ഇരട്ടക്കുഞ്ഞുങ്ങൾക്ക് അമ്മയൊരുക്കിയ പിറന്നാൾ സർപ്രൈസ്; 100 മണിക്കൂറെടുത്തുണ്ടാക്കിയ പിറന്നാൾ കേക്ക്

ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

കുഞ്ഞുങ്ങളുടെ ആദ്യത്തെ പിറന്നാൾ ഏറ്റവും സുന്ദരമായി ആഘോഷിക്കണമെന്നാണ് ഓരോ അച്ഛനമ്മമാരും ആഗ്രഹിക്കുന്നത്. എന്നാൽ ലാറ മേസൺ എന്ന അമ്മ ആഗ്രഹിച്ചത് തന്റെ ഇരട്ടക്കുഞ്ഞുങ്ങളുടെ ഒന്നാം പിറന്നാൾ അസാധാരണ അനുഭവമാക്കിത്തീർക്കണമെന്നാണ്. നിറയെ തമാശയും സന്തോഷവും പങ്കുവെച്ചുകൊണ്ട് അമ്മ മക്കൾക്കായി പിറന്നാളിനൊരുക്കിയത് ഒരു സ്പെഷ്യൽ കേക്കാണ്. 

നൂറു മണിക്കൂറെടുത്താണ് കേക്കുണ്ടാക്കിയതെന്നറിയുമ്പോൾ ആ അമ്മ ഒരുക്കിയ കേക്ക് കാണാൻ കൊതി തോന്നുന്നില്ലേ? 44 മുട്ടയും രണ്ടരക്കിലോ മാവും 4 കിലോ ബട്ടർക്രീമും ഉപയോഗിച്ച് അമ്മ നിർമ്മിച്ചത് മക്കളുടെ രൂപത്തിലുള്ള രണ്ട് എഡിബിൾ കേക്കുകളാണ്. അമച്വർ ബേക്കറായ ലാറ മക്കളുടെ പിറന്നാളാഘോഷവേളയിലെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചപ്പോഴാണ് അമ്മയൊരുക്കിയ സർപ്രൈസിനെക്കുറിച്ച് പുറംലോകമറിഞ്ഞത്.

അമ്മയൊരുക്കിയ വമ്പൻ സർപ്രൈസ് തിരിച്ചറിയാനുള്ള പ്രായമൊന്നും കുഞ്ഞുങ്ങൾക്കായിട്ടില്ല. തങ്ങളെപ്പോലെ രണ്ടു കുഞ്ഞുങ്ങൾ എന്ന ഭാവത്തിൽ പാവക്കേക്കുകളെ തൊട്ടും തലോടിയും അവരിരുന്നു. കേക്കിനു മുന്നിൽ രണ്ടു കുഞ്ഞുവാവകളിരിക്കുന്ന തരത്തിലാണ് ലാറ കേക്കൊരുക്കിയത്. മക്കളായ ലിലിയുടെയും ലിലയുടെയും ഛായയിലാണ് അമ്മ കേക്കൊരുക്കിയത്. അമ്മയൊരുക്കിയ കേക്കിൽ കൈയിട്ടുവാരിയും പാവക്കേക്കുകൾക്ക് കേക്ക് വാരിക്കൊടുത്തുമൊക്കെ രണ്ടു കുസൃതിക്കുരുന്നുകളും അസ്സലായി പിറന്നാളാഘോഷിച്ചു.

ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

മക്കൾക്ക് ഉഗ്രൻ സർപ്രൈസൊരുക്കാനായി പെടാപ്പാടുപെട്ടതിനെക്കുറിച്ച് ആ അമ്മ പറയുന്നതിങ്ങനെ:- ''അവരുടെ ഒന്നാം പിറന്നാളിന് അവരോളം പോന്ന കേക്ക് നൽകണമെന്നുണ്ടായിരുന്നു. അതിനുവേണ്ടി കുറേ കഷ്ടപ്പെടേണ്ടി വന്നെങ്കിലും ഇങ്ങനൊരു കാര്യം ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടയാണ്. മക്കളുടെ പിറന്നാളിന് സ്വന്തം കൈകൊണ്ട് കേക്കുണ്ടാക്കി നൽകുന്ന അമ്മമാരുണ്ടാവും. എന്നാൽ അവരുടെ ഒന്നാം പിറന്നാളിന് അവരോളംപോന്ന ഒരു കേക്കുണ്ടാക്കി നൽകാനാണ് ഞാൻ ആഗ്രഹിച്ചത്. ഒരു പക്ഷേ കുഞ്ഞുങ്ങളുടെ കൃത്യമായ ഛായയൊന്നും ആ കേക്കിനുണ്ടായി എന്നു വരില്ല. പക്ഷേ ആ ഓട്ടപ്പാച്ചിലിനടയിൽ ഇത്രയും ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷമെനിക്കുണ്ട്.''

ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

കുഞ്ഞുളുണ്ടായാൽപ്പിന്നെ ഒന്നിനും സമയമില്ല എന്നു പരാതിപ്പെടുന്ന അമ്മമാർ ലാറയെ കണ്ടുപഠിക്കണമെന്നും. ലാറയൊരുക്കിയ സർപ്രൈസ് കേക്കിന്റെ ചിത്രങ്ങൾ ഭാവിയിൽ ആ കുഞ്ഞുങ്ങൾ കാണുമ്പോൾ അവർ അമ്മയെ അഭിനന്ദിക്കുമെന്നുമാണ് ഈ കേക്കുണ്ടാക്കിയ കഥകേട്ട ആരാധകർ പറയുന്നത്.