അതിസുന്ദരമായ ഒരു ചിത്രമാണ് ജോലിക്കാരായ അമ്മമാരുടെ മനസ്സിനെ കുളിരണിയിച്ചുകൊണ്ട് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പടർന്നുകൊണ്ടിരിക്കുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം ടെന്നീസ്കോർട്ടിലേക്ക് മടങ്ങി വന്ന സൂപ്പർ താരം സെറീനയുടെയും അവരുടെ ഭർത്താവിന്റെയും മകളുടെയും ചിത്രമാണത്.
ചേച്ചി വീനസ് വില്യംസിനൊപ്പം സെറീന കോർട്ടിൽ കളിച്ചു മുന്നേറുമ്പോൾ ഗാലറിയിലിരുന്ന് അച്ഛന്റെ ഡ്യൂട്ടി നിറവേറ്റുന്ന സെറീനയുടെ ഭർത്താവിന്റെയും അച്ഛന്റെ മടിയിൽ ശാന്തമായിരുന്ന് അമ്മയുടെ പ്രകടനം കാണുന്ന മകളുടെയും ചിത്രങ്ങളാണ് കായിക പ്രേമികളുടെ മനം കവർന്നത്.
ഒരുവർഷത്തെ ഇടവേളയ്ക്കു ശേഷം ടെന്നീസിലേക്കു മടങ്ങിവന്ന സെറീനയെ ഏറെ ആഘോഷത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. അമ്മയ്ക്ക് ഊർജ്ജം പകരാൻ ഗാലറിയിൽ അച്ഛൻ അലക്സീസ് ഒഹാനിയന്റെ മടയിൽ കുഞ്ഞ് ഒളിംപയയുമുണ്ടായിരുന്നു. വാരാന്ത്യം അമ്മ ജോലിചെയ്യുമ്പോൾ അച്ഛൻ കുഞ്ഞിനെ നോക്കുന്നു എന്ന അടിക്കുറിപ്പോടെ ഗാലറിയിൽ കുഞ്ഞിനെയെടുത്തു നിൽക്കുന്ന ചിത്രം അലക്സിസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
ചിത്രങ്ങൾ കണ്ട പലരും അലക്സിസിനെ അഭിനന്ദിക്കുകയും ഇതാണ് ന്യൂജനറേഷൻ പേരന്റിങ് എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഔദ്യോഗിക ജീവിതത്തിനും സ്വകാര്യ ജീവിതത്തിനുമിടയിൽക്കിടന്നു കഷ്ടപ്പെടുന്ന എല്ലാ ജോലിക്കാരായ അമ്മമാർക്കും ആശ്വാസം നൽകുന്ന ചിത്രമാണിതെന്നും അവർ അഭിപ്രായപ്പെട്ടു. പേരന്റിങ് എന്നത് അമ്മമാരുടെ മാത്രം ചുമതലയല്ലെന്നും കുഞ്ഞിന്റെ കാര്യത്തിൽ അച്ഛനമ്മമാർക്ക് തുല്യ ഉത്തരവാദിത്തമാണെന്ന ഓർമ്മപ്പെടുത്തുന്നതാണ് ഈ ചിത്രമെന്നും ഇത്തരം ചിത്രങ്ങൾ പങ്കുവെച്ചതിന് നന്ദിയെന്നുമാണ് ഭൂരിപക്ഷം ആളുകളും പ്രതികരിച്ചത്.
സെറീനയുടെ ചേച്ചി വീനസും ഡിസൈനർ മസബ ഗുപ്തയും ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ജോലിക്കാരായ സ്ത്രീകൾ കാണണം എന്ന അടിക്കുറിപ്പോടെയാണ് മസബ ചിത്രം പങ്കുവെച്ചിരിക്കുന്നത്.ജനറേഷൻ ഏതുമായിക്കൊള്ളട്ടെ ഏതുകാര്യത്തിലും പങ്കാളിത്തമുണ്ടെങ്കിൽ ജീവിതത്തിൽ കുറച്ചുകൂടി സന്തോഷം നിറയും എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പലരും അഭിപ്രായപ്പെടുന്നത്.