ദമ്പതികള്‍ വഴക്കുണ്ടാക്കുന്നത് അപൂര്‍വ സംഭവമല്ല. എപ്പോഴും എവിടെവച്ചും അഭിപ്രായവ്യത്യാസം വഴക്കിലേക്കു നീങ്ങാം. ചിലപ്പോള്‍ പൊതുവഴിയിലോ പാര്‍ക്കിലോ മറ്റേതെങ്കിലും പൊതുസ്ഥലത്തുവച്ചോ പോലും വഴക്കു പൊട്ടിപ്പുറപ്പെടാം. സംഘര്‍ഷത്തിലേക്കും നീങ്ങാം.
വാക്കുകള്‍കൊണ്ടുള്ള പോരാട്ടമാണു സാധാരണം. അപൂര്‍വം അവസരങ്ങളില്‍ കയ്യില്‍ കിട്ടുന്ന ആയുധമുപയോഗിച്ചോ കയ്യോ കാലോ ഉപയോഗിച്ചുപോലും സംഘര്‍ഷത്തിനവസാനം കാണാന്‍ ശ്രമം ഉണ്ടായേക്കാം. പക്ഷേ, വഴക്കു വല്ലാതെ മൂര്‍ഛിക്കുകയും ഭര്‍ത്താവു ഭാര്യയുടെ തല വെട്ടിയെടുത്തുകൊണ്ടുപോകുകയും ചെയ്യുന്നത് എവിടെയെങ്കിലുംവച്ച് എന്നെങ്കിലും കണ്ടിട്ടുണ്ടോ ?ഇല്ലെങ്കില്‍ അമേരിക്കന്‍ മാന്ത്രികന്‍ ആന്‍ഡി ഗ്രോസ്സ് പുറത്തിറക്കിയ വീഡിയോ കാണുക.
ആന്‍ഡി ഗ്രോസ്സും അസിസ്റ്റന്റായ വനിതയുമാണ് കഥാപാത്രങ്ങള്‍. ദമ്പതികള്‍ എന്നു തോന്നിപ്പിക്കുന്നവര്‍. അവരൊരു മുട്ടന്‍ വഴക്കിലാണ്. വഴക്കു മൂര്‍ഛിക്കുമ്പോള്‍ ചുറ്റുമുള്ളവരൊക്കെ ശ്രദ്ധിക്കുന്നുണ്ട്. ഇതൊക്കെ സാധാരമല്ലേ എന്ന മട്ടിലാണ് കണ്ടുനില്‍ക്കുന്നവര്‍.
അല്ലെങ്കില്‍തന്നെ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കിനെന്തു പുതുമ?. പക്ഷേ, പെട്ടെന്നുതന്നെ രംഗം മാറുന്നു. വയലന്റായ ആന്‍ഡി ഗ്രോസ് കയ്യില്‍ കരുതിയ കറുത്ത തുണിയെടുത്തു ഭാര്യയുടെ മുഖം മൂടുന്നു. ദേഷ്യം സഹിക്കാനാവാതെ തല തുണിക്കുള്ളില്‍ ഒന്നു തിരിച്ചിട്ട് മുറിച്ചെടുത്തുകൊണ്ടുപോകുന്നു. അതുവരെ പുതുമ അവകാശപ്പെടാനില്ലാത്ത രംഗത്തിനു സാക്ഷികളായിരുന്നവര്‍ ഒരിക്കലുമില്ലാത്ത രീതിയില്‍ ഞെട്ടുന്നു. തകരുന്നു. തലയില്ലാത്ത ജഡമാകട്ടെ പേടിപ്പെടുത്തുന്ന രീതിയല്‍ കയ്യും കലുമിട്ടടിക്കുന്നു.
കുസൃതിയെന്നോ തമാശയെന്നോ പറയാമെങ്കിലും ചുറ്റുമുള്ളവരെ അദ്ഭുതസ്ബധരാക്കുന്നതില്‍ ആന്‍ഡി ഗ്രോസ് പൂര്‍മായും വിജയിക്കുന്നു.