Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അർബുദം കവർന്ന ശബ്ദം തിരിച്ചുപിടിച്ച് നളിനി; പുകവലിക്കാരായ ഭർത്താക്കന്മാർ അറിയണം ഈ കഥ

nalini ചിത്രത്തിന് കടപ്പാട് : ഫെയ്സ്ബുക്ക്.

നളിനി സത്യനാരായണ്‍ എന്ന എഴുപതുവയസ്സുകാരി ജീവിതത്തില്‍ ഇന്നുവരെ സിഗരറ്റ് വലിച്ചിട്ടില്ല. അറിഞ്ഞുകൊണ്ട് ആരെയും വിഷമിപ്പിച്ചിട്ടുമില്ല. എന്നിട്ടും സമാധാനത്തോടെ ജീവിക്കേണ്ട വാര്‍ധക്യത്തില്‍ മഹാരോഗത്തിന്റെ ഇരയായി. കടുത്ത പുകവലിക്കാരെ കീഴ്പ്പെടുത്തുന്ന അസുഖത്തിന്റെ ഇര; ശബ്ദം തന്നെ നഷ്ടപ്പെട്ടു. മക്കളും ഭാഗ്യവും ഡോക്ടര്‍മാരും കൂടെനിന്നപ്പോള്‍ നഷ്ടപ്പെട്ട ജീവിതം തിരിച്ചുപിടിച്ചു നളിനി- അറിഞ്ഞുകൊണ്ടു തെറ്റു ചെയ്യുന്നവര്‍ക്കും ഇരയാകണ്ടിവരുന്ന ഭാഗ്യദോഷികള്‍ക്കും വിലപ്പെട്ട പാഠം പഠിപ്പിക്കാന്‍.

നിരന്തരമായ പുകവലി വലിയ രോഗിയാക്കിമാറ്റുമെന്ന് ഇന്നു കുട്ടികള്‍ക്കുപോലുമറിയാം. പക്ഷേ, ഉപയോഗിക്കുന്നവരെ മാത്രമല്ല കൂടെയിരിക്കുന്നവരെപ്പോലും ഇരകളാക്കും പുകവലി എന്ന എത്രപേര്‍ മനസ്സിലാക്കിയിട്ടുണ്ട്. പുകവലിക്കുന്നവരും പുകവലിക്കാരോടൊപ്പം ജീവിക്കുന്നവരും പുകവലിക്കാരെ കണ്ടിട്ടില്ലാത്തവര്‍പോലും അറിയിണം നളിനി എന്ന ബെംഗലൂരു സ്വദേശിനിയുടെ ജീവിതകഥ. ഒരു മനുഷ്യന്റെ ദുശ്ശീലം മറ്റൊരാളുടെ ജീവിതം തകര്‍ത്ത കഥ.

ജീവിതത്തില്‍ ഒരിക്കലും ഞാന്‍ പുകവലിച്ചിട്ടില്ല. എന്നിട്ടും ഇന്നെനിക്കു വോയ്സ് ബോക്സ് തന്നെയില്ല- ഫെയ്സ്ബുക്കില്‍ നളിനി എഴുതി. 1972- ല്‍ ആയിരുന്നു നളിനിയുടെ വിവാഹം. ബന്ധുവുമായി. ഭര്‍ത്താവു നിരന്തരമായി പുകവലിക്കുമായിരുന്നു.വീട്ടുകാര്‍ വിലക്കിയിട്ടും അദ്ദേഹം പുകവലി ഒഴിവാക്കിയില്ല. 45-ാം വയസ്സില്‍ അദ്ദേഹത്തിന് ഒരു ചെറിയ സ്ട്രോക്ക് വന്നു.

രോഗത്തിനുശേഷം അദ്ദേഹം പുകവലിക്കുന്നതു കുറച്ചു. പക്ഷേ പൂര്‍ണമായി ഉപേക്ഷിക്കാന്‍ കഴിഞ്ഞില്ല. അഞ്ചുവര്‍ഷത്തിനുശഷം അദ്ദേഹത്തിനു ഹൃദയാഘാതവും ഉണ്ടായി. അതോടെ പുകവലി നിര്‍ത്തി. ഒമ്പതു വര്‍ഷത്തിനുശഷം ഉറക്കത്തില്‍ നളിനിയുടെ ഭര്‍ത്താവു വിടപറഞ്ഞു. ഭര്‍ത്താവിനോടുത്തുള്ള ജീവിതത്തില്‍ അറിയാതെ നളിനിയും പാസീവ് സ്മോക്കര്‍ ആയി മാറുകയായിരുന്നു. ജീവിതത്തിലെ വലിയ ദുരന്തം നളിനി തിരിച്ചറിയുന്നതു ഭര്‍ത്താവ് മരിച്ച് അഞ്ചാം വര്‍ഷം. 2009-ല്‍.

