ഭർത്താവ് ജീവൻ ബലിനൽകിയത് രാജ്യത്തിനുവേണ്ടി; മക്കളെ സൈന്യത്തിൽ വിടാൻ ഈ അമ്മയ്ക്ക് ധൈര്യം നൽകിയത്

ഭർത്താവിനെ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിവുള്ള ഭാര്യയ്ക്ക്, സൈന്യത്തെ കൂടുതല്‍ അറിയാന്‍: എന്റെ പ്രിയപ്പെട്ടവന്‍ എനിക്കവസാനമായി തന്ന  ജന്മദിനസമ്മാനമായ പുസ്തകത്തില്‍ കുറിച്ച വാക്കുകള്‍. ലഫ്റ്റനന്റ് കേണല്‍ അജിത് ഭണ്ഡാര്‍ക്കറെ ഞാന്‍ ആദ്യം കാണുന്നത് 1990 ജനുവരിയില്‍. പതിവു പെണ്ണുകാണല്‍ച്ചടങ്ങ്. സൈന്യത്തിലെ  യൂണിറ്റ് ഒരു കുടുംബം പോലെയാണ്: അദ്ദേഹം എന്നോടു പറഞ്ഞു. മുന്നറിയിപ്പില്ലാതെ ഒരു ഡസന്‍ സൈനിക ഓഫിസര്‍മാര്‍ ചിലപ്പോള്‍ രാത്രി വൈകി വീട്ടിലക്കു കയറിവരാം. അവര്‍ക്കെല്ലാം അത്താഴം തയാറാക്കി വിളമ്പിക്കൊടുക്കേണ്ടിവരും. ഞങ്ങളുടെ സംഭാഷണം കേട്ട അച്ഛന്‍ അന്നുമുതല്‍ വലിയ ഡിന്നര്‍ സെറ്റുകള്‍ തേടി ഷോപ്പിങ്ങും തുടങ്ങി.

ഞങ്ങളുടെ വിവാഹം കഴിഞ്ഞു. പഞ്ചാബിലെ ഫിറോസ്പൂരില്‍ അദ്ദേഹത്തിനു പോസ്റ്റിങ്. ഞാന്‍ അങ്ങോട്ടു പോയി. അവിടെവച്ചാണ് ഒരു സൈനിക ഓഫിസറുടെ ഭാര്യ എങ്ങനെയായിരിക്കണം എന്നു ഞാന്‍ പഠിക്കുന്നത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഞങ്ങള്‍ രാജ്യം മുഴുവന്‍ കണ്ടു; പുണെ, സിക്കിം, തമിഴ്നാട്, ഡല്‍ഹി.സമാധാനം പുലരുന്നിടത്തൊക്കെ അദ്ദേഹത്തിനോപ്പം ഞാനും പോയി. എക്കാലത്തും ഭര്‍ത്താവിനെ ആശ്രയിച്ചു ജീവിക്കാതെ വ്യക്തിത്വവും സ്വാതന്ത്ര്യവും ഉള്ള സ്ത്രീയാകണം ഞാന്‍ എന്നദ്ദേഹം ആഗ്രഹിച്ചു. അതിനായി ഉന്നതപഠനത്തിന് എന്നെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. എനിക്കദ്ദേഹത്തെക്കുറിച്ച് ഒരു പരാതിയയുള്ളൂ; ഒരുമിച്ചു ചെലവഴിക്കാന്‍ അധികസമയം ഞങ്ങള്‍ക്കു ലഭിച്ചില്ലല്ലോ എന്നു മാത്രം. അദ്ദേഹത്തിനു വാര്‍ഷികാവധി കിട്ടുമ്പോള്‍ സന്തോഷം കൊണ്ടു മതിമറക്കുമായിരുന്നു ഞാന്‍. 

