Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുഷറയുടെ പ്രവചനങ്ങൾ ഫലിച്ചു; മൂന്നാം വിവാഹത്തിലേക്ക് ഇമ്രാനെ നയിച്ച കാരണം

imran-khan-wedding ചിത്രത്തിന് കടപ്പാട്: പിടിഐ.

ആധ്യാത്മിക തേജസ്സാണ് എന്നെ ബുഷറ മനേകയിലേക്ക് അടുപ്പിച്ചത്. ഇതുവരെ ഞാൻ കണ്ട ഒരു വ്യക്തിയും എന്നെ ഇത്രമാത്രം ആകർഷിച്ചിട്ടില്ല. കുടുംബത്തോടൊപ്പവും തനിച്ചും ഞാൻ ബുഷറയെ കണ്ടിട്ടുണ്ട്. പർദയിലായിരുന്നു അവർ.പക്ഷേ, ആധ്യാത്മികത ഞാൻ തിരിച്ചറിഞ്ഞു: ബുഷറ മനേക എന്ന തന്റെ നവവധുവിനെക്കുറിച്ചു പറയുമ്പോൾ മുൻ ക്രിക്കറ്റ് താരവും പാക്കിസ്ഥാനിലെ പ്രമുഖ പ്രതിപക്ഷ നേതാവുമായ ഇമ്രാൻ ഖാന്റെ വാക്കുകളിൽ ആദരവ്, ബഹുമാനം. 

അറിയപ്പെടുന്ന ആധ്യാത്മിക പ്രഭാഷകയാണു ബുഷറ മനേക. ഒരുവർഷമായി പാക്കിസ്ഥാന്റെ എക്കാലത്തെയും മഹാൻമാരായ ക്രിക്കറ്റ് താരങ്ങളിലൊരാളായ ഇമ്രാനു ബുഷറ മേനകയെ പരിചയമുണ്ട്. കുറച്ചുനാളായി പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് അന്ത്യം കുറിച്ചാണ് ഇപ്പോൾ താരത്തിന്റെ വിവാഹവാർത്ത എത്തിയിരിക്കുന്നത്. ഇമ്രാന്റെ പാർട്ടിയായ തെഹ്‍രീകെ ഇൻസാഫ് വക്താവ് ഫവാദ് ചൗധരിയാണു വിവാഹവാർത്ത പുറത്തുവിട്ടത്. ലഹോറിൽ ലളിതമായ രീതിയിലാണ് നിക്കാഹ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ചു മക്കളുടെ മാതാവു കൂടിയാണ് അറിയപ്പെടുന്ന ആധ്യാത്മിക പ്രഭാഷകയായ ബുഷറ മനേക. അറുപത്തിയഞ്ചുകാരനായ ഇമ്രാന്റെ മൂന്നാം വിവാഹമാണിത്. 

ഒരുവർഷമായി ഇമ്രാനു ബുഷറ മേനകയെ പരിചയമുണ്ട്. ഇമ്രാന്റെ പാർട്ടിയെക്കുറിച്ചു ബുഷറ നടത്തിയ ചില പ്രവചനങ്ങൾ ഫലിച്ചതോടെ ഇരുവരും കൂടുതൽ അടുക്കുകയായിരുന്നു. തുടർന്നു ഭർത്താവ് കസ്റ്റംസ് ഉദ്യോഗസ്ഥനായ ഖവാർ ഫരീദ് മനേകയിൽനിന്നു വിവാഹമോചനം നേടുകയായിരുന്നു ബുഷറ.  

ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഇമ്രാൻ ഖാന്റെ വിവാഹവാർത്തയിൽ കുറച്ചു രാഷ്ട്രീയം കൂടിയുണ്ട്. പഞ്ചാബിലെ ലോധ്രാൻ ജില്ലയിൽ കഴിഞ്ഞയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ഇമ്രാന്റെ പാർട്ടിക്കു നേരിട്ടതു ദയനീയ പരാജയം. അതോടെ മൂടിവച്ചിരുന്ന വിവാഹവാർത്ത പുറത്തുവിടാൻ പാർട്ടി ഇമ്രാനിൽ കനത്ത സമ്മർദ്ദം ചെലുത്തി.

ജനുവരി ഒന്നിനു താരം വിവാഹിതനായെന്ന അഭ്യൂഹങ്ങൾ തിരഞ്ഞെടുപ്പിനുമുമ്പുതന്നെ പ്രചരിച്ചിരുന്നു.പക്ഷേ, ഇമ്രാൻ വാർത്തകൾ നിഷേധിച്ചു. കനത്ത പരാജയം കൂടിയുണ്ടായതോടെ എത്രയും വേഗം വാർത്ത പുറത്തുവിടാൻ പാർട്ടി സമ്മർദം ചെലുത്തി. പാർട്ടിയുടെ ശക്തനായ നേതാവാണു പഞ്ചാബിൽ മൽസരിച്ചത്. എന്നിട്ടും തോറ്റു.

മുഖ്യ കാരണങ്ങളിലൊന്ന് ഇമ്രാന്റെ മൂന്നാം വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ കൂടിയാണത്രേ. പൊതു തിരഞ്ഞെടുപ്പിന് ഇനി അധിക നാളുകളില്ല. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പു വാർത്ത വിട്ടാൽ കനത്ത പരാജയം തന്നെയുണ്ടായേക്കാം. അതിലും നല്ലത് ഇപ്പോൾ തന്നെ വാർത്ത പരസ്യമാക്കുകയാണ്. ഈ ഉപദേശത്തെ തുടർന്നാണത്രേ ഇപ്പോൾ വാർത്ത പരസ്യമായിരിക്കുന്നത്. 

ഇമ്രാൻ ആദ്യം വിവാഹം കഴിച്ചത് ബ്രിട്ടനിലെ ഏറ്റവും ധനികരുടെ പട്ടികയിലുള്ള സർ ജയിംസ് ഗോൾഡ് സ്മിത്തിക്കിന്റെ മകൾ ജമീമ ഗോൾഡ്സ്മിത്തിനെ. 1995 ൽ പാരിസിൽ വിവാഹം. 2004ൽ വിവാഹമോചനം. രണ്ടു മക്കൾ: സുലൈമാൻ ഈസ (22), കാസിം (19). മക്കൾ അമ്മയോടൊപ്പം ലണ്ടനിൽ. അവധിക്കാലത്ത് പിതാവിനെ കാണാൻ പാക്കിസ്ഥാനിലെത്തും. 

പാക്ക് ടെലിവിഷൻ അവതാരകയും പത്രപ്രവർത്തകയുമായ റെഹം ഖാനുമായായിരുന്നു രണ്ടാം വിവാഹം. 2015 ജനുവരിയിൽ വിവാഹം നടന്നെങ്കിലും ഒക്ടോബറിൽ വിവാഹമോചനവുമുണ്ടായി.