Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരുമകളേ നീ ചെയ്തതാണ് ശരി; ആളുകൾ ആ അമ്മായിയച്ഛനെ കണ്ടത് 5 മില്ല്യനിലധികം പ്രാവശ്യം

mother-son

മരുമക്കൾ എന്തു ചെയ്താലും ഭർതൃവീട്ടുകാർക്ക് അത് കുറ്റമാണ്. സ്വന്തം കുഞ്ഞ് തെറ്റു ചെയ്താൽ അതിനെ ശിക്ഷിക്കാനോ ശാസിക്കാനോ പോലും ചില വീടുകളിൽ മരുമക്കൾക്ക് അവകാശമില്ല. ഫലമോ ആരും പറഞ്ഞാൽ അനുസരിക്കാത്ത കുട്ടിക്രിമിനലുകളായി ആ വീട്ടിലെ കുഞ്ഞുങ്ങൾ വളരും. കുഞ്ഞുങ്ങളോട് കർക്കശക്കാരിയായി പെരുമാറുന്ന അമ്മയെക്കുറിച്ചുള്ള വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. പേരന്റിങ്ങിൽ അച്ഛനമ്മമാർ മാത്രമല്ല വീട്ടിലെ മറ്റാളുകളും എത്രമാത്രം ശ്രദ്ധിക്കണമെന്നതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ വിഡിയോ.

ഒരു കൂട്ടുകുടുംബത്തിന്റെ ഭക്ഷണവേളയാണ് വിഡിയോയുടെ തുടക്കത്തിൽ കാണാനാവുക. മുതിർന്നവരും കുഞ്ഞുങ്ങളുമെല്ലാം തീൻമേശയിലെ കസേരയിൽ ഇരിപ്പുറപ്പിച്ചു കഴിഞ്ഞു. എല്ലാവർക്കും ഭക്ഷണം വിളമ്പുന്ന യുവതി തന്റെ മകനും ഒരു പാത്രത്തിൽ ഭക്ഷണം നൽകുന്നു. എന്തിനോ പിണങ്ങിയിരിക്കുന്ന ആൺകുട്ടി അമ്മ അവനു മുന്നിൽവെച്ച ഭക്ഷണപ്പാത്രം ദേഷ്യത്തോടെ തട്ടിമാറ്റുന്നു. 

എന്നിട്ടും ഒരക്ഷരം മിണ്ടാതെ അമ്മ വീണ്ടും അവനു മുന്നിലേക്ക് ഭക്ഷണപ്പാത്രം നീക്കിവെയ്ക്കുന്നു. കുട്ടി വീണ്ടും അഹങ്കാരം കാട്ടിയപ്പോൾ അമ്മ അവന്റെ മുന്നിൽ നിന്നും ഭക്ഷണപ്പാത്രം എടുത്തു മാറ്റുന്നു. അമ്മയുടെയും മകന്റെയും പ്രവൃത്തികൾ ശ്രദ്ധിച്ച മുതിർന്നയാളുകൾ അമ്മയെ കണക്കിനു ശകാരിക്കുന്നു. ''നിന്റെ പഴ്സിൽ നിന്ന് അനുവാദം ചോദിക്കാതെ 10 രൂപ എടുത്തതാണോ ആ ചെറിയ കുട്ടി ചെയ്ത കുറ്റം? അയൽപക്കക്കാരുടെ പണമല്ലല്ലോ അവനെടുത്തത് അവന്റെ അമ്മയുടെ പണമല്ലേ? ആ തെറ്റിന് അവനെ നീ പട്ടിണിക്കിട്ട് കൊല്ലുമോ എന്നു തുടങ്ങി നീണ്ട ശകാരവർഷമാണ് വീട്ടിലെ മുതിർന്ന ആളുകൾ ആ അമ്മയ്ക്കു മുന്നിൽ ചൊരിയുന്നത്''.

''നന്നായി പെരുമാറാൻ നിന്നെ അമ്മ പഠിപ്പിച്ചിട്ടില്ലേ? സംസ്കാരമില്ലാത്ത വീട്ടിൽ നിന്നു വന്നതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ പെരുമാറുന്നത്'' എന്നൊക്കെ കടന്നു സംസാരിക്കുന്നുണ്ട് ചില ബന്ധുക്കൾ. എന്നിട്ടും നിശ്ശബ്ദം കണ്ണീരൊഴുക്കിയതല്ലാതെ ആ യുവതി പ്രതികരിച്ചില്ല. മരുമകളെ ശകാരിച്ചുകൊണ്ട്  അമ്മായിയമ്മ സ്വന്തം ഭക്ഷണം കൊച്ചുമകന് വെച്ചുനീട്ടുന്നിടത്താണ് വിഡിയോയിലെ ട്വിസ്റ്റ്.

കൊച്ചുമകൻ ചെയ്തത് മോഷണമാണെന്നും ഇന്നു തടഞ്ഞില്ലെങ്കിൽ അവൻ നാളെയും അത് ആവർത്തിക്കുമെന്നും മരുമകൾ ചെയ്തതു തന്നെയാണ് ശരിയെന്നും അമ്മായി അച്ഛൻ വാദിക്കുന്നു. അവളുടെ സ്ഥാനത്ത് താനായിരുന്നുവെങ്കിൽ കുട്ടിക്ക് രണ്ടു ദിവസം ഭക്ഷണം നൽകില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ചിലപ്പോഴൊക്കെ അമ്മമാർ കുഞ്ഞുങ്ങളോട് പരുഷമായി പെരുമാറിയേക്കാം. അത് അവരുടെ മക്കളുടെ നന്മയ്ക്കുവേണ്ടിയാണെന്ന നല്ല സന്ദേശത്തോടയാണ് വിഡിയോ അവസാനിക്കുന്നത്. അഞ്ചുമില്ല്യനിലധികം പ്രാവശ്യമാണ് ആളുകൾ ഈ വിഡിയോ കണ്ടത്.