നവഡിന്റെ സ്വരത്തില്‍ ആകാംക്ഷയുണ്ടായിരുന്നു; അതിലേറെ ഉല്‍കണ്ഠ. സന്തോഷത്തിനു പകരം ആശങ്ക. ഉറപ്പായ ഭീതിയാല്‍ വിറച്ചുകൊണ്ടിരുന്നു വാക്കുകള്‍. ജീവിതത്തിലെ വലിയ സന്തോഷങ്ങളിലൊന്നിലൂടെ കടന്നുപോകുകയായിരുന്നു ആ ചെറുപ്പക്കാരന്‍. എന്നിട്ടും സന്തോഷത്തിനു പകരം അയാള്‍ അശങ്കപ്പെട്ടതിനു കാരണമുണ്ട്. എല്ലാവര്‍ക്കുമറിയാവുന്ന അതേ കാരണം തന്നെ. അതറിയണമെങ്കില്‍ നവഡ് പോസ്റ്റ് ചെയ്ത ഓഡിയോ ക്ലിപ് കേള്‍ക്കണം. വെറുതെ കേള്‍ക്കുകയല്ല; ഉള്‍ക്കൊള്ളുകതന്നെ വേണം.
നവഡ് ഫോണില്‍ വിളിച്ചത് ഒരു ഗൈനക്കോളജിസ്റ്റിനെ. ഭാര്യ നാലു മാസം ഗര്‍ഭിണിയാണ്. അതിലും വലിയ വിശേഷം ജനിക്കാന്‍ കാത്തിരിക്കുന്നത് ഒരു പെണ്‍കുട്ടി. നവഡിന്റെ തൊട്ടടുത്ത വാചകം അക്ഷരാര്‍ഥത്തില്‍ ഡോക്ടറെ ഞെട്ടിച്ചു.
ഡോക്ടറെ ഞാനിപ്പോള്‍ വിളിക്കാന്‍ കാരണമുണ്ട്. ഭാര്യയുടെ ഗര്‍ഭം അലസിപ്പിക്കണം.
മാറാരോഗം പോലെ പരിഹരിക്കാന്‍ വയ്യാത്ത എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ- ഡോക്ടര്‍ സൗമ്യമായി തിരക്കി.
ഇല്ല. അത്തരം പ്രശ്നങ്ങളൊന്നുമില്ല. ഗര്‍ഭം അലസിപ്പിക്കാന്‍ ഒരു കാരണമയുള്ളൂ- അതൊരു പെണ്‍കുട്ടി.
അടുത്തനിമിഷം ഡോക്ടര്‍ പൊട്ടിത്തെറിച്ചു.
ഇങ്ങനെയൊരു കാര്യത്തിനുവേണ്ടി എന്നെ വിളിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു. ഗര്‍ഭത്തിലുള്ള കുട്ടി ആണാണോ പെണ്ണാണോ എന്നറിയുന്നതു നിയമവിരുദ്ധമാണെന്നു നിങ്ങള്‍ക്കറിയില്ലേ. അതിലും കുറ്റകരമാണ് പെണ്‍കുട്ടിയാണെന്നറിഞ്ഞപ്പോള്‍ ആ ജീവന്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. നിങ്ങള്‍ക്കു സ്വബോധമില്ലേ. നിങ്ങളൊരു ആണാണോ?
ഡോക്ടര്‍ വല്ലാതെ ക്ഷോഭിച്ചെങ്കിലും ശാന്തനായിരുന്നു നവഡ്. തീരുമാനത്തില്‍ ഉറച്ചുനിന്ന്, ഞാന്‍ പറയുന്നതുകൂടി കേള്‍ക്കൂ എന്നു പറഞ്ഞുകൊണ്ട് നവഡ് തന്റെ തീരുമാനത്തെ ന്യായീകരിച്ചു. വിശദീകരിച്ചു.
ഡോക്ടര്‍ ജീവിക്കുന്നത് ഈ ലോകത്തുതന്നെയല്ലേ. ഒരോ ദിവസവും ഇവിടെ നടക്കുന്ന കാര്യങ്ങള്‍ ഡോക്ടര്‍ അറിയുന്നില്ല. ഇന്ത്യയിലായാലും പാക്കിസ്ഥാനിലായാലും ലോകത്തിന്റെ മറ്റേതു ഭാഗത്തായാലും പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുന്നു. പൈശാചികമായി ഇരകളാക്കപ്പെടുന്നു. ഒരു തെറ്റേയുള്ളൂ അവരുടെ ഭാഗത്ത്. ഒരു കുറ്റമേ അവര്‍ ചെയ്തിട്ടുള്ളൂ. പെണ്‍കുട്ടികളാണ് എന്ന ഒരേയൊരു തെറ്റ്.