എന്റെ ശബ്ദം ദുര്‍ബലമായിത്തുടങ്ങി. ഒച്ച പൂര്‍ണമായും പുറത്തുവരാത്തതുപോലെ. ഡോക്ടര്‍മാര്‍ മരുന്നുകള്‍ നിര്‍ദേശിച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോഴക്കും എനിക്കു ശബ്ദം പൂര്‍ണമായും നഷ്ടപ്പെട്ടു. മക്കള്‍ എന്നെ ആശുപത്രിയിലാക്കി. വോക്കല്‍ കോര്‍ഡ്സിനെ ബാധിച്ച അള്‍സറാണ് അസുഖമെന്നു പറഞ്ഞു ഡോക്ടര്‍മാര്‍. പക്ഷേ സത്യം മറ്റൊന്നാണെന്നെനിക്കു മനസ്സിലായി- നളിനി എഴുതി. ഒടുവില്‍ അസുഖമെന്താണെന്നു തിരിച്ചറിഞ്ഞപ്പോഴക്കും നളിനി തളര്‍ന്നു. 

ജീവിതം അവസാനിക്കുന്നതുപോലെ തോന്നി എനിക്ക്. എന്തു തെറ്റു ചെയ്തിട്ടാണ് എനിക്ക് ഈ വിധി വന്നതെന്നു ഞാന്‍ ചിന്തിച്ചു. സിഗരറ്റ് വലിച്ചിട്ടില്ല. ആറിഞ്ഞുകൊണ്ട് ഒരാളെയും ഉപദ്രവിച്ചിട്ടില്ല. ഞാന്‍ പാസീവ് സ്മോക്കിങ്ങിന്റെ ഇരയാണെന്നു പറഞ്ഞു ഡോക്ടര്‍മാര്‍. അതേക്കുറിച്ചു കട്ടിട്ടയില്ലായിരുന്നു ഞാന്‍. എന്നും ഭര്‍ത്താവിനൊപ്പമായിരുന്നു എന്റെ ജീവിതം. അദ്ദേഹം പുകവലിക്കുമ്പോഴും കൂടെ ഇരിക്കുമായിരുന്നു. ഇപ്പോഴിതാ തൊണ്ടയില്‍ മഹാരോഗം-കാന്‍സര്‍. 

ചികില്‍സ തുടങ്ങിയെങ്കിലും രോഗത്തിന്റെ ആക്രമണവും തുടര്‍ന്നു. നളിനിയുടെ വോക്കല്‍ കോര്‍ഡുകള്‍ നീക്കം ചെയ്തു. തൈറോയ്ഡ് ഗ്ലാന്‍ഡും നീക്കം ചെയ്തു. തൊണ്ടയില്‍ ഒരു ഹോള്‍ ഇട്ടു.ഭക്ഷണം കഴിക്കുന്നതു വയറ്റിലക്കു ഘടിപ്പിച്ച ഒരു ട്യൂബ് വഴി. വിധിയെ ശപിച്ചു കിടക്കയെ അഭയം പ്രാപിക്കാമായിരുന്നു നളിനിക്ക്. അവരതു ചെയ്തില്ല. പകരം ജീവിതത്തെ സ്നേഹിച്ചു. മുന്‍പത്തേക്കാളുമധികം. മറ്റൊരിക്കലുമില്ലാത്തരീതിയില്‍. 

കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ പഠിച്ച നളിനി വോയ്സ് പ്രോത്തെസിസ് വഴി സംസാരിക്കാനും പഠിച്ചു. താമസിയാതെ കൈകളുടെ പിന്തുണയില്ലാതെ തൊണ്ടയില്‍ ഘടിപ്പിച്ച ഉപകരണത്തിലൂടെ നളിനി സംസാരിച്ചുതുടങ്ങി. നഷ്ടപ്പെട്ട ശബ്ദം തിരിച്ചുകിട്ടിയപ്പോള്‍ ഒരു കുട്ടിയെപ്പോലെ പൊട്ടിച്ചിരിച്ചു നളിനി. ആദ്യമായി സംസാരിക്കുന്ന കുട്ടിയെപ്പോലെ നിര്‍ത്താതെ സംസാരിക്കുകയാണ് ഇന്നു നളിനി. ഫെയ്സ്ബുക്കില്‍ നളിനി എഴുതിയ ജീവിതകഥ ഒറ്റദിവസത്തില്‍‍തന്നെ ഷെയര്‍ ചെയ്തതു 18000 പേര്‍.