പ്രണയസുരഭിലമായി ദാമ്പത്യം മുന്നോട്ടു പോകുമ്പോൾ പങ്കാളിക്ക് ഗുരുതരമായ ഒരു രോഗം പിടിപെട്ടാലെന്തു ചെയ്യും? ഭർത്താവിനാണ് രോഗമെങ്കിൽ അദ്ദേഹത്തെ പരിചരിച്ച് കുഞ്ഞുങ്ങളെയും കുടുംബത്തെയും നോക്കി കഷ്ടപ്പെട്ടു ജീവിക്കണമെന്ന് സമൂഹം സ്ത്രീയോടു പറയും. നേരെ തിരിച്ച് ഭാര്യയ്ക്കാണു രോഗമെങ്കിലോ അവളെ ഉപേക്ഷിച്ച് വേറെ വിവാഹം കഴിക്കാൻ ബന്ധുക്കളുൾപ്പടെയുള്ളവർ പുരുഷനെ ഉപദേശിക്കും.
രോഗിയായ ഭാര്യയെ ഒരു ബാധ്യതയായിക്കാണുന്ന ഭർത്താക്കന്മാരും സമൂഹവും തീർച്ചയായും ഈ ഭർത്താവിന് പറയാനുള്ളത് എന്താണെന്നു കേൾക്കണം. നിതേഷ് നൂർ എന്ന മനുഷ്യനാണ് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലൂടെ തന്റെ പ്രണയത്തേയും ജീവിതത്തേയും കുറിച്ച് തുറന്നു പറഞ്ഞത്. ഹൃദയസ്പർശിയായ ഒരു കുറിപ്പാണ് അദ്ദേഹം പങ്കുവെച്ചത്.
കണ്ണുനനയിക്കുന്ന ആ കുറിപ്പിങ്ങനെ ;-
'' എനിക്ക് 17 വയസ്സുള്ളപ്പോഴാണ് ദിയയെ ആദ്യമായി കാണുന്നത്. ആർട്ട് സ്കൂളിൽ വെച്ചാണ് ഞങ്ങളുടെ സൗഹൃദം തുടങ്ങുന്നത്. എന്നേക്കാൾ ഒരു വയസ്സിനിന് ഇളയതായിരുന്നു അവൾ. പൂർണ്ണതയുള്ള ഒരു പെൺകുട്ടിയായിരുന്നു. 11 വർഷത്തോളം അതിതീവ്രമായി ഞങ്ങൾ പ്രണയിച്ചു. ഇതിനിടയിൽ അലഹാബാദിലേക്ക് പഠനാവശ്യത്തിനായി എനിക്കു പോകേണ്ടി വന്നു. എന്നിട്ടും ഞങ്ങൾക്കിടയിലെ പ്രണയം ഒരു തരിമ്പു പോലും കുറഞ്ഞില്ല. എല്ലാ മാസവും അവൾ എനിക്ക് നാലു കത്തുകളെഴുതും. എത്ര നാൾ വേണമെങ്കിലും പരസ്പരം കാത്തിരിക്കാമെന്ന് ഞങ്ങൾ പോലുമറിയാതെ ഞങ്ങൾ വാക്കു നൽകി.
പലപ്പോഴും അവർ അർഹിക്കുന്ന പരിഗണന കൊടുക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. പക്ഷേ അപ്പോഴൊക്കെയും ഒരു പരാതിയും പറയാതെ അവൾ ഞങ്ങൾ ഒരുമിക്കുന്ന ദിവസത്തിനായി കാത്തിരുന്നു. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2003 ൽ ഞങ്ങൾ വിവാഹിതരായി. സ്വപ്നം കണ്ടതുപോലെ അതിസുന്ദരമായ ഒരു ജീവിതമായിരുന്നു ഞങ്ങളുടേത്. പ്രണയാതുരമായ യാത്രകളും രാത്രി സിനിമകളും അതിസുന്ദരങ്ങളായ വിരുന്നുകളും പരസ്പരം സമ്മാനം നൽകലുമൊക്കെയായി വളരെപ്പെട്ടന്ന് നാലു വർഷം കടന്നുപോയി.
ഒരു കുടുംബം തുടങ്ങാൻ സമയമായി എന്നു ഞങ്ങൾ ആലോചിക്കുന്ന സമയത്താണ് അവൾക്കാദ്യമായി അപസ്മാരം ഉണ്ടാകുന്നത്. തുടർന്നു നടത്തിയ പരിശോധനയിലാണ് അവളുടