പതിനൊന്നാം വയസ്സില്‍ ഒരു പെണ്‍കുട്ടിക്ക് ആര്‍ത്തവ വിരാമം സംഭവിക്കുക. എന്നിട്ട് മുപ്പതാം വയസില്‍ അവള്‍ ഗര്‍ഭവതിയാകുക. ഈ വാര്‍ത്ത വായിക്കുമ്പോള്‍ നാം അസാധാരണമെന്നും അവിശ്വസനീയമെന്നും വിധിയെഴുതും. കാരണം ആര്‍ത്തവവിരാമം എന്താണെന്നും അത് എപ്പോഴാണ് സംഭവിക്കുന്നതെന്നും നമുക്കറിയാം. അതുപോലെ ആര്‍ത്തവിരാമം സംഭവിച്ച ഒരു സ്ത്രീക്ക് ഗര്‍ഭവതിയാകാന്‍ കഴിയില്ലെന്നും.
എന്നാല്‍ ഇത്തരം പൊതുധാരണകളെല്ലാം മാറ്റിമറിച്ച ഒരു സംഭവമാണ് ഇംഗ്ലണ്ടില്‍ നിന്ന് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അമാന്‍ഡ ലെവിസാണ് ഈ അസാധാരണ യുവതി.
ഭാരം കൂടുകയും മൂഡ് വ്യതിയാനം സംഭവിക്കുകയും ചെയ്ത പതിനൊന്നാം വയസ്സില്‍ അമാന്‍ഡയും മാതാപിതാക്കളും കരുതിയത് അവള്‍ കൗമാരഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമാണ് അതെല്ലാം എന്നായിരുന്നു.. എന്നാല്‍ രക്തപരിശോധനയില്‍ ഡോക്ടഴേ്‌സ് കണ്ടെത്തിയത് ഇറാറ്റിക് ഹോര്‍മോണ്‍ രക്തത്തിലുണ്ടെന്നും അത് കാലമെത്തുന്നതിന് മുമ്പുള്ള ആര്‍ത്തവവിരാമത്തിലേക്ക് അമാന്‍ഡയെ നയിച്ചിരിക്കുന്നു എന്നുമാണ്. ആര്‍ത്തവവിരാമത്തിലേക്ക് കടക്കുന്ന സ്ത്രീകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ലക്ഷണങ്ങളെല്ലാമായിരുന്നു അവള്‍ക്കുണ്ടായിരുന്നതും.
അതോടെ തനിക്ക് ഒരമ്മയാകാനുള്ള എല്ലാ സാധ്യതകളും അവസാനിച്ചതായി അമാന്‍ഡയ്ക്ക് മനസ്സിലായി. അത് അവളുടെ സ്വപ്‌നങ്ങളുടെ നിറം തല്ലിക്കെടുത്തിയത് ഒട്ടൊന്നുമായിരുന്നില്ല. പക്ഷേ കാലം കടന്നുപോകവെ അവള്‍ക്ക് വീണ്ടും സ്വപ്‌നങ്ങള്‍ കൈവന്നു. അതുകൊണ്ട് ഇപ്പോള്‍ ഐവിഎഫിന് അവള്‍ നന്ദി പറയുന്നു. കാരണം IVF ലൂടെയാണ് അമാന്‍ഡ ഇപ്പോള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത്.
ജീവിതപങ്കാളിയുടെ ബീജവും ഡോണറില്‍നിന്ന് അണ്ഡവും സ്വീകരിച്ചാണ് അമാന്‍ഡ തന്റെസ്വപ്‌നം സാധ്യമാക്കിയത്. വളര്‍ച്ച മുരടിച്ചു പോയ ഗര്‍ഭപാത്രത്തിന് വലുപ്പം ഉണ്ടാക്കാനായി ഹോര്‍മോണ്‍ ചികിത്സയും നടത്തുന്നുണ്ട്. ആദ്യശ്രമത്തിലൂടെ തന്നെ സ്വപ്‌നം സഫലമായതില്‍ തങ്ങള്‍ വളരെ ഭാഗ്യമുള്ളവരാണെന്ന് അമാന്‍ഡ പറയുന്നു.