ഇവർ ചേക്കേറിയത് ഇന്ത്യക്കാരുടെ ഹൃദയങ്ങളില്‍ക്കൂടിയാണ്; വൈറൽ ചിത്രം കാണാം

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും കുടുംബവും ഒരാഴ്ചത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ നടക്കുന്നതു രാജ്യത്തിന്റെ മണ്ണിലൂടെ മാത്രമല്ല, ഇന്ത്യക്കാരുടെ ഹൃദയങ്ങളില്‍ക്കൂടിയാണ്. വിദേശരാജ്യങ്ങളിലെ പ്രമുഖരുടെ സന്ദര്‍ശനം ഇന്ത്യയ്ക്കു പുതുമയല്ലെങ്കിലും തനി ഇന്ത്യന്‍ വേഷങ്ങള്‍ ധരിച്ചും നമസ്തേ പറഞ്ഞും രാജ്യത്തെ ആചാരമര്യാദകള്‍ പാലിച്ചുമുള്ള ട്രൂഡോയുടെ യാത്ര ആവേശം കൊള്ളിച്ചിരിക്കുകയാണ്; ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെ. 

കഴിഞ്ഞദിവസം പഞ്ചാബിലെ അമൃത്‍സറിലായിരുന്നു ട്രൂഡോയുടെയും കുടുംബത്തിന്റെയും സന്ദര്‍ശനം. സുവര്‍ണക്ഷേത്രത്തില്‍. പഞ്ചാബ് മന്ത്രിമാരായ നവജ്യോത് സിങ് സിദ്ദു, ഹര്‍ദീപ് സിങ് പുരി എന്നീ മാന്ത്രിമാരുടെ നേതൃത്വത്തില്‍ സ്വീകരണം. അലഹബാദ്, മുംബൈ സന്ദര്‍ശനങ്ങളിലെന്നപോലെ നിറപ്പകിട്ടുള്ള വേഷത്തിലായിരുന്നു ട്രൂഡോയും കുടുംബവും. 

ക്ഷേത്രസന്ദര്‍ശനത്തിനിടെ, സമൂഹ അടുക്കളയിലും പ്രധാനമന്ത്രിയും കുടുംബവും സമയം ചെലവിട്ടു. അമൃത്‍സര്‍ സ്വദേശി തന്നെയായ പ്രസിദ്ധ ഷെഫ് വികാസ് ഖന്നയുടെ നേതൃത്വത്തില്‍ പാരമ്പര്യ ആചാര പ്രകാരം റൊട്ടി ഉണ്ടാക്കുന്നതു നേരില്‍കണ്ട പ്രധാനമന്ത്രിയും കുടുംബവും റൊട്ടി ഉണ്ടാക്കുന്നതിലും പങ്കാളികളായി. മക്കള്‍ സേവ്യറിനും  എല്ലാ ഗ്രേസിനുമൊപ്പം  റൊട്ടി ഉണ്ടാക്കുന്ന പ്രധാനമന്ത്രിയുടെയും ഭാര്യ സോഫിയുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുന്നു. 

ഞാന്‍ പാചകം പഠിക്കുന്നത് ഇവിടെവച്ചാണ്. അതേ സ്ഥലത്തു പ്രിയപ്പെട്ട ട്രൂഡോയ്ക്കും കുടുംബത്തിനു റൊട്ടി ഉണ്ടാക്കുന്നതു പഠിപ്പിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടു കുറിച്ചു വികാസ് ഖന്ന.  താന്‍ ആദരിക്കപ്പെട്ടിരിക്കുകയാണെന്നും ഖന്ന കുറിച്ചു. ഇത് ഇന്ത്യയാണ്. ഇവിടം സന്ദര്‍ശിക്കുന്നവരെല്ലാം ഇവിടുത്തെ സംസ്കാരവും ആര്‍ജിക്കുന്നവരായിരിക്കും- ട്രൂഡോയുടെ ചിത്രത്തെക്കുറിച്ച് ഒരാളുടെ കമന്റ്. 

ഇത്ര മനോഹരവും ഗംഭീരവുമായ സ്ഥലത്ത് എത്താന്‍ കഴിഞ്ഞതിലും സ്വീകരിക്കപ്പെട്ടതിലും അതീവസന്തുഷ്ടനാണു ഞാന്‍: ട്രൂഡോ സുവര്‍ണക്ഷേത്ര സന്ദര്‍ശനത്തെക്കുറിച്ച് എഴുതി. 

24 കാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്ത ക്ഷേത്രത്തിന്റെ മാതൃകകള്‍ ഉള്‍പ്പെടെയുള്ള ഉപഹാരങ്ങളും ട്രൂഡോയ്ക്കു സമ്മാനിച്ചു. ഒരാഴ്ചത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ട്രൂഡോയും കുടുംബവും നാളെ പ്രധാനമന്ത്രി മോദിയെ സന്ദര്‍ശിക്കും.