Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകളുടെ കന്യാദാനം നടത്തുന്ന അമ്മയുടെ ചിത്രം വൈറലായതിനു പിന്നിൽ?

kanyadaan ചിത്രത്തിന് കടപ്പാട്; ഫെയ്സ്ബുക്ക്.

ഒരു പെൺകുട്ടിയെ വിവാഹവേദിയിൽ കൈപിടിച്ചു കൊടുക്കുന്നത് അവളുടെ അച്ഛനാണ്. അച്ഛന്റെ അഭാവത്തിൽ പെൺകുട്ടിയുടെ അമ്മാവന്മാരോ ആങ്ങളയോ ആ കടമ നിർവഹിക്കും. വർഷങ്ങളായി പിന്തുടർന്നു പോരുന്ന ആചാരമാണിത്. എന്നാൽ ഒരമ്മ മകളുടെ കന്യാദാനം നടത്തുന്ന ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

അമ്മയുടെ പേര് രാജേശ്വരി ശർമ്മ. വിവാഹച്ചിത്രങ്ങളെടുക്കാനെത്തിയ ഫൊട്ടോഗ്രാഫറിലൂടെയാണ് മകളുടെ കന്യാദാനം നടത്തുന്ന അമ്മയെക്കുറിച്ച് ലോകമറിഞ്ഞത്. 17 വർഷങ്ങൾക്കു മുമ്പ് ഭർത്താവുമായി വേർപെട്ടു താമസിക്കുന്ന രാജേശ്വരിയും മക്കളും ആസട്രേലിയയിലാണ് താമസം.

ഈ കാലമത്രയും കുഞ്ഞുങ്ങളെ വളർത്തിയതും പഠിപ്പിച്ചതുമെല്ലാം രാജേശ്വരി ഒറ്റയ്ക്കാണ്. ഒരു ആസ്ട്രേലിയൻ പൗരനെ മകൾജീവിത പങ്കാളിയായി തിരഞ്ഞെടുത്തപ്പോൾ ആ അമ്മ എതിർത്തില്ല. മകൾക്കു മുന്നിൽ വെച്ചത് ഒരു നിബന്ധന മാത്രം. വിവാഹം പരമ്പരാഗത ഹിന്ദു ആചാരപ്രകാരം നടത്തണം.

അങ്ങനെ അവർ ചെന്നൈയിലെത്തുകയും പരമ്പരാഗതമായ ആചാരപ്രകാരം വിവാഹം നടത്തുകയും ചെയ്തു. മകളെ മടിയിലിരുത്തി കന്യാദാനം നടത്തിയത് രാജേശ്വരി തന്നെയാണ്. മക്കളുടെ വളർച്ചയുടെ ഓരോഘട്ടത്തിലും അവർക്കുവേണ്ടി കഷ്ടപ്പെട്ടതാൻ എന്തിനു മകളുടെ വിവാഹസമയത്ത് മാറിനിൽക്കണം എന്നാണ് അവർ ചിന്തിച്ചത്. മക്കളുടെയും അഭിപ്രായം അതു തന്നെയായിരുന്നു. തങ്ങളെ കഷ്ടപ്പെട്ടുവളർത്തിയ അമ്മയെ മാറ്റിനിർത്തി യാതൊരു സന്തോഷവും വേണ്ടെന്ന് അവരും തീരുമാനിച്ചപ്പോൾ ആ അമ്മ തന്നെ മകളെ കൈപിടിച്ചു നൽകി.

പങ്കാളി കൂടെയില്ലാതെ കുട്ടികളടങ്ങുന്ന കുടുംബത്തെ മുന്നോട്ടുകൊണ്ടു പോകുന്നവർക്ക് ഈ അമ്മയെ നന്നായി മനസ്സിലാക്കാൻ കഴിയുമെന്നു പറഞ്ഞുകൊണ്ടാണ് ലോകം ഈ അമ്മയെ അഭിനന്ദിക്കുന്നത്.