ഒടുവിൽ ചുവടുവെച്ചത് അനിൽകപൂറിനൊപ്പം; ആരാധകരെ കണ്ണീരിലാഴ്ത്തിയ വിഡിയോ

താരങ്ങളുടെ ജീവിതം ആഘോഷങ്ങളുടേതു മാത്രമാണെന്ന മിഥ്യാധാരണയെ തച്ചുടക്കുന്നതായിരുന്നു ശ്രീദേവി എന്ന ലേഡി സൂപ്പർസ്റ്റാറിന്റെ മരണശേഷം വന്ന പല വെളിപ്പെടുത്തലുകളും. അവരുടെ ജീവിതത്തോട് അത്രമേൽ ചേർന്നു നിന്നവരാണ് വ്യക്തി ജീവിതത്തിൽ എത്രമാത്രം പൊള്ളുന്ന അനുഭവങ്ങൾക്ക് അവർ സാക്ഷിയായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞത്.

പ്രിയതാരത്തിന്റെ അകാലവിയോഗത്തെത്തുടർന്ന് പലരും താരത്തോടൊപ്പം പങ്കിട്ട നല്ല നിമിഷങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു. അങ്ങനെയൊരാൾ പങ്കുവെച്ച വിഡിയോയാണ് ആളുകളെ കണ്ണീരണിയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പടരുന്നത്. വ്യക്തി ജീവിതത്തിൽ താൻ ആരാണെന്നു വെളിപ്പെടുത്താൻ ആഗ്രഹിക്കാതിരുന്ന ശ്രീദേവി  ക്യാമറയ്ക്കു മുന്നിൽ എന്നും മറ്റൊരാളായിരുന്നു. അഭിനയത്തേയും നൃത്തത്തെയും പ്രാണനോളം സ്നേഹിച്ച കലാകാരി.

ജീവിതത്തിലെ അവസാന ദിവസത്തിന് മുമ്പ് ബന്ധുവിന്റെ വിവാഹപ്പാർട്ടിയിൽ എല്ലാം മറന്ന് നൃത്തം ചെയ്യുന്ന ശ്രീദേവിയുടെ ദൃശ്യങ്ങളാണ്  ഇപ്പോൾ ആരാധകരുടെ കണ്ണുനിറയ്ക്കുന്നത്. ശ്രീദേവി ജീവിതത്തിൽ അവസാനമായി നൃത്തം ചെയ്തത് ഭർതൃസഹോദരൻ അനിൽ കപൂറിനൊപ്പമാണ്.

ബന്ധു മോഹിത് മാർവയുടെ വിവാഹാഘോഷവേളയിൽ അനിൽ കപൂറിനൊപ്പം നൃത്തം ചെയ്ത ശ്രീദേവിയുടെ വിഡിയോ പങ്കുവെച്ചത് നിഷാന്ത്സിങ് ആണ്. 34 സെക്കന്റ് ദൈർഘ്യമുള്ള ആ ദൃശ്യങ്ങളിൽ അവർ ഭർത്താവ് ബോണികപൂറിനെ ചേർത്തുപിടിക്കുന്നുമുണ്ട്.

അതിനൊപ്പം തന്നെ തരംഗമായിക്കൊണ്ടിരിക്കുകയാണ് വിവാഹവേദിയിലേക്കുള്ള ശ്രീദേവിയുടെ കടന്നുവരവും വാദ്യമേളങ്ങളുടെ പശ്ചാത്തലത്തിൽ അതിഥികളോട് കുശലാന്വേഷണം നടത്തി സന്തോഷത്തോടെയെത്തുന്ന ശ്രീദേവി ആരാധകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്. ബിടൗണിൽ നിലാവെളിച്ചം പകർന്ന പൗർണ്ണമി മാഞ്ഞുവെന്ന് വിലപിച്ചുകൊണ്ടാണ് ആരാധകർ ഒടുവിലായുള്ള അവരുടെ ചിത്രങ്ങളും വിഡിയോയും പങ്കുവെയ്ക്കുന്നത്.