Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തടിച്ച പെൺകുട്ടിയെ മെലിഞ്ഞ ആൺകുട്ടി പ്രണയിച്ചാൽ?

honest-thought ചിത്രത്തിന് കടപ്പാട്: യുട്യൂബ്.

തടി കൂടിയ ഒരു പെണ്‍കുട്ടിയെ പ്രണയിക്കുന്നതിനെക്കുറിച്ച് എന്താണു പ്രണയഗാനങ്ങള്‍ ഉണ്ടാകാത്തത്. നാടകങ്ങളോ കവിതകളോ എഴുതപ്പെടാത്തത്? സമൂഹത്തിന്റെ യാഥാസ്ഥിതിക മനസ്സില്‍ അങ്ങനെയൊരു സങ്കല്‍പം ഇല്ല എന്നതാണു യാഥാര്‍ഥ്യം. 

തടി കൂടിയതുകൊണ്ടുമാത്രം ഹൃദയത്തില്‍നിന്നു പ്രണയവും സ്നേഹവും അതുപോലുള്ള മൃദുലവികാരങ്ങളും അപ്രത്യക്ഷമാകില്ലെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും ഒരു തടിച്ചിയെ ആരും നായികയാക്കുന്നില്ല.

ശരീരത്തിന്റെ അഴകളവുകള്‍ പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ കാര്യത്തില്‍ അമിതമായി ഫോക്കസ് ചെയ്യപ്പെടുന്നു. തങ്ങളുടെ കുറ്റം കൊണ്ടല്ലാതെ തടി കൂടിയവര്‍ പരിഹസിക്കപ്പെടുന്നു. അവഗണിക്കപ്പെടുന്നു. അവരുടെ വികാരങ്ങള്‍ വിസ്മൃതവുമാകുന്നു. ഇതേക്കുറിച്ച് റേച്ചല്‍ വിലി എന്ന കവയത്രിക്കു പറയാനുണ്ട്.

മനസ്സില്‍ തറയ്ക്കുംവിധം റേച്ചല്‍ തടി കൂടിവയവരുടെ ധര്‍മസങ്കടങ്ങള്‍ അവതരിപ്പിക്കുന്നു. സമൂഹത്തോടു ചോദ്യങ്ങള്‍ ചോദിക്കുന്നു. തടി കൂടിയ ഒരു പെണ്‍കുട്ടി പ്രണയിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ഉയരുന്ന ധര്‍മസങ്കടങ്ങള്‍. സത്യസന്ധമായ ചിന്തകള്‍. 

തടി കൂടിയതിന്റെ പേരിലും തീരെ മെലിഞ്ഞിരിക്കുന്നതിന്റെ പേരിലുമൊക്കെ ആക്ഷേപിക്കപ്പെട്ടവരുടെ, ശരീരത്തിന്റെ പൂര്‍ണതയെക്കുറിച്ച് അമിത ശ്രദ്ധ കൊടുക്കുന്നവരെക്കുറിച്ചുള്ള കുറിക്കുകൊള്ളുന്ന ചിന്തകള്‍. മാസച്യുസിറ്റ്സിലെ ബോസ്റ്റണില്‍ 2013-ല്‍ നാഷണല്‍ പോയട്രി സ്ലാമില്‍ പങ്കുടുത്തുകൊണ്ട് റേച്ചല്‍ അവതരിപ്പിച്ച കാവ്യവിരുന്ന്. അന്നു ശ്രദ്ധേയമായ റേച്ചലിന്റെ അവതരണം നീല്‍ ഹില്‍ബോണ്‍ എന്ന കവി ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തതോടെ വീണ്ടും തരംഗമായിരിക്കുന്നു. ഒരു മെലിഞ്ഞ ആണ്‍കുട്ടിയാല്‍ സ്നേഹിക്കപ്പെടുന്ന ഒരു തടിച്ചിയുടെ 10 സത്യസന്ധമായ ചിന്തകള്‍. 

