ഏക മകൾ കൊല്ലപ്പെട്ടിട്ട് 7 വർഷം; ഇപ്പോൾ ഇവർ ഇരട്ടക്കുട്ടികളുടെ അച്ഛനമ്മമാർ

പ്രതീകാത്മക ചിത്രം.

കേവലം മൂന്നു വയസ്സുള്ളപ്പോഴാണ് ഈ ദമ്പതികളുടെ ഏക മകൾ കൊലചെയ്യപ്പെട്ടത്. ഏറെ വിശ്വസ്തനായിരുന്ന അയൽക്കാരനാണ് മോഷണ ശ്രമത്തിനിടെ അവരുടെ ഏകമകളെയും അവളുടെ മുത്തശ്ശിയെയും കൊലപ്പെടുത്തിയത്. ഇത് മുംബൈ സ്വദേശികളായ ശീതളിന്റെയും സുരേഷിന്റെയും ഹൃദയംപൊള്ളിക്കുന്ന ജീവിത കഥ. 2011 ജൂൺ 23 എന്ന ദിവസമാണ് ഒറ്റനിമിഷം കൊണ്ട് അവരുടെ ജീവിതത്തിലെ സന്തോഷങ്ങളെ മുഴുവൻ ഇല്ലാതാക്കിയത്.

ഓഫീസിൽ നിന്ന് വീട്ടിലേക്ക് തിരിച്ചെന്തിയ ദമ്പതികൾക്കായി വിധി കാത്തുവെച്ചത് ഭയാനകമായ കാഴ്ചകളായിരുന്നു. മൂന്നുവയസ്സുകാരി മകളും സ്വന്തം അമ്മയും കഴുത്തറുത്ത് കൊല്ലപ്പെട്ടു കിടക്കുന്നത് ആദ്യം കണ്ടത് ശീതളാണ്. ചോരയിൽക്കുളിച്ച് അനക്കമറ്റുകിടക്കുകയായിരുന്നു ഇരുവരും. പെറ്റമ്മയേയും താൻ പത്തുമാസം നൊന്തു പ്രസവിച്ച കുഞ്ഞിനേയും അത്തരമൊരവസ്ഥയിൽ കണ്ടതോടെ ശീതൾ തകർന്നു പോയി.

അന്നത്തോടെ അവർ ജോലിയുപേക്ഷിച്ചു. ഊണും ഉറക്കവുമില്ലാതെ വർഷങ്ങൾ കഴിഞ്ഞു. അമ്മയുടെയും മകളുടെയും ഘാതകനെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക എന്ന ഒറ്റലക്ഷ്യത്തിനുവേണ്ടി മാത്രം അവർ മരിക്കാതിരുന്നു. ഓഫീസും കോടതിയും മാത്രമായി സുരേഷിന്റെ ജീവിതവും ഒതുങ്ങി. ദമ്പതികളുടെ തകർച്ചകണ്ടു നിൽക്കാനാവാതെ വീണ്ടും ഒരു കുഞ്ഞിനായി ശ്രമിക്കാൻ അവർ ദമ്പതികളെ ഉപദേശിച്ചു.

വീണ്ടും അച്ഛനമ്മമാരാവാൻ തയാറെടുക്കുന്നതിന്റെ ഭാഗമായി അവർ ചികിത്സയ്ക്കു വിധേയരായി.ഏകദേശം 15 ലക്ഷത്തോളം രൂപ ചികിത്സയ്ക്കു ചിലവായി. വിവിധ ട്രസ്റ്റുകളുടെസഹായത്തോടെ ഈ തുക സമാഹരിക്കാനാണ് ഇവർ ശ്രമിച്ചത്. ജീവിതത്തിൽ കൊടിയ ദുരിതങ്ങൾ അനുഭവിച്ച അവർക്കു മുന്നിൽ ഒടുവിൽ ദൈവം കണ്ണു തുറന്നു. ഏകമകൾ മരിച്ച് 7 വർഷങ്ങൾക്കു ശേഷം ചികിത്സയിലൂടെ അവർക്ക് ഇരട്ടക്കുഞ്ഞുങ്ങളുണ്ടായി. ഒരാണും ഒരുപെണ്ണും.

നാൽപ്പത്തിനാലാം വയസ്സിൽ അച്ഛനാകാൻ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ലെന്നും ഇപ്പോൾ അതിയായ സന്തോഷമുണ്ടെന്നും സുരേഷ് പറയുന്നു. കുഞ്ഞുങ്ങൾ പിറന്ന സന്തോഷത്തിലും പഴയ കാര്യങ്ങൾ മറക്കാൻ സാധിക്കില്ലെന്നും കോടതി നടപടികളുമായി മുന്നോട്ടു പോവുകയാണെന്നും അദ്ദേഹം പറയുന്നു. പ്രസവത്തിന് ഏതാനും ആഴ്ചകൾ മുമ്പുവരെ ശീതളും തനിക്കൊപ്പം കോടതിയിൽ വരാറുണ്ടായിരുന്നുവെന്നും സുരേഷ് കൂട്ടിച്ചേർത്തു. ഇനിയുമെത്രകാലം കാത്തിരിക്കേണ്ടി വന്നാലും നീതികിട്ടുന്നതുവരെ പോരാടുമെന്നും അവർ പറയുന്നു.