ഭർത്താവ് നല്‍കിയത് വിലകുറഞ്ഞ പ്രണയ സമ്മാനം; പക്ഷേ ആ സമ്മാനം യുവതിക്ക് നൽകിയത് 64ലക്ഷം

Image Credit: laloottery.com

ഭാഗ്യം ഏതുവഴിക്കും വരാം. വരാതിരിക്കാം. എങ്കിലും ഇങ്ങനെയൊരു ഭാഗ്യമോ എന്ന് അന്തം വിടുകയാണ് അമേരിക്കക്കാർ. അയോവയിലെ ഒരു സ്ത്രീയ്ക്കാണ് സകലരെയും ഞെട്ടിച്ച ഭാഗ്യത്തിന്റെ അനുഗ്രഹം ഉണ്ടായിരിക്കുന്നത്; അതും അപൂർവമായ ഒരു വഴിയിലൂടെ. ഒരു വാലന്റൈൻസ് ഡേ സമ്മാനമാണ് പുകിലെല്ലാം ഉണ്ടാക്കിയത്. സിന്തിയ ഹോംസ് എന്ന യുവതിയാണു കോളിളക്കമുണ്ടാക്കിയ ഭാഗ്യകഥയിലെ നായിക. 

ഇത്തവണ പ്രണയ ദിനാഘോഷത്തിന്റെ ഭാഗമായി ഹോംസിനു ഭർത്താവു സമ്മാനിച്ചതു വില കുറഞ്ഞ ഒരു കാർഡ്; വെറും പത്തുഡോളർ വരുന്ന കാസിനോ റിച്ചസ് എന്ന സ്ഥാപനത്തിന്റെ സ്ക്രാച്ച് കാർഡ്. സമ്മാനം കിട്ടിയപ്പോൾ ഹോംസ് നിരാശയായെങ്കിലും തനിക്കു ലഭിച്ച കാർഡിനാണ് ഏറ്റവും വലിയ സമ്മാനം അടിച്ചിരിക്കുന്നതെന്ന് അറിഞ്ഞതോടെ ഞെട്ടിപ്പോയി. ഏകദേശം 64 ലക്ഷം രൂപയാണ് ഭർത്താവു സമ്മാനിച്ച കാർഡിലൂടെ ഹോംസിനു ലഭിച്ചിരിക്കുന്നത്. എങ്ങനെ ഞെട്ടാതിരിക്കും ! 

എന്റെ ഭർത്താവ് ഒരു സമ്മാനം തന്നു. ഒരു നിസ്സാര സമ്മാനം. പക്ഷേ, സ്ക്രാച്ച് ചെയ്തപ്പോൾ ദൈവമേ..അതിനു തന്നെ സമ്മാനം; സന്തോഷഭരിതയായി ഹോംസ് പറയുന്നു. താൻ ഞെട്ടിയെങ്കിലും തന്റെ ഭർത്താവിന് ഒരു ഞെട്ടലുമില്ലെന്നും പറയുന്നു ഹോംസ്. 

ഭർത്താവു ഞെട്ടാതിരുന്നതിനു കാരണമുണ്ട്. സമ്മാനം ഹോംസിനു തന്നെയെന്ന് അയാൾക്കറിയാമായിരുന്നു. പക്ഷേ, ഇത്ര വലിയ തുകയാണു ഭര്യയ്ക്കു കിട്ടാൻ പോകുന്നതെന്ന് അറിഞ്ഞില്ലെന്നു മാത്രം. വാലന്റൈൻസ് ഡേയുടെ പിറ്റേന്ന് ലോട്ടറി സ്ഥാപനത്തിന്റെ ആസ്ഥാനത്തു ചെല്ലുന്നതുവരെ തനിക്കാണു സമ്മാനം അടിച്ചതെന്ന വാർത്ത വിശ്വസിച്ചില്ലെന്നും ഹോംസ് പറയുന്നു. 

ലോട്ടറി യന്ത്രം വലിയൊരു ശബ്ദമുണ്ടാക്കി. കൈകൾ വിറയ്ക്കുന്നതുപോലെ എനിക്കുതോന്നി. വയറ്റിൽ ചിത്രശലഭങ്ങൾ പറക്കുന്നതുപോലെയും. മുങ്ങിച്ചാകാൻ പോകുന്നതുപോലെയായിരുന്നു അനുഭവം– വാൾമാർട്ടിൽ ജോലി ചെയ്യുന്ന ഹോംസ് പറയുന്നു. അയോവയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ സമ്മാനമാണു ഹോംസിനു ലഭിച്ചിരിക്കുന്നത്. വീടു വാങ്ങിയതിന്റെയും കാറിന്റെയും തുക തിരച്ചടയ്ക്കാൻ സമ്മാനത്തുക വിനിയോഗിക്കാനാണു ഹോംസിന്റെ തീരുമാനം. 

ഭാഗ്യത്തിന്റെ ഓരോ വഴികൾ എന്നോർത്തു തലയിൽ കൈ വച്ചിരിക്കുകയാണ് അമേരിക്കക്കാർ!