റേച്ചലിന്റെ ആത്മഗതങ്ങളാണു മൂന്നു മിനിറ്റു നീളുന്ന വീഡിയോ. 

കൊളേജില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ പ്രഫസര്‍ റേച്ചലിനോടു പറഞ്ഞു: നിനക്കു കഴിവുണ്ട്. പ്രതിഭയുണ്ട്. അഭിനയിക്കാനുള്ള ശേഷിയുമുണ്ട്. പക്ഷേ, ഒരു പ്രണയരംഗത്തില്‍ നിന്നെ ആരും നായികയാക്കില്ല. കാരണം ഒന്നേയുള്ളൂ: തടി. ശരീരഭാരം. നാടകങ്ങളിലും സിനിമകളിലും മറ്റും കുട്ടികള്‍ പറക്കുന്നതു പലപ്പോഴും കാണിക്കാറുണ്ട്. മൃഗങ്ങള്‍ സംസാരിക്കുന്നതും പാടുന്നതുമൊക്കെ കാണിക്കും. പക്ഷേ, തടി കൂടിയ ഒരു പെണ്‍കുട്ടിയെ പ്രണയിക്കുന്ന മെലിഞ്ഞ ആണ്‍കുട്ടിയെക്കുറിച്ചുമാത്രം ഒരിക്കലും പറയാറില്ല. 

ഞാന്‍ പറയുന്നു എനിക്കു വണ്ണം കൂടുതലാണ്. 

അവന്‍ പറയുന്നു അല്ല, നീ സുന്ദരിയാണ്. 

‍ഞാന്‍ അദ്ഭുതപ്പെടുന്നു എന്തുകൊണ്ട് ഒരേസമയം എനിക്ക് ഇതു രണ്ടുമായിരിക്കാന്‍ കഴിയുന്നില്ല. വണ്ണം കൂടിയ വ്യക്തിയായിരിക്കെത്തന്നെ പ്രണയിക്കാനുമാവില്ലേ. 

ഞാന്‍ കരയാന്‍ പോകുന്നില്ലെന്ന് എന്നോടുതന്നെ പറഞ്ഞു. കള്ളമല്ലേ ഞാന്‍ പറഞ്ഞത്. 

എനിക്കു തടിയുണ്ട്. അതേ ഞാനതേക്കുറിച്ചു ബോധവതിയാണ്. 

ഞാന്‍ അവനോടു പറഞ്ഞു: നിന്നെ കാണാന്‍ നല്ല ഭംഗിയുണ്ട്. 

ഞാന്‍ പറയുന്നത് അവന്‍ വിശ്വസിക്കുന്നില്ല. അവന്‍ അങ്ങനെ വിശ്വസിക്കാന്‍ തുടങ്ങുന്നദിവസം എന്നെ ഉപേക്ഷിച്ചുപോകുമോ എന്നാണെന്റെ പേടി. 

എന്നെ അറിയുന്നവരൊക്കെ പറയുന്നു എനിക്കു നല്ലൊരു മനസ്സുണ്ടെന്ന്. ഞാനതംഗീകരിക്കുന്നു. അപ്പോള്‍ എന്റെ ബാഹ്യരൂപമോ? ആന്തരിക സൗന്ദര്യമുണ്ടെങ്കില്‍ തീര്‍ച്ചയായും ബാഹ്യസൗന്ദര്യവുമുണ്ടായിരിക്കും. തീര്‍ച്ച. 

അവന്‍ എന്നോടു പറയുന്നു. അവന് എന്നെ ഇഷ്ടമാണെന്ന്. അവന്റെ കണ്ണുകളിലെ പ്രകാശത്തെ ഞാന്‍ വിശ്വസിക്കട്ടെ!. അതേ, എനിക്കു തടിയുണ്ട്. സ്നേഹമുള്ള ഹൃദയവും.