വിവാഹദിവസം ഭാര്യയുടെ അഭിമുഖമെടുത്ത് പാക്ക് ജേണലിസ്റ്റ്

പാക്കിസ്ഥാനിലെ സിറ്റി 41 ലോക്കല്‍ ചാനലിന്റെ പ്രേക്ഷകര്‍ക്ക് അപരിചിതനല്ല ഹനന്‍ ബുഖാരി. റിപ്പോര്‍ട്ടർ‍. കഴിഞ്ഞദിവസം മൈക്കുമായി ബുഖാരി നില്‍ക്കുന്നതുകണ്ടപ്പോള്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കാന്‍ കാരണം അദ്ദേഹത്തിന്റെ വസ്ത്രധാരണം. നവവരനെപ്പോലെ അണിഞ്ഞൊരുങ്ങിയിരിക്കുന്നു ബുഖാരി. വിവാഹവേദിയില്‍നിന്നുമാണ് റിപ്പോർട്ടിങ്. കൗതുകം തോന്നി ശ്രദ്ധിച്ച പ്രേക്ഷകര്‍ അമ്പരക്കാതിരുന്നില്ല. ഹനന്‍ ബുഖാരി വിവാഹിതനാകുന്നു. അദ്ദേഹം റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നതു സ്വന്തം വിവാഹത്തിന്റെ ചടങ്ങുകള്‍.

ഇതു സന്തോഷത്തിന്റെ നിമിഷമാണ്; എനിക്കും എന്റെ കുടുംബത്തിനും ;-  ഹനന്‍ റിപ്പോർട്ടിങ് തുടരുന്നു. ബുഖാരിയുടെ വിവാഹത്തിന് ഒരു പ്രത്യേകതകൂടിയുണ്ട്. പ്രണയവിവാഹമാണ്. അതുകൊണ്ടുതന്നെ വധുവും കുടുംബാംഗങ്ങളുമൊക്കെ വലിയ സന്തോഷത്തിലും. വിവാഹത്തിനൊപ്പം പ്രണയം കൂടി വെളിപ്പെടുത്തി ഹനന്‍. അവിടം കൊണ്ടും റിപ്പോർട്ടറായ വരന്റെ ജോലി തീര്‍ന്നില്ല. പിതാവിനെ മൈക്കിനുമുന്നില്‍ നിര്‍ത്തി അഭിമുഖവും നടത്തി അദ്ദേഹം. 

രസകരായ നിമിഷം വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. വധുവുമായും ഹനന്‍ അഭിമുഖം നടത്തി. മജ്‍നു എന്നു സ്വയം വിശേഷിപ്പിച്ചുകൊണ്ട് തന്റെ പ്രണയകഥയിലെ ലൈലയോട് അദ്ദേഹം പ്രണയത്തെക്കുറിച്ചും വിവാഹനിമിഷത്തിലെ സന്തോഷത്തെക്കുറിച്ചും ചോദിച്ചു. 

ഹനന്‍ ബുഖാരിയുടെ വിവാഹത്തിന്റെ ഒന്നിലധികം വിഡിയോ ക്ലിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. പത്രപ്രവര്‍ത്തകന്‍ അമര്‍ ഗുരിയോ ഷെയര്‍ ചെയ്ത വീഡിയോ വൈറലാകുകയും ചെയ്തു. ആയിരക്കണക്കിനു ലൈക്കും ഷെയറും നേടി വലിയ തരംഗം തന്നെ സൃഷ്ടിച്ചിരിക്കുന്നു വിഡിയോ. 

സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൈര്‍ഘ്യമേറിയ ഒരു വീഡിയോയില്‍ മറ്റൊരു റിപ്പോർട്ടർ ഹനന്റെ വിവാഹം റിപ്പോർട്ട് ചെയ്യുന്നതും കാണാം. അദ്ദേഹം വിവാഹത്തെക്കുറിച്ചു ഹനന്‍ ബുഖാരിയോടു ചോദിക്കുമ്പോള്‍ താനാണ് ഈ സംഭവം കവര്‍ ചെയ്യുന്നതെന്ന ഭാവത്തില്‍  ഹനന്‍ റിപ്പോര്‍ട്ടിങും തുടങ്ങുന്നു. ഈ മാസം നാലിനാണു വിവഹവിഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്. അന്നുമുതല്‍ ഹനന്റെ നടപടിയെ വിമര്‍ശിച്ചും പിന്തുണച്ചും ആയിരങ്ങള്‍ ട്വിറ്ററില്‍ സജീവം. ഈ വര്‍ഷത്തെ മികച്ച മാധ്യമപ്രവര്‍ത്തകനുള്ള പുരസ്കാരം ഹനനു നല്‍കണമെന്നു ചിലര്‍ വാദിക്കുമ്പോള്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയവരുമുണ്ട്.

സ്വന്തം വിവാഹം റിപ്പോർട്ടർ റിപ്പോർട്ട് ചെയ്യുന്നതില്‍ എന്താണു തെറ്റെന്നു ചിലർ ചോദിക്കുന്നു. പത്രപ്രവര്‍ത്തനത്തിന്റെ ചരമം കുറിക്കുന്ന ദിസവമാണെന്നാണു മറ്റുചിലര്‍ അഭിപ്രായപ്പെടുന്നത്.