ആ തെറ്റിന്റെ ഫലമനുഭവിക്കുകയാണവര്‍. ഈയടുത്തല്ലേ നമ്മുടെ അയല്‍ രാജ്യത്ത് ഏഴുവസ്സുകാരി പെണ്‍കുട്ടിയുടെ പീഡനത്തിനിരയായ മൃതശരീരം ചവറ്റുകൂനയില്‍നിന്നു കണ്ടെടുത്തത്. ഇതുവരെ കേസില്‍ ഒരു പ്രതിയെയെങ്കിലും പിടിച്ചോ. കുറ്റവാളികളെ പിടിച്ചു വിചാരണയും കഴിഞ്ഞിട്ടാണല്ലോ ശിക്ഷ. ഒരു തെറ്റും ചെയ്യാത്ത പെണ്‍കുട്ടിയെ മൃഗീയമായി കൊലപ്പെടുത്തിയ പ്രതികള്‍ സ്വൈര്യവിഹാരം ചെയ്യുന്ന ലോകത്ത് എന്തായിരിക്കും എന്റെ മോളുടെ വിധി ? അങ്ങനെയൊരു ലോകത്തക്ക് മകള്‍ ജനിച്ചു വീഴരുതെന്ന് ആഗ്രഹിക്കുന്ന ഞാന്‍ തെറ്റുകാരനാണോ- പറയൂ ഡോക്ടര്‍.
ഗര്‍ഭഛിദ്രത്തിനുള്ള എന്തു വലിയ ശിക്ഷയും ഏറ്റുവാങ്ങാന്‍ ഞാന്‍ തയാറാണ്. പക്ഷ, ആദ്യം എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം തരൂ. എന്റെ ആശങ്കകള്‍ പരിഹരിക്കൂ. അതിനു നിങ്ങള്‍ക്കു കഴിയുമോ ?
നവഡിന്റെ ശബ്ദം ഉയര്‍ന്നുകൊണ്ടിരുന്നു. പെണ്‍കുട്ടിയുടെ പിതാവാകുന്നതിന്റെ പേരില്‍മാത്രം അസ്വസ്ഥനാകുന്ന ഒരു അച്ഛന്റെ ധാര്‍മികരോഷമുണ്ടായിരുന്നു അയാളുടെ വാക്കുകളില്‍. ദിവസേന കേള്‍ക്കുന്ന വാര്‍ത്തകള്‍ വാള്‍മുനകളായി ആഴ്ന്നിറങ്ങുകയായിരുന്നു നെഞ്ചില്‍. ക്ഷോഭിക്കാതിരിക്കുന്നതെങ്ങനെ. ശബ്ദം ഉയര്‍ത്താതിരിക്കുന്നതെങ്ങനെ. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ കൂടുന്നു. ഡോക്ടറും വക്കീലും ഈ രാജ്യത്തെ ഭരണാധികാരികളും ഉള്‍പ്പെടെയുള്ളവര്‍ നിശ്ശബ്ദരാണ്. ഉത്തരം പറയണ്ടവര്‍ നിശ്ശബ്ദരാകുന്ന ഒരു സമൂഹത്തില്‍ ധൈര്യത്തോടെ എങ്ങനെ ജീവിക്കും ?
ഗര്‍ഭഛിദ്രമെന്ന വാക്കു കട്ടപ്പോള്‍ ക്ഷോഭിച്ച ഡോക്ടര്‍ ഇപ്പോള്‍ ശാന്തയാണ്. അവര്‍ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു നവഡിനെ. നിങ്ങള്‍ പറയുന്നതു ശരിയാണ്. ഞാനുമത് അംഗീകരിക്കുന്നു. പക്ഷേ.....
റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന നവഡ് ഈ സംഭാഷണമുള്‍ക്കൊള്ളുന്ന ഓഡിയോ ടേപ് ‘ ഇതെന്ന് അവസാനിക്കും’ എന്ന പേരില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ഉടന്‍ ലക്ഷക്കണക്കിനുപേർ പിന്തുണയുമായി എത്തി . അതേ, അസ്വസ്ഥനായ ഒരു വ്യക്തി മാത്രമല്ല നവഡ്. ആശങ്കയില്‍ ജീവിക്കുന്ന ആയിരക്കണക്കിനു പിതാക്കന്‍മാരുടെ പ്രതിനിധിയാണയാള്‍. നീറുന്ന നെഞ്ചിന്റെ ഉടമകള്‍. കൊല്ലുന്ന ചിന്തകളുടെ ഇരകള്‍. ആര് ഉത്തരം കൊടുക്കും അവരുടെ ആശങ്കകള്‍ക്ക്...?