ആന്ധ്രാപ്രദേശിലെ ബൽപനൂർ എന്ന വിദൂരഗ്രാമത്തിൽനിന്നുള്ള യുവാവാണു കെ.സുധീർ. ഇരുപത്തിമൂന്നുവയസ്സുകാരൻ. വർഷങ്ങളുടെ യാതനയ്ക്കും കഷ്ടപ്പാടിനുമൊടുവിൽ ദേശീയ ചാംപ്യൻഷിപ്പിൽ രണ്ടു മെഡലുകൾ നേടിയിരിക്കുന്നു സുധീർ. വലിയ നേട്ടം സ്വന്തമാക്കാൻ ഏറ്റവും കൂടുതൽ പിന്തുണച്ചതാരെന്നു ചോദിച്ചാൽ സുധീർ ചൂണ്ടിക്കാട്ടും ഒരു യുവതിയെ; സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞും അഭിമാനത്താൽ ഇടറിയ വാക്കുകളാലും സംസാരിക്കുന്ന അപർണയെ. സുധീറും അപർണയും തമ്മിലുള്ള ബന്ധത്തിനുമുണ്ട് കുറേ പ്രത്യേകതകൾ.
ബോഡിബിൽഡിങ് ചാംപ്യൻ ആകുക എന്നതായിരുന്നു സുധീറിന്റെ എന്നത്തെയും വലിയ സ്വപ്നം. ആഗ്രഹത്തിന്റെ വഴിയിൽ നേരിടേണ്ടിവന്നതാകട്ടെ വെല്ലുവിളികളും തിരിച്ചടികളും മാത്രം. സ്വന്തം കുടുംബം പോലും സുധീറിനെ പിന്തുണച്ചില്ല. ഒരിക്കൽ താൻ ആഗ്രഹസാക്ഷാത്കാരം നേടുമെന്ന പ്രതീക്ഷയിൽ സുധീർ പരിശീലനം തുടർന്നുകൊണ്ടേയിരുന്നു. അപ്രതീക്ഷിതമായി കണ്ടുമുട്ടി അപർണയെ; ആ കൂടിക്കാഴ്ച അവരുടെ രണ്ടുപേരുടെയും ജീവിതത്തിൽ വഴിത്തിരിവുമായി.
സുധീറിനു കാമുകി മാത്രമല്ല അപർണ. ഭാര്യ മാത്രമല്ല. സുഹൃത്തും ഗുരുവും എല്ലാമെല്ലാമാണ്. ബോഡി ബിൽഡിങ് എന്ന സ്വപ്നം പിന്തുടരാനും മുന്നോട്ടുപോകാനും പ്രേരണയും പ്രചോദനവുമായി അപർണ സുധീറിനൊപ്പം നിന്നു. വർഷങ്ങളുടെ കഠിനപ്രയത്നത്തിനൊടുവിൽ വിജയത്തിന്റെ മധുരം നുണയുകയാണു സുധീർ. പഞ്ചാബിലെ ലുധിയാനയിൽ നടന്ന ബോഡിബിൽഡിങ് ചാംപ്യൻഷിപ്പിൽ ഇതാദ്യമായി രണ്ടിനങ്ങളിൽ മെഡലുകൾ നേടിയിരിക്കുന്നു സുധീർ. ഒരു വെള്ളിയും വെങ്കലവും.
വിജയസ്മിതവുമായി നിന്ന സുധീറിനെ ഫിറ്റ്നസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിപുൻ അഗർവാൾ കണ്ടു. സംസാരിച്ചു. സുധീറിനു പറയാനുള്ളതു നിപുൻ ചിത്രീകരിച്ചു. വിജയത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമുള്ള സുധീറിന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നു. നിപുൻ ചിത്രീകരിച്ച വീഡിയോയും.
മഹത്തായ നേട്ടമാണ് എന്റെ ഭർത്താവു സ്വന്തമാക്കിയിരിക്കുന്നത്. കഠിനമായി അധ്വാനിച്ചാണ് ഇതുവരെ എത്തിയതും. ചെറിയൊരു ഗ്രാമത്തിൽനിന്നാണു ഞങ്ങൾ വരുന്നത്....അത്രയും പറയുമ്പോഴേക്കും സുധീറിനോടു ചേർന്നുനിൽക്കുന്ന അപർണയ്ക്കു കരച്ചിൽ അടക്കാൻ കഴിയുന്നില്ല. സ്നേഹമാണു തങ്ങളെ ഒരുമിപ്പിച്ചതെന്നു പറയുന്നു ഈ യുവാവും യുവതിയും. സ്നേഹമില്ലായിരുന്നെങ്കിൽ, പ്രണയമില്ലായിരുന്നെങ്കിൽ ഒരിക്കലും ഈ ഉയരത്തിൽ എത്താനുമാകില്ലായിരുന്നു. വാക്കുകളേക്കാൾ വാചാലമാണു സുധീറിന്റെയും അപർണയുടെയും കണ്ണുകൾ. പ്രണയത്താൽ തിളങ്ങുന്ന, സന്തോഷത്തിന്റെ പ്രകാശം നിറഞ്ഞ കണ്ണുകൾ.
ഇതാണു സ്നേഹം. യഥാർഥ സ്നേഹം....ജീവിതത്തിൽ പ്രചോദനത്തിനുവേണ്ടി അന്വേഷിക്കുന്നവർക്ക് നിപുൻ അഗർവാൾ വീഡിയോ സമർപ്പിക്കുന്നു.