പ്രണയിക്കുന്ന രണ്ടു ശരീരങ്ങളെ എത്ര ദൂരത്തേക്കു വേണമെങ്കിലും എത്ര നാൾ വേണമെങ്കിലും അകറ്റിനിർത്താം. എന്നാൽ പ്രണയിക്കുന്ന മനസ്സുകളുടെ സ്പന്ദനങ്ങളെ തടയാൻ ആർക്കുമാകില്ല എന്നു പറഞ്ഞുകൊണ്ടാണ് മാധ്യമങ്ങൾ ബസുദേവ് ടോപ്പോ എന്ന യുവാവിന് താരപരിവേഷം നൽകുന്നത്. എത്രയൊക്കെ പുരോഗമന ചിന്താഗതിക്കാരൻ ആണെന്ന് പറഞ്ഞാലും ഏതൊരു ഭർത്താവും ചെയ്യാൻ മടിക്കുന്ന ഒരു പ്രവർത്തിയാണ് അദ്ദേഹം ചെയ്തത്.
ഒഡിഷയിലെ സുന്ദർഗാറിലായിരുന്നു സംഭവം. മാർച്ച് 4 നാണ് 24 വയസ്സുകാരനായ ബസുദേവ് ജാർസുഗുഡ ദേബ്ദിഹി ഗ്രാമത്തിലെ 21 വയസ്സുകാരിയായ യുവതിയെ വിവാഹം ചെയ്തത്. വിവാഹശേഷം ആറാം ദിവസം അദ്ദേഹം ഭാര്യയെ കാമുകനെക്കൊണ്ടു വിവാഹം കഴിപ്പിച്ചു. അങ്ങനെയൊരു തീരുമാനത്തിലേക്ക് ബസുദേവ് എത്താനുള്ള കാരണമിതാണ്.
വിവാഹത്തിനു ശേഷം ഒരുദിവസം എന്തോ ആവശ്യത്തിനായി ബസുദേവ് വീടിനു പുറത്തു പോയി. ഇതിനിടെ ബസുദേവിന്റെ ഭാര്യയുടെ ബന്ധുക്കളെന്ന് പരിചയപ്പെടുത്തി മൂന്നു ചെറുപ്പക്കാർ ബസുദേവിന്റെ വീട്ടിലെത്തി. കൂട്ടത്തിലൊരാളെ വീട്ടിൽ നിർത്തി മറ്റു രണ്ടുപേരും ഗ്രാമം ചുറ്റാൻ പോയി. ഇതിനിടെ വീട്ടിൽ തിരികെയെത്തിയ ബസുദേവ് കണ്ടത് ഭാര്യയെ കാണാനെത്തിയ ചെറുപ്പക്കാരനെ നാട്ടുകാർ മർദ്ദിക്കുന്ന കാഴ്ചയാണ്. ഇരുവരെയും സംശയകരമായ സാഹചര്യത്തിൽ കണ്ടതുകൊണ്ടാണ് യുവാവിനെ മർദ്ദിച്ചതെന്ന് ഗ്രാമവാസികൾ ബസുദേവിനെ അറിയിച്ചു.
ആ ചെറുപ്പക്കാരനെ മർദ്ദിക്കരുതെന്നും അതു തന്റെ കാമുകനാണെന്നും വീട്ടുകാർ നിർബന്ധിച്ചതുകൊണ്ടു മാത്രമാണ് ബസുദേവുമൊത്തുള്ള വിവാഹത്തിന് സമ്മതിച്ചതെന്നും യുവതി വെളിപ്പെടുത്തി. ഇതു കേട്ടിട്ടും ഭാര്യയെ വെറുക്കാനോ അവളെ ആട്ടിയിറക്കാനോ ഉപദ്രവിക്കാനോ ബസുദേവ് ശ്രമിച്ചില്ല. പകരം അവളുടെ വീട്ടിലെ മുതിർന്ന ആളുകളെ വിളിച്ചു വരുത്തി. ഭാര്യയെ അവളുടെ കാമുകനു വിവാഹം ചെയ്തു നൽകി.
കാര്യമറിഞ്ഞ ഗ്രാമവാസികൾ ബസുദേവിനെ അഭിനന്ദിച്ചു. ദേശീയമാധ്യമങ്ങൾ വരെ യുവാവിന്റെ ധീരമായ തീരുമാനത്തെ പ്രകീർത്തിച്ചു. വിവാഹം കഴിഞ്ഞതുകൊണ്ടു മാത്രം ഒരു പെണ്ണിന്റെ അഭിപ്രായത്തിനും സ്വാതന്ത്രത്തിനും വിലയില്ലാതാവുന്നില്ലെന്നും ഏതവസ്ഥയിലായാലും ഇഷ്ടപ്പെട്ട പുരുഷനൊപ്പം ജീവിക്കാനുള്ള അവകാശം അവൾക്കുണ്ടെന്നുമാണ് മാതൃകാപരമായ പെരുമാറ്റം കൊണ്ട് ബസുദേവ് കാട്ടിത്തന്നതെന്നുമാണ് വാർത്തയറിഞ്ഞവരുടെ പ്രതികരണം.