1998. ഡല്‍ഹി എംഎസ് ബ്രാഞ്ചിലെ ജോലിക്കാലത്തിനുശഷം അദ്ദേഹം 25 രാഷ്ട്രീയ റൈഫിള്‍സില്‍ സെക്കന്‍ഡ് ഇന്‍ കമാന്‍ഡ് ആയി നിയമിതനായി. സംഘര്‍ഷമഖലകളില്‍ പോകാന്‍ ഒരു വിസമ്മതവും ഉണ്ടായിരുന്നില്ല അദ്ദേഹത്തിന്. അനകൂല നിയമനം കിട്ടാന്‍ തന്റെ സ്വാധീനം ഉപയോഗിച്ചുമില്ല. സംഘര്‍ഷമഖലകള്‍ ഒഴിക്കാന്‍ എന്തുകൊണ്ടാണ് ശ്രമിക്കാത്തതെന്നു ചോദിച്ചപ്പോള്‍ അദ്ദഹം പറഞ്ഞു: എല്ലാവരും സമാധാനമഖലകളില്‍ പോയാല്‍ ആര് സംഘര്‍ഷഭൂമികളില്‍ കാവല്‍ നില്‍ക്കും. അദ്ദേഹം യാത്രയായി. ഞാന്‍ ഡല്‍ഹിയില്‍ത്തന്നെ തുടര്‍ന്നു. ബിഎഡ് പൂര്‍ത്തിയാക്കി അപ്പോഴക്കും ഞാന്‍ അധ്യാപികയായി ജോലിയും തുടങ്ങി. 1999-കാര്‍ഗില്‍ യുദ്ധം തുടങ്ങുന്നു. ഇന്ത്യന്‍ സൈന്യത്തിനു സംഭവിച്ച നഷ്ടങ്ങളില്‍ അസ്വസ്ഥനായിരുന്നു അദ്ദേഹം. ഞങ്ങളുടെ കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ പതിവായി ഞാന്‍ അദ്ദേഹത്തിന് അയച്ചുകൊടുത്തു: ആശ്വാസത്തിനും സന്തോഷത്തിനുമായി. 

ഒക്ടോബര്‍ 29 ന് അദ്ദേഹം വിളിച്ചു. കുട്ടികളുമായി സംസാരിച്ചു. ഞാന്‍ വായില്‍വന്ന വിശഷങ്ങളെല്ലാം അദ്ദേഹത്തോടു പറഞ്ഞുകൊണ്ടിരുന്നു. പിറ്റേന്ന് - ഒക്ടോബര്‍ 30. സമയം വൈകിട്ട് ആറരയായിക്കാണും. വീട്ടിലക്കു കടന്നുവന്ന ഓഫിസര്‍ ആ വാര്‍ത്ത അറിയിച്ചു: എന്റെ ഭര്‍ത്താവ് രാജ്യത്തിനുവേണ്ടി രക്തസാക്ഷിയായിരിക്കുന്നു. ഞാന്‍ വിശ്വസിച്ചില്ല. അദ്ദേഹത്തിന്റെ യൂണിറ്റിലെ ആരെങ്കിലും വിളിച്ചു പറയാതെ വിശ്വസിക്കില്ലെന്നു ഞാന്‍ ഉറപ്പിച്ചുപറഞ്ഞു. രാത്രി 8.30. യൂണിറ്റിലെ ഒരു ൈസനികഓഫിസര്‍ എന്നെ വിളിച്ചു: ഫൈസലാബാദില്‍ തീവ്രവാദികളോട് ഏറ്റുമുട്ടുമ്പോള്‍ ലഫ്റ്റനന്റ് കേണല്‍ അജിത്ത് ഭണ്ഡാര്‍ക്കര്‍ രക്തസാക്ഷിയായി എന്ന വിവരം അറിയിച്ചു. പരുക്കേറ്റിട്ടും പിന്‍മാറാതെ പോരാടിയ അദ്ദേഹം മൂന്നു തീവ്രവാദികളെക്കൂടി വധിച്ചു. പക്ഷേ, അതിനിടെ തലയ്ക്കു വെടികൊണ്ട അദ്ദേഹം വീരചരമം പ്രാപിച്ചു. 

