒരുമിച്ചായിരിക്കാന്‍ സമയം കണ്ടെത്തുന്നതിന്റെ തുടര്‍ച്ച തന്നെയാണ് ഇത്. അടുക്കളയില്‍ തമാശകള്‍ പറഞ്ഞ് ഒരുമിച്ച് ജോലിയെടുക്കുന്നതും  പാത്രങ്ങള്‍ കഴുകിവയ്ക്കുന്നതും ബെഡ് റൂം അലങ്കരിക്കുന്നതും ജനാലകള്‍ വൃത്തിയാക്കുന്നതുമെല്ലാം  ഗുണകരമായ മാറ്റങ്ങളാണ് ദാമ്പത്യബന്ധത്തില്‍ ഉണ്ടാക്കുന്നത്.