ആദ്യത്തെകൺമണി പിറന്നതും ലോട്ടറിയടിച്ചതും ഒരേ ദിവസം; ആഹ്ലാദത്തിമർപ്പിൽ കുടുംബം

പ്രതീകാത്മക ചിത്രം.

അമേരിക്കയിൽ വാഷിങ്ടൺ സ്വദേശിയായ ഒരു യുവതി ജീവിതത്തിലെ രണ്ടു സന്തോഷകരമായ അനുഭവങ്ങളിലൂടെ കടന്നുപോകുകയാണ്; ഒരേസമയം. ജനുവരി 5. യുവതി ആശുപത്രിയിലായിരുന്നു.

ആദ്യത്തെ കുട്ടിക്കുവേണ്ടിയുള്ള കാത്തിരിപ്പ്. ഭർത്താവും കൂടെയുണ്ടായിരുന്നു. സങ്കീർണതകളൊന്നുമില്ലാതെ യുവതി കുട്ടിക്കു ജൻമം നൽതി. അതേ ദിവസം മറ്റൊന്നുകൂടി സംഭവിച്ചു. ഒരു ലോട്ടറിയടിച്ച വാർത്തയും യുവതിയെ തേടിയെത്തി. മുപ്പതുലക്ഷത്തിലേറെ വരുന്ന തുകയാണു യുവതി സ്വന്തമാക്കിയത്. ആദ്യത്തെ കൺമണിയുടെ സന്തോഷവും ആശ്വാസവും ജീവിതത്തിൽ കുളിർമഴ പെയ്യിക്കുന്നതിനിടെയായിരുന്നു ലോട്ടറി സമ്മാനത്തിന്റെ വാർത്തയുമെത്തിയത്. 

ഒരു ലോക്കൽ സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങുന്നതിനിടെയാണു യുവതി ലോട്ടറി ടിക്കറ്റ് വാങ്ങിയത്. നറുക്കെടുപ്പു നടക്കുമ്പോൾ പ്രസവമുറിയിലായിരുന്നു യുവതി. കുട്ടിക്കു ജൻമം നൽകി കുറച്ചുസമയം കഴിഞ്ഞപ്പോൾ ലോട്ടറിവാർത്തയുമെത്തി. ആശുപത്രിയിൽവച്ചാണു ദമ്പതികൾ ലോട്ടറിയുടെ സമ്മാനവിവരം അറിയുന്നത്. ‘ അപ്പോൾ ആകെ ക്ഷീണിതരും അവശരുമായിരുന്നു ഞങ്ങൾ. കുറച്ചു ദിവസം കാത്തിരുന്നിട്ടു ലോട്ടറിയെക്കുറിച്ചു ചിന്തിക്കാമെന്നു വിചാരിച്ചു: സന്തോഷവാനായ ഭർത്താവ് പറയുന്നു. 

ആശുപത്രി ബിൽ അടയ്ക്കാൻ ലോട്ടറിസമ്മാനത്തുക വിനിയോഗിക്കാനാണു ദമ്പതികളുടെ പദ്ധതി. കലിഫോർണിയയിൽനിന്ന് അടുത്തുകാലത്താണ് അവർ വാഷിങ്ടണിൽ എത്തുന്നത്. ‘ ഒരു വീടു വാങ്ങണം. ബാക്കിത്തുക വീടിനു വേണ്ടി ചെലവഴിക്കണം: ഭാവിയെക്കുറിച്ചു ദമ്പതികൾ പറയുന്നു.