ഭര്‍ത്താവിന്റെ മൃതശരീരം എന്റെ കണ്‍മുന്നിലെത്തി. അപ്പോഴും ഞാന്‍ വിശ്വസിച്ചില്ല. ഉറങ്ങിക്കിടക്കുകയായിരുന്നു അദ്ദേഹം. ഏതാനും വെടിയുണ്ടകള്‍ ഒരു മനുഷ്യന്റെ ജീവന്‍ ഇല്ലാതാക്കി എന്നത് വിശ്വസിക്കാന്‍ എനിക്കാവില്ലായിരുന്നു. വെടികൊണ്ടിട്ടും ജീവിതത്തിലക്കു തിരിച്ചുവന്ന സര്‍ഫറോഷിലെ ആമിര്‍ ഖാനെക്കുറിച്ചു ഞാന്‍ ചിന്തിച്ചു. ഞങ്ങള്‍ അവസാനമായി ഒരുമിച്ചുകണ്ട സിനിമ. യാഥാര്‍ഥ്യം സിനിമയില്‍നിന്നു വ്യത്യസ്തമാണ്. അതംഗീകരിച്ചപറ്റൂ. പിന്നെയും പിടിച്ചുനില്‍ക്കാന്‍ ആവില്ലായിരുന്നു എനിക്ക്. ഞാന്‍ തളര്‍ന്നുവീണു. അദ്ദേഹത്തിന്റെ ലഗേജ് എത്തി. കുറേനാളത്തേക്ക് അതു തുറന്നുനോക്കാനും എനിക്കായില്ല. യാഥാര്‍ഥ്യത്തെ എങ്ങനെയെങ്കിലും ഒഴിവാക്കാനായിരുന്നു എനിക്കു താല്‍പര്യം. 2000ൽ എന്റെ ഭര്‍ത്താവിനു മരണാനന്തരം ശൗര്യവീരചക്രം ലഭിച്ചു. 

കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാനുള്ള പ്രായമായിരുന്നില്ല കുട്ടികള്‍ക്ക്. പിന്നീടും വര്‍ഷങ്ങളോളം ഭര്‍ത്താവിന്റെ രക്തസാക്ഷിത്വത്തെക്കുറിച്ചു ഞാന്‍ ആരോടും പറഞ്ഞില്ല. രണ്ടു കുട്ടികളുള്ള ഒരു വിധവയെ സമൂഹം എങ്ങനെ കാണുമെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. സഹതാപം ആവശ്യമില്ലായിരുന്നു എനിക്ക്. വര്‍ഷങ്ങളോളം അദ്ദേഹത്തിന്റെ ചിത്രങ്ങളോ മെഡലോ ഞാന്‍ സ്വീകരണമുറിയില്‍ അലങ്കരിച്ചുവച്ചുമില്ല. മുന്നണിയില്‍ യുദ്ധംചെയ്യുന്ന വീരസൈനികന്റെ ഭാര്യയായിത്തന്നെ ഞാന്‍ തുടര്‍ന്നും ജീവിച്ചു. അജിത്തിന്റെ ജീവിതം സ്വാധീനിച്ച ഏറെപ്പേരെ പിന്നീടു ഞാന്‍ കണ്ടു. ജീവന്‍ രക്ഷിച്ച അജിത്തിന്റെ ഓര്‍മയില്‍ സ്വന്തം മകള്‍ക്ക് ഒരു സൈനികന്‍ അജിത എന്നു പേരിട്ടു. 

വര്‍ഷങ്ങള്‍ ഏറെക്കഴിഞ്ഞിരിക്കുന്നു. ‍ഞങ്ങളുടെ രണ്ടു മക്കളും സൈന്യത്തിലാണ്. ഭര്‍ത്താവിന് ഇങ്ങനെയൊരു ദുരന്തം ഉണ്ടായിട്ടും മക്കളെ സൈന്യത്തിലയക്കാന്‍ എങ്ങനെ ധൈര്യം വന്നു എന്ന് എന്നോടു പലരും ചോദിച്ചിട്ടുണ്ട്. ആര്‍ക്കു പ്രവചിക്കാന്‍ കഴിയും മരണം.  അത് അനിവാര്യവുമാണല്ലോ. രാജ്യത്തിനുവേണ്ടി മരിക്കുന്നതാകട്ടെ അപൂര്‍വ അംഗീകാരവും. നമ്മുടെ നല്ല നാളേയ്ക്കു വേണ്ടി, അദ്ദേഹം ത്യജിച്ചതു സ്വന്തം ജീവന്‍. 

എന്ന് ശകുന്തള ഭണ്ഡാര്‍ക്കര്‍.