''എല്ലാ കുട്ടികളെയും പോലെ ഫോണിൽ ഗെയിം കളിക്കുവാൻ എന്റെ മകൾക്കും ഇഷ്ടമായിരുന്നു. അതുകൊണ്ടാണ് അവൾ ആവശ്യപ്പെട്ടപ്പോൾ പഴയഫോൺ നൽകിയതും. കളികഴിഞ്ഞ് അവൾ ഫോൺ തിരികെത്തന്നപ്പോഴാണ് അക്ഷരാർഥത്തിൽ ഞാൻ ഞെട്ടിയത്. അവൾ ആ ഫോണിൽ നിന്നയച്ച ഒരു മെസേജാണ് എന്നെ കരയിച്ചത്''. ലണ്ടനിലെ റേഡിയോ അവതാരകനായ ജെയിംസ് ആണ് ഹൃദയഭേദകമായ സംഭവത്തെക്കുറിച്ച് മകളുടെ മെസേജിന്റെ സ്ക്രീൻഷോട്ട് സഹിതം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
'എന്റെ ഫോണിൽ നിന്ന് അവൾ മെസേജ് അയച്ചത് അവളുടെ മുത്തച്ഛനാണ്. അതായത് എന്റെ അച്ഛന്. നിർഭാഗ്യകരമായ സംഗതിയെന്താണെന്നുവെച്ചാൽ അദ്ദേഹം മരണപ്പെട്ടിട്ട് അഞ്ചുവർഷമായി'. സ്വർഗ്ഗത്തിലെത്തിയ മുത്തച്ഛന് സുഖമാണോയെന്നും മുത്തച്ഛനില്ലാത്ത ജീവിതം വളരെ ദുഷ്ക്കരമാണെന്നും തന്നെയും സഹോദരിയെയും മുത്തച്ഛന്റെ അസാന്നിധ്യം ഒരുപാടു വേദനിപ്പിക്കുന്നെണ്ടെന്നുമായിരുന്നു ആ സന്ദേശം.
മകളുടെ സന്ദേശം വായിച്ചപ്പോൾ തന്റെ കണ്ണുനിറഞ്ഞുപോയി എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ഹൃദയസ്പർശിയായ അനുഭവം നിരവധിയാളുകൾ റിട്വീറ്റ് ചെയ്തിട്ടുണ്ട്. പുതിയ തലമുറയിലെ കുഞ്ഞുങ്ങൾ ബന്ധങ്ങൾക്ക് മൂല്യങ്ങൾ കൽപ്പിക്കുന്നില്ലയെന്നു പറഞ്ഞ് മുറവിളി കൂട്ടുന്നവർ തീർച്ചയായും ഈ കുറിപ്പ് വായിക്കണമെന്നും ചിലർ അഭിപ്രായപ്പെടുന്നു.