ലോകത്തിന്റെ ഹൃദയം കീഴടക്കിയ ചിത്രം; ആശുപത്രി വരാന്തയിൽ ഭാര്യയുടെ പ്രസവമെടുത്ത് ഭർത്താവ്

ആശുപത്രിയിലെത്തും മുമ്പേ ഈ കുഞ്ഞു പുറത്തു വരും ആശങ്കയോടെ അവൾ ഭർത്താവിനോട് പറഞ്ഞു കൊണ്ടിരുന്നു. പേടിക്കണ്ട, ആശുപത്രിയിലെത്തും വരെ ഒരു കുഴപ്പവുമുണ്ടാകാതെ നിന്നെ ഞാൻ നോക്കിക്കൊള്ളാം. ഭർത്താവ് ഭാര്യയ്ക്കു വാക്കു നൽകി. അദ്ദേഹത്തിന്റെ കണക്കു കൂട്ടൽ തെറ്റിയില്ല ആശുപത്രിയിലെ പ്രസവമുറിയിൽ വച്ചല്ലെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ കുഞ്ഞിന് ജന്മം നൽകിയത് ആശുപത്രിക്കുള്ളിൽ വച്ചു തന്നെയാണ്.

മാൻഹട്ടനിലെ ക്രിസ്ഹോസ്പിറ്റലിലാണ് സംഭവം. ആറുമക്കളുടെ അമ്മയായ ജസ് ഹോഗന് പ്രസവത്തെക്കുറിച്ച് യാതൊരു ആശങ്കകളുമില്ലായിരുന്നു. പ്രസവത്തീയതിക്ക് ഏറെ മുൻപേ തന്നെ ഭർത്താവ് ട്രാവിസിനെക്കൂട്ടി അവർ ആശുപത്രിയിലെത്തി. എന്നാൽ പ്രസവത്തിന് ഇനിയും ദിവസങ്ങൾ ബാക്കിയുണ്ടെന്നു പറഞ്ഞ് ആശുപത്രി അധികൃതർ അവരെ തിരിച്ചയച്ചു. പക്ഷേ പാതിരാത്രിയോടെ രംഗം വഷളായി ജെസിന് പ്രസവവേദനയാരംഭിച്ചു. ആശുപത്രിയിലേക്കുള്ള യാത്രക്കിടയിൽത്തന്നെ പ്രസവം നടക്കുമെന്ന് ജെസിന് ഉറപ്പായി. അമ്നിയോട്ടിക് ദ്രവം പുറത്തു വന്നുതുടങ്ങിയെന്നും ആശുപത്രിയെത്തുന്നതിനു മുമ്പ് താൻ പ്രസവിക്കുമെന്നും അവർ ഭർത്താവിനോട് പറഞ്ഞുകൊണ്ടിരുന്നു.

എന്നാൽ എന്തുതന്നെ സംഭവിച്ചാലും പ്രസവം ആശുപത്രിയിലേ നടക്കൂവെന്ന് ട്രാവിസ് ഭാര്യയ്ക്കു വാക്കുനൽകി. എന്നാൽ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾത്തന്നെ കുഞ്ഞിന്റെ തല പുറത്തു വരുന്നതായി ജെസിന് തോന്നി. ഉടൻ തന്നെ അവൾ ഭർത്താവിനോട് പുറത്തേക്കു വന്നുകൊണ്ടിരിക്കുന്ന കുഞ്ഞിനെ സുരക്ഷിതനായി എടുക്കുവാനുള്ള നിർദേശം നൽകി. യുവതിയെ എമർജൻസി റൂമിൽ പ്രവേശിപ്പിക്കുന്നതിനു മുമ്പു തന്നെ ആശുപത്രി വരാന്തയിൽവച്ച് അവർ കുഞ്ഞിനു ജന്മം നൽകി.

ഭർത്താവിന്റെ സഹായത്തിന് ഉടൻ തന്നെ ഒരു നഴ്സ് ഓടിയെത്തിയെങ്കിലും അപ്പോഴേക്കും പ്രസവം കഴിഞ്ഞിരുന്നു. അവർ കുഞ്ഞിന്റെ പൊക്കിൾക്കൊടി വേർപെടുത്തിയ ശേഷം അമ്മയേയും കുഞ്ഞിനെയും എമർജന്സി റൂമിലേക്കു മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും അവർ അറിയിച്ചു. ജെസ് തന്റെ കടപ്പാടും നന്ദിയുമെല്ലാം അറിയിക്കുന്നത് ഭർത്താവ് ട്രാവിസിനോടാണ്.

'' അദ്ദേഹംവാക്കു തന്നതുപോലെ കുഞ്ഞ് ജനിച്ചത് ആശുപത്രിയിലാണ്. പ്രസവമുറിയിൽ പ്രവേശിക്കാനുള്ള സാവകാശം കിട്ടുന്നതിനു മുമ്പേ അവൻ പുറത്തു വന്നു.ഞാനേറ്റവും കൂടുതൽ നന്ദി പറയുന്നത് എന്റെ ഭർത്താവിനോടാണ്. യാതൊരു അറപ്പും മടിയും കൂടാതെ അദ്ദേഹം ഞങ്ങളുടെ കുഞ്ഞിനെ കാത്തു. ഡോക്ടർമാരുടെയും നഴ്സിന്റെയുമൊക്കെ സഹായം പ്രസവശേഷമാണ് ലഭിച്ചത്. എനിക്കുറപ്പുണ്ട് അദ്ദേഹം ഈ ലോകത്തിലെ ഏറ്റവും മികച്ച ഭർത്താവും അച്ഛനുമാണ്. അത്രത്തോളമാണ് അദ്ദേഹം ഞങ്ങൾക്കു തരുന്ന കരുതലും സ്നേഹവും''.