വാക്കുകള്‍ക്ക് ഭയങ്കര ശക്തിയുണ്ട്. നാം വിചാരിക്കുന്നതിനും അപ്പൂറമാണ് അതേൽപ്പിക്കുന്ന ആഘാതങ്ങളും തലോടലുകളും. അതിന് ഒരു വ്യക്തിയെ ഉയര്‍ത്താന്‍ സാധിക്കും. അതുപോലെ താഴ്ത്താനും. മറ്റൊരാള്‍ നമ്മോട് പറയുന്ന വാക്കുകള്‍ നമ്മുടെ ആത്മവിശ്വാസം ചിലപ്പോള്‍ തകര്‍ത്തേക്കാം. ചിലപ്പോള്‍ അത് നമുക്ക് ജീവിതത്തില്‍ വലിയ വിജയങ്ങള്‍ നേടിത്തരുകയും ചെയ്‌തേക്കാം.
ഹാന്‍ഡില്‍ വിത്ത് കെയര്‍ എന്ന് സ്ഫടികപാത്രങ്ങള്‍ക്ക് മീതേ എഴുതിവയ്ക്കുന്നതുപോലെ സൂക്ഷിച്ചുപയോഗിക്കേണ്ടവ തന്നെയാണ് വാക്കുകള്‍. നമ്മുടെ വ്യക്തിപരമോ ഔദ്യോഗികമോ ആയ വിജയങ്ങള്‍ പോലും നിശ്ചയിക്കുന്നത് നാം ഉപയോഗിക്കുന്ന വാക്കുകളാണെന്നാണ് വിദഗ്ദരുടെ അഭിപ്രായം. നമ്മുടെ ലക്ഷ്യങ്ങള്‍ സാധ്യമാക്കാന്‍ നാം പ്രയോഗിക്കുന്ന വാക്കുകള്‍ ഒരുപരിധിവരെ നിര്‍ണ്ണായകമാകുന്നുണ്ട് എന്നും ഇവര്‍ അവകാശപ്പെടുന്നു. അതുകൊണ്ടുതന്നെ ജീവിതത്തില്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത ചില വാക്കുകളുമുണ്ടത്രെ. അതിലൊന്നാണ് ട്രൈ( try). നാം ഇതുവരെ വിചാരിച്ചിരുന്നത് ശ്രമിക്കുക, ശ്രമിക്കും എന്നൊക്കെ പറയുന്നത് നല്ല അര്‍ത്ഥത്തിലാണെന്നാണ്. എന്നാല്‍ അത് അങ്ങനെയല്ല . ചെയ്യും ചെയ്യില്ല ഇതാണത്രെ കൃത്യമായ മറുപടി.
അല്ലാതെ ഞാന്‍ ശ്രമിക്കും എന്ന് പറയുമ്പോള്‍ അതില്‍ പ്രതിബദ്ധതയുടെ കുറവുണ്ട്. ഉദാഹരണത്തിന് ഞാന്‍ നാളെ മുതല്‍ വ്യായാമം ചെയ്യാന്‍ ശ്രമിക്കും ഞാന്‍ നാളെ മുതല്‍ നേരത്തെ എഴുന്നേൽക്കാൻ ശ്രമിക്കും എന്നൊന്നും ഉപയോഗിക്കരുതെന്നും ഇതിലെ ശ്രമിക്കും എന്ന് ഒഴിവാക്കി ഞാന്‍ നാളെ മുതല്‍ രാവിലെ എഴുന്നേൽക്കും എന്നോ എഴുന്നേൽക്കില്ല എന്നോ പറഞ്ഞുനോക്കാനാണ് ഇവര്‍ പറയുന്നത്. അതില്‍ നമ്മുടെ തീരുമാനമുണ്ട്. ഞാനത് ചെയ്യും എന്നതാണ് ശരിയായ രീതി. അതില്‍ വിജയവുമുണ്ട്.
രണ്ടാമതായി ഒഴിവാക്കേണ്ട വാക്കാണ് മേ ബീ( may be). ചില പാര്‍ട്ടികള്‍ക്കോ മീറ്റിംങ്ങുകൾക്കോ ക്ഷണിക്കുമ്പോള്‍ നമ്മളില്‍ ചിലര്‍ പറയാറില്ലേ ഒരു വേള ഞാന്‍ വന്നേക്കാം. ചിലപ്പോള്‍ ഞാന്‍ വന്നേക്കാം. ദുര്‍ബലമായ ഒരു വാക്കാണത്രേ അത്. സത്യസന്ധമല്ലാത്ത ഒരുവാക്കായിട്ടാണ് ഇതിനെ ചില മന:ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. അതുകൊണ്ട് മുകളില്‍ പറഞ്ഞതുപോലെ മേ ബീ ക്ക് പകരം യേസ് എന്നോ നോ എന്നോ പറയുക.
എനിക്ക് സമയമില്ല എന്നു പറയല്ലേ
ഭൂരിപക്ഷവും ഇങ്ങനെ പറയുന്നവരാണ്. എനിക്ക് സമയമില്ല. പക്ഷേ എല്ലാവരുടെയും ദിവസത്തിന്റെ അക്കൗണ്ടില്‍ ഒരേ സമയമാണുള്ളത്. 24 മണിക്കൂര്‍. അപ്പോള്‍ ചിലര്‍ക്ക് ആ മണിക്കൂറിനുള്ളില്‍ അവരുടേതായ എല്ലാ കാര്യങ്ങളും ചെയ്തുതീര്‍ക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ മറ്റ് ചിലര്‍ക്ക് എന്തുകൊണ്ട് അതിനു കഴിയുന്നില്ല? ഒരു കാര്യം ചെയ്യാന്‍ വേണ്ടി സമയമില്ല എന്ന് അവര്‍ പറയുന്നത് അവര്‍ക്ക് സമയമില്ലാത്തതുകൊണ്ടല്ല അതിന് വേണ്ടി സമയം നീക്കിവയ്ക്കാന്‍ അവര്‍ക്ക് മനസ്സില്ല എന്നതുകൊണ്ടാണ്.
സമയമില്ല എന്ന് തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നത് സമയം ഫലപ്രദമായി വിനിയോഗിക്കാനുള്ള അവരുടെ ഉത്തരവാദിത്തത്തെ അവഗണിക്കലാണ്. സമയം ഉളളതും സമയം കണ്ടെത്തുന്നതും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. എനിക്ക് സമയമില്ല എന്ന് പരാതിപ്പെടുന്നതിന് പകരം മറ്റ് ചില കാര്യങ്ങള്‍ക്കാണ് ഞാന്‍ ഇപ്പോള്‍ മുന്‍ഗണന കൊടുത്തിരിക്കുന്നത് എന്ന് പറഞ്ഞുതുടങ്ങുക..മനോഭാവത്തിലും വാക്കിലും വരുത്തുന്ന ഇത്തരം മാറ്റങ്ങള്‍ നമ്മെ പുതിയ വ്യക്തികളാക്കി മാറ്റുക തന്നെ ചെയ്യും.