പ്രസവം ലൈവായി ബ്രോഡ്കാസ്റ്റ് ചെയ്ത് റേഡിയോ ജോക്കി; കുഞ്ഞിന് പേരിടാൻ ശ്രോതാക്കൾക്ക് അവസരവും

കുഞ്ഞുങ്ങളുടെ ജനനത്തെക്കുറിച്ചുള്ള അസാധാരണ വാർത്തകൾ എപ്പോഴും ശ്രദ്ധനേടാറുണ്ട്. തന്റെ രോഗിയുടെ പ്രസവമെടുക്കാനായി സ്വന്തം പ്രസവം വൈകിപ്പിച്ച ഡോക്ടറിന്റെയും വിമാനയാത്രക്കിടയിൽ ആകാശത്തുവെച്ചു ജനിക്കുന്ന കുഞ്ഞുങ്ങളുടെയും വാർത്തകൾ അത്തരത്തിൽ ശ്രദ്ധനേടിയവയാണ്. ശ്രോതാക്കൾക്കുവേണ്ടി സ്വന്തം പ്രസവം ബ്രോഡ്കാസ്റ്റ് ചെയ്ത റേഡിയോ ജോക്കിയെക്കുറിച്ചുള്ളതാണ് ഈ വാർത്ത.

യുഎസ‌ിലെ റേഡിയോ ജോക്കിയായ ആർ ജെ കസീഡിയാണ് സ്വന്തം പ്രസവം ലൈവായി ബ്രോഡ്കാസ്റ്റ് ചെയ്തത്. സെന്റ് ലൂയിസിലെ ആർക്സ്റ്റേഷനിലെ പ്രഭാതപരിപാടിയുടെ അവതാരകയായ കസീഡി സിസേറിയനിലൂടെയാണ് കുഞ്ഞിന് ജന്മം നൽകിയത്കസീഡി കുഞ്ഞിന് ജന്മം നൽകിയത് പക്ഷേ റേഡിയോ സ്റ്റേഷനിനല്ല ആശുപത്രിയിലാണ്. റേഡിയോ സ്റ്റേഷനിലെ സംവിധാനങ്ങളെല്ലാം ആശുപത്രിയിൽ ഒരുക്കിയ ശേഷമായിരുന്നു അവതാരകയുടെ പ്രസവത്തിന്റെ ലൈവ് ബ്രോഡ്കാസ്റ്റിങ്.

തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന നിമിഷം റേഡിയോ ശ്രോതാക്കളോടായി പങ്കുവെയ്ക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ജീവിതത്തിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും അവരോട് പങ്കുവയ്ക്കുന്ന തനിക്ക് ഇതു സന്തോഷത്തിന്റെ നിമിഷമാണെന്നും അവർ പറയുന്നു. പ്രസവം ബ്രോഡ്കാസ്റ്റ് ചെയ്യുക മാത്രമല്ല കുഞ്ഞിന് പേരിടാൻ ശ്രോതാക്കൾക്ക് അവസരം നൽകുക കൂടി ചെയ്തു കസീഡി. 

കസീഡിയും ഭർത്താവും കൂടി കണ്ടെത്തിയ 12 പേരുകളാണ് അവർ വോട്ടിങ്ങിനിട്ടത്. ഏറ്റവും കൂടുതൽ ശ്രോതാക്കൾ വോട്ടു ചെയ്യുന്ന പേരായിരിക്കും താൻ കുഞ്ഞിനിടുക എന്നാണ് കസീഡി പറയുന്നത്.