അച്ഛനെന്നു വിളിക്കാൻ ആരുമില്ലാത്തത് എന്താ?; മകന്റെ ചോദ്യത്തിനുള്ള അമ്മയുടെ മറുപടി കണ്ണു നനയിക്കും

ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

ഗർഭിണിയായിരുന്നപ്പോൾ  സഹിച്ച ക്രൂരമായ പീഡനങ്ങളെക്കുറിച്ച് ഒരിക്കൽപ്പോലും ഓർക്കാൻ ഈ യുവതി ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. പീഡനങ്ങളെ അതിജീവിച്ച് തന്റെ കുഞ്ഞ് ഭൂമിയിലേക്ക് പിറന്നു വീഴുമെന്നു പോലും അവൾ അന്നോർത്തില്ല. ജീവിക്കാനുള്ള കൊതിയും ആത്മബലവുംകൊണ്ടു മാത്രം ജീവിതത്തിലേക്ക് തിരികെ വന്ന അമ്മയ്ക്ക് പറയാൻ നെഞ്ചുപൊള്ളിക്കുന്ന ഒരു കഥകൂടിയുണ്ട്. 

മകന്റെ സംശയങ്ങൾക്ക് പലതിനും തനിക്ക് കൃത്യമായ ഉത്തരമുണ്ടെന്നും പക്ഷേ ആ ഉത്തരങ്ങളിലെ സങ്കടം അവൻ തിരിച്ചറിയണമെങ്കിൽ അവൻ കുറച്ചുകൂടി മുതിരണമെന്നാണ് ആ അമ്മ കരുതുന്നത്. ബംഗ്ലാദേശി ഫൊട്ടോഗ്രാഫറായ ജിഎംബി ആകാശ് ആണ് പ്രതിസന്ധിയിൽ തളരാതെ ധൈര്യത്തോടെ ജീവിതത്തിലേക്ക് മടങ്ങി വന്ന യുവതിയുടെ കഥ സമൂഹമാധ്യമങ്ങളിലൂടെ ലോകത്തോടു പറഞ്ഞത്.

യുവതിയുടെ പേര് രോത്‌ന. വിവാഹത്തോടെയാണ് അവളുടെ ജീവിതത്തിൽ ദുഖങ്ങളുടെ കാർമേഘങ്ങൾ പെയ്തിറങ്ങിയത്. സാമ്പത്തികമായി അത്ര നല്ല അവസ്ഥയിലല്ലെങ്കിലും ചെക്കൻ വീട്ടുകാർ ചോദിച്ച സ്ത്രീധനമൊക്കെ നൽകിയാണ് വീട്ടുകാർ രോത്‌നയെ വിവാഹം ചെയ്തയച്ചത്. പക്ഷേ ഭർത്താവിന് വേണ്ടത് തന്നെ സ്നേഹിക്കുന്ന ഒരു ഭാര്യയെ അല്ലായിരുന്നു ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ പണം കിട്ടാനുള്ള ഉപാധി മാത്രമായിരുന്നു അയാൾക്ക് ഭാര്യ.

അയാളുടെ ജീവിതത്തിൽ മറ്റൊരു പെൺകുട്ടിയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ രോത്‌നയെ സ്നേഹിക്കാൻ അയാൾ തയാറായിരുന്നില്ല. ആവശ്യപ്പെടുന്ന പണം കിട്ടാതെ വരുമ്പോഴൊക്കെ അയാൾ അവളെ ശാരീരികമായി ഉപദ്രവിക്കാറുമുണ്ടായിരുന്നു. ഭാഗ്യമെന്നോ ദൗർഭാഗ്യമെന്നോ പറയട്ടെ. വിവാഹം കഴിഞ്ഞ് പിറ്റേമാസം തന്നെ രോത്‌ന ഗർഭിണിയായി. ഒരു ഗർഭിണിക്കു കൊടുക്കേണ്ട സംരക്ഷണം അയാൾ അവൾക്കു നൽകിയില്ലെന്നു മാത്രമല്ല അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിനെ ഇല്ലാതാക്കാൻ അയാൾ അവൾക്ക് ചില മരുന്നുകൾ വരെ നൽകി.

ദൈവം കൂടെയുണ്ടായിരുന്നതുകൊണ്ടു മാത്രം അവളുടെ കുഞ്ഞിന് അപായമൊന്നും സംഭവിച്ചില്ല. ഗർഭിണിയാണെന്ന പരിഗണനയൊന്നും കൊടുക്കാതെ അയാൾ അവളെ മർദ്ദിച്ചുകൊണ്ടേയിരുന്നു. ഒരിക്കൽ അയാളും സഹോദരങ്ങളും ചേർന്ന് പശുവിനെ കെട്ടുന്ന കയറുകൊണ്ട് അവളെ ബന്ധിച്ചു ശേഷം അയാളുടെ കലിയടങ്ങുന്നതുവരെ അവളെ മർദ്ദിച്ചു. പുറത്തു നടക്കുന്ന കോലാഹലങ്ങളൊക്കെ കണ്ടിട്ടും അയാളുടെ മാതാപിതാക്കൾ നിശ്ശബ്ദത പാലിച്ചു.

