വനിതാദിനത്തോടനുബന്ധിച്ച് ഒരു ട്വീറ്റ് ഇട്ടതോടെയാണ് അമിതാബ് ബച്ചൻ പുലിവാലു പിടിച്ചത്. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട നാലു സ്ത്രീകളുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടും കേന്ദ്രസർക്കാരിന്റെ സ്വച്ഛ് ശക്തി പദ്ധതിയെ പിന്തുണച്ചു കൊണ്ടുമാണ് ബിഗ്ബി ട്വീറ്റ് ചെയ്തത്. ഭാര്യ ജയാബച്ചൻ, മകൾ ശ്വേത, കൊച്ചുമക്കൾ നവ്യനവേലി, ആരാധ്യ ബച്ചൻ എന്നിവരുടെ ചിത്രങ്ങളാണ് അമിതാബ് ബച്ചൻ പങ്കുവെച്ചത്.
എന്തുകൊണ്ട് വനിതാദിനത്തിൽ പങ്കുവെച്ച ചിത്രത്തിൽ ഐശ്വര്യ മാത്രം ഇല്ലാത്തത് എന്നാണ് ആരാധകരുടെ സംശയം. മരുമകൾ ആയതുകൊണ്ടാണോ ഐശ്വര്യയെ ബച്ചൻ ഒഴിവാക്കിയത് എന്നാണ് അവർ ചോദിക്കുന്നത്. അമിതാബ് ബച്ചനെപ്പോലെ ഒരാൾ മകളെയും മരുമകളെയും രണ്ടു തട്ടിൽ കാണുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അവർ പറയുന്നു.
ബച്ചൻ കുടുംബത്തിൽ ചില പൊട്ടിത്തെറികൾ ഉണ്ടെന്നും ശ്വേതയും ഐശ്വര്യയും തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്നുമൊക്കെയുള്ള വാർത്തകൾ ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു. അവയൊക്കെ ഒന്നടങ്ങി വന്നപ്പോഴാണ് മരുമകളെ മാത്രം ഒഴിവാക്കിയുള്ള ബച്ചന്റെ ട്വീറ്റ് എത്തിയത്. അതോടെ എല്ലാവരും മറന്നു തുടങ്ങിയ ഗോസിപ്പ് പൂർവാധികം ശക്തിയോടെ മടങ്ങിയെത്തിയിരിക്കുകയാണ്.