Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചവറു കൂനയിലെ സുന്ദരിക്കുഞ്ഞിനിപ്പോൾ അവകാശികളേറെ; പക്ഷേ

cute-baby-girl

കുപ്പയിലെ മാണിക്യം എന്നു പഴഞ്ചൊല്ലിൽ മാത്രം കേട്ടിട്ടുള്ളവർ അങ്ങനെയൊരു മുത്തിനെ കണ്ടറിഞ്ഞത് പത്രവാർത്തകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയുമാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആഗ്ര–മുറാദാബാദ് ഹൈവേ പരിസരത്തെ മാലിന്യക്കൂമ്പാരത്തിൽ ആറുമാസം പ്രായമുള്ള ഒരു പെൺകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി അവളുടെ ചിത്രം സഹിതമാണ് മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഇതു സംബന്ധിച്ച വാർത്തകൾ പ്രചരിച്ചത്.

മാലിന്യക്കൂമ്പാരത്തിലെ മാണിക്യം, മുത്ത് എന്നൊക്കെ വിശേഷിപ്പിച്ചുകൊണ്ട് വിദേശത്തു താമസിക്കുന്ന ദമ്പതികളുൾപ്പടെ നൂറുകണക്കിന് പേരാണ് കുഞ്ഞിനെ അവകാശപ്പെട്ടുകൊണ്ട് രംഗത്തു വന്നിരിക്കുന്നത്. കുഞ്ഞിനെ ദത്തെടുക്കാൻ തയാറാണെന്ന് പറഞ്ഞുകൊണ്ട് നിരവധി ദമ്പതിമാർ രംഗത്തുവരുന്നുണ്ടെങ്കിലും കുഞ്ഞിന്റെ യഥാർഥ അവകാശികളെ കണ്ടെത്തണമെന്ന വാശിയാലാണ് അന്വേഷണ ഉദ്യോഗസ്ഥർ.

smile-baby

ഇപ്പോൾ റാംപൂരിലെ അനാഥാലയത്തിലാണ് ഈ കുഞ്ഞ് വളരുന്നത്. പാരി എന്നാണ് അനാഥാലയത്തിലെ ജീവനക്കാർ അവൾക്കിട്ടപേര്. കുഞ്ഞിന്റെ യഥാർഥ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയിലാണ് അനാഥാലത്തിലെ സൂപ്രണ്ട് രാകേഷ് സക്സേനയെത്തേടി ഒരു അഞ്ജാത ഫോൺസന്ദേശമെത്തുന്നത്. കുഞ്ഞിന്റെ മാതാപിതാക്കളുടെ സുഹൃത്താണ് താനെന്നും. ഡെറാഡൂൺ സ്വദേശികളായ ദമ്പതികളുടേതാണ് കുഞ്ഞെന്നുമാണ് അജ്ഞാതൻ പൊലീസിനോട് വെളിപ്പെടുത്തിയത്.

പത്രത്തിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും കുഞ്ഞിന്റെ ചിത്രം കണ്ട് തിരിച്ചറിഞ്ഞതിനാലാണ് താനിക്കാര്യം അറിയിക്കുന്നതെന്നും അയാൾ പറഞ്ഞു. കുഞ്ഞിന്റെ മാതാപിതാക്കൾ തമ്മിൽ കുഞ്ഞിനെച്ചൊല്ലി സ്ഥിരം വഴക്കിടാറുണ്ടെന്നും കുഞ്ഞിന്റെ പിതൃത്വത്തെച്ചൊല്ലിയുള്ള സംശയമാണ് വഴക്കിന് അടിസ്ഥാനമെന്നും അയാൾ വിശദീകരിച്ചു. കുഞ്ഞിന്റെ മാതാപിതാക്കളെ ബന്ധപ്പെടാനുള്ള ടെലിഫോൺ നമ്പറും അയാൾ നൽകി.

അഞ്ജാതനെക്കുറിച്ചു ലഭിച്ച വിവരങ്ങളത്രയും രാകേഷ് സക്സേന ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് കൈമാറി. നൈനിറ്റാളിൽ താമസിക്കുന്ന താൻ ഡെറാഡൂണിലാണ് ജോലി ചെയ്യുന്നത് എന്നാണ് അയാൾ അനാഥാലയത്തിലെ അധികൃതരോട് പറഞ്ഞത്. അനാഥാലയത്തിലെ സൂപ്രണ്ട് ചില വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ കുഞ്ഞിന്റെ മാതാപിതാക്കളെ എത്രയും വേഗം കണ്ടെത്താൻ കഴിയുമെന്നും മുറാദാബാദ് ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ പ്രസിഡന്റ് വിശദീകരിച്ചു.

എന്തായാലും കുഞ്ഞിന്റെ യഥാർഥ മാതാപിതാക്കളെ കണ്ടെത്തിയശേഷം മാത്രമേ കുഞ്ഞിന്റെ കാര്യത്തിൽ എന്തെങ്കിലും നടപടികൾ കൈക്കൊള്ളുകയുള്ളൂവെന്നും അതുവരെ അവൾ സുരക്ഷിതയായി അനാഥാലയത്തിൽ കഴിയട്ടെയെന്നുമാണ് അധികൃതരുടെ വിശദീകരണം.