ഒടുവിൽ മൗനം വെടിഞ്ഞ് ബോണി കപൂർ; കണ്ണുനിറയ്ക്കും ഈ കുറിപ്പ്

പ്രിയതമയുടെ സംസ്ക്കാരച്ചടങ്ങുകൾ കഴിഞ്ഞാണ് ബോണികപൂർ ഹൃദയത്തിൽ തൊടുന്ന ആ കുറിപ്പെഴുതിയത് അതും ശ്രീദേവിയുടെ ട്വിറ്റർ അക്കൗണ്ടിൽ. ഭാര്യയുടെ അപ്രതീക്ഷിത മരണത്തെത്തുടർന്ന് ഒരുപാട് മോശം അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വന്നിട്ടും അതിനെക്കുറിച്ച് ഒരക്ഷരം പോലും അദ്ദേഹം എഴുതിയില്ല.

മറിച്ച് ഒരായുസ്സിന്റെ മുഴുവൻ പ്രണയം തനിക്കു നൽകിയ നല്ലപാതിയെക്കുറിച്ചും അവരോടുള്ള സ്നേഹത്തെക്കുറിച്ചും ആദരവിനെക്കുറിച്ചും മാത്രമാണ് അദ്ദേഹം എഴുതിയത്. സംഭവിച്ച ദുരന്തങ്ങൾക്കും അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ചവരെക്കുറിച്ചും ഒരുവാക്കു പോലും പരാതി പറയാതെ സ്നേഹമയിയായ ഭാര്യയെക്കുറിച്ചും തന്റെ മക്കളുടെ അമ്മയെക്കുറിച്ചും ബോണികപൂർ കുറിച്ചതിങ്ങനെ;-

''ഒരു സുഹൃത്തിനെ, ഭാര്യയെ, രണ്ടു പെൺമക്കളുടെ അമ്മയെ നഷ്ടപ്പെടുന്നതിന്റെ ദുഖം വാക്കുകളിൽ പറഞ്ഞറിയിക്കാനാവില്ല. എങ്കിലും എന്റെ ശ്രീദേവിയുടെ വിയോഗത്തിൽ ഞങ്ങൾക്കു കരുത്തു പകർന്ന സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അവളുടെ ആരാധകർക്കും ഞാൻ നന്ദി പറയുകയാണ്.

ഞാൻ അനുഗ്രഹീതനായ ഒരച്ഛനാണ്. ജീവിതത്തിൽ നികത്താനാകാത്ത ഒരു നഷ്ടം വന്നപ്പോൾ എനിക്കും ജാൻവിക്കും ഖുശിക്കും താങ്ങായി അർജ്ജുനും അൻഷുലയുമെത്തി. ആ വലിയ നഷ്ടത്തെ ഒരു കുടുംബമായി നിന്ന് അതിജീവിക്കുകയാണ് ഞങ്ങളിപ്പോൾ.

ഈ ലോകത്തിന് ശ്രീദേവി അവരുടെ ചാന്ദ്നിയാണ്, മികച്ച അഭിനേത്രിയാണ്. പക്ഷേ എനിക്കവൾ എന്റെ പ്രണയമാണ്, എന്റെ ഭാര്യയാണ്, എന്റെ രണ്ടു പെൺമക്കളുടെ അമ്മയാണ്, എന്റെ പങ്കാളിയാണ്. എന്റെ മക്കളെ സംബന്ധിച്ചടത്തോളം അവൾ അവരുടെ എല്ലാമാണ്, അവരുടെ ജീവിതമാണ്.

എന്റെ പ്രിയപ്പെട്ട ഭാര്യയ്ക്കും ഖുശിയുടെയും ജാൻവിയുടെയും അമ്മയ്ക്കും വിടചൊല്ലുമ്പോൾ എനിക്ക് നിങ്ങളോട് ഒരപേക്ഷയേ ഉള്ളൂ ദയവായി ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണം. നിങ്ങൾക്ക് ശ്രീദേവിയെക്കുറിച്ചുള്ള നല്ല ഓർമ്മകൾ പങ്കുവെയ്ക്കണമെങ്കിൽ ആയിക്കൊള്ളൂ. ഒരു നടിയെന്ന നിലയിൽ അവളെ നിങ്ങൾ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തോളൂ. അഭ്രപാളികളിൽ  തിളങ്ങിനിൽക്കാനുള്ളതാണ് കലാകാരന്മാരുടെ ജീവിതം അതുകൊണ്ട് ദയവുചെയ്ത് അവരുടെ സ്വകാര്യജീവിതത്തിലേക്ക് തിരശ്ശീല നീക്കാതിരിക്കൂ.

എന്റെ പെൺമക്കളെ സംരക്ഷിക്കുക എന്നതുമാത്രമാണ് എന്റെ ഇപ്പോഴത്തെ കടമ. ശ്രീദേവി കൂടെയില്ലാത്ത ജീവിതം മുന്നോട്ടുകൊണ്ടു പോകാനുള്ള വഴിതേടുകയാണിപ്പോൾ ഞങ്ങൾ. അവൾ ഞങ്ങളുടെ ജീവിതമായിരുന്നു ഞങ്ങളുടെ ശക്തിയായിരുന്നു. എന്തിന് ഞങ്ങളുടെ ജീവിതത്തിൽ ചിരി നിറച്ചതുപോലും അവളായിരുന്നു.  എല്ലാ അളവുകോലുകൾക്കും അതീതമായി ഞങ്ങൾ അവളെ സ്നേഹിക്കുന്നു.

എന്റെ പ്രണയമേ നിനക്ക് നിത്യശാന്തി നേരുന്നു. ജീവിതം ഇനിയൊരിക്കലും പഴയപോലെയാവില്ല''.