രോത്‌നയുടെ കരച്ചിൽ കേട്ടെത്തിയ അയൽക്കാർ അവളെ രക്ഷിച്ച് ബന്ധുവീട്ടിലെത്തിച്ചു. ഗർഭത്തിന്റെ നാലാം മാസമാണ് ഇത്തരത്തിലുള്ള ക്രൂരപീഡനങ്ങൾ യുവതിക്ക് സഹിക്കേണ്ടി വന്നത്. ആ ദിവസം താനും കുഞ്ഞും മരിച്ചു പോവുമെന്നാണ് കരുതിയിരുന്നതെന്ന് അവൾ പറഞ്ഞു. ഭർതൃവീട്ടിലെ പീഡനത്തെക്കുറിച്ച് സ്വന്തം വീട്ടിൽ അറിയിച്ചുവെങ്കിലും ക്ഷമയോടെ കാത്തിരിക്കാനായിരുന്നു അവരുടെ മറുപടി. നാട്ടിലെ പ്രമാണിമാരെക്കൊണ്ട് സംസാരിപ്പിക്കാമെന്നും പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാമെന്നുമാണ് അതുവരെ അവർ പറഞ്ഞത്. എന്നാൽ തന്നേയും കുഞ്ഞിനേയും അപായപ്പെടുത്താൻ ശ്രമിച്ച  ആ വീട്ടിലേക്ക് തിരിച്ചു പോവില്ല എന്നുറപ്പിച്ചാണ് രോത്‌ന മടങ്ങിയത്.

പീഡനത്തിന്റെ കൊടിയ മുറിവുകളിൽ നിന്ന് രക്ഷനേടാൻ അവൾ ആശുപത്രിയിൽ പ്രവേശിക്കുകയും ആരോഗ്യം മെച്ചമായപ്പോൾ ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതി കൊടുക്കുകയും ചെയ്തു. രോത്‌നയുടെ ഭാഗത്തു നിന്ന് അങ്ങനെയൊരു നീക്കം ഭർതൃവീട്ടുകാർ പ്രതീക്ഷിച്ചില്ല. രോത്‌നയുടെ പരാതിയിന്മേൽ പൊലീസ് ഭർത്താവിനെയും കൂട്ടരേയും അറസ്റ്റ് ചെയ്തു. ഇനിയും ഒരു പെൺകുട്ടിയോടും  അവർ ഇപ്രകാരം ക്രൂരത കാട്ടാതിരിക്കുവാനാണ് താൻ പരാതി കൊടുത്തതെന്നാണ് രോത്‌ന പറയുന്നത്.

പിന്നീട് സ്വന്തം വീട്ടിലേക്കു മടങ്ങിയെങ്കിലും അവിടെയും സ്ഥിതി മോശമായിരുന്നു. രോത്‌നയുടെയും കുഞ്ഞിന്റെയും ചിലവുകൾക്ക് രോത്‌നയുടെ അച്ഛൻ വല്ലാതെ ബുദ്ധിമുട്ടി. കുഞ്ഞ് മുതിർന്നു വരുന്തോറും ചിലവുകളും ബുദ്ധിമുട്ടുകളും കൂടി. ഒരിക്കൽ പാൽ വേണമെന്ന് കുഞ്ഞ് ആവശ്യപ്പെട്ടപ്പോൾ പോയി ഭിക്ഷയെടുക്കൂവെന്നാണ് തന്റെ അമ്മാവൻ പറഞ്ഞതെന്ന് രോത്‌ന പറയുന്നു. ആ വാക്കുകൾ ഏറെ വേദനിപ്പിച്ചുവെന്നും അതോടെയാണ് സ്വന്തമായി സമ്പാദിക്കുന്നതിനെക്കുറിച്ച് രോത്‌ന ചിന്തിച്ചത്.

ബോട്ടിക് ബിസിനസ്സിൽ തനിക്കൊരു ഭാവിയുണ്ടെന്നു തിരിച്ചറിഞ്ഞ രോത്‌ന സ്വന്തമായി ബോട്ടിക് തുടങ്ങുകയും അതിനൊപ്പം തന്നെ ബ്യൂട്ടീഷൻ കോഴ്സ് ചെയ്യുകയും ചെയ്തു. വളരെപ്പെട്ടന്നു തന്നെ ബിസിനസ്സ് മെച്ചപ്പെടുത്താൻ അവർക്കായി. ഇപ്പോൾ മകനെ നല്ല സ്കൂളിൽ ചേർത്ത് പഠിപ്പിക്കാനും അവന്റെ കാര്യങ്ങളൊക്കെ നന്നായി നോക്കാനും രോത്‌നയ്ക്കാവുന്നുണ്ട്. ജീവിതം സന്തോഷത്തോടെയാണ് മുന്നോട്ടു പോകുന്നതെങ്കിലും അച്ഛനെന്നു വിളിക്കാൻ ആരുമില്ലാത്തതെന്താ എന്ന മകന്റെ ചോദ്യം തന്നെ ഏറെ വേദനിപ്പിക്കുന്നുണ്ടെന്ന് ആ അമ്മ പറയുന്നു. കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാകുന്ന ഒരു സമയമെത്തുമ്പോൾ അതിന്റെ യഥാർഥ കാരണങ്ങൾ അവനോട് വെളിപ്പെടുത്തുമെന്നും. ഇനിയെന്നും അവന്റെ അച്ഛനുമമ്മയുമെല്ലാം താനാണെന്ന് അവനെ പറഞ്ഞു മനസ്സിലാക്കുമെന്നും രോത്‌ന പറയുന്നു.

ജീവിതത്തിൽ സങ്കടങ്ങൾ വന്നപ്പോൾ അതിനെക്കുറിച്ചോർത്ത് ദുഖിച്ചിരിക്കാതെ ആ വേദനയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ജീവിക്കാനും ഭാവിജീവിതം കരുപ്പിടിപ്പിക്കാനും കഴിഞ്ഞതിനെക്കുറിച്ചോർത്ത് അഭിമാനമുണ്ടെന്നും. തന്റെ മകനെക്കുറിച്ചുള്ള സ്വപ്നങ്ങൾ മാത്രമാണ് തനിക്കതിന് പ്രചോദനം നൽകിയതെന്നും ആഅമ്മ പറയുന്നു.