ഫുൾ യൂണിഫോമിൽ കൈയിലൊരു കുഞ്ഞിനേയുമേന്തി വനിതാ ഓഫിസർ ഭർത്താവിന്റെ ശവസംസ്ക്കാരച്ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രമാണ് ഇപ്പോൾ ലോകത്തെ കരയിക്കുന്നത്. അച്ഛനെ കാണാൻ ഭാഗ്യം ലഭിക്കാത്ത കുഞ്ഞിനെയുമേന്തി ഭർത്താവിന് യാത്രാമൊഴിയേകാനെത്തിയ വനിതാഓഫിസറെ കണ്ണീരോടെ സല്യൂട്ട് ചെയ്യുകയാണ് ഈ ചിത്രം കാണാനിടയായ ഓരോരുത്തരും.
പ്രിയപ്പെട്ടവരുടെ വേർപാടിനോളം വേദനിപ്പിക്കുന്ന മറ്റൊന്നും ഈ ഭൂമിയിലില്ല. രാജ്യത്തെ സേവിക്കാനായി ഇറങ്ങിപ്പുറപ്പെടുന്ന സൈനികർ പലപ്പോഴും തങ്ങളുടെ ജീവനെക്കുറിച്ച് ചിന്തിച്ച് തലപുകയ്ക്കാറില്ല. പക്ഷേ അവരുടെ കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും പ്രാർഥനകളിൽ എന്നും അവർ നിറഞ്ഞു നിൽക്കുക തന്നെ ചെയ്യും. പക്ഷേ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരു ചിത്രവും അതിനു പിന്നിലുള്ള കഥയും നിറകണ്ണുകളോടെയല്ലാതെ കേട്ടിരിക്കാനാവില്ല.
മേജർ കുമുദ് ഡോഗ്ര എന്ന വനിതാ ഓഫിസർ ക്കു മുന്നിലാണ് ലോകം ശിരസ്സു നമിക്കുന്നത്. അച്ഛന്റെ മുഖമൊന്നു കാണാൻ കൂടി ഭാഗ്യം കിട്ടാത്ത ചോരക്കുഞ്ഞിനേയുമേന്തിയാണ് കുമുദ് ഭർത്താവിന് അന്ത്യയാത്ര നൽകാനെത്തിയത്. അതും യൂണിഫോം ധരിച്ച്. അസ്സാമിൽ വെച്ച് അടുത്തിടെ മരിച്ച വിങ് കമാൻഡർ ദുഷ്യന്തിന്റെ അന്ത്യയാത്രയിലാണ് ഭാര്യ കുമുദ് മകളുമായെത്തിയത്. ഫെബ്രുവരി 15 നാണ് മേജർ കുമുദിന്റെ ഭർത്താവുൾപ്പെടെ രണ്ട് എയർഫോഴ്സ് ഉദ്യോഗസ്ഥർ ദാരുണമായി കൊല്ലപ്പെട്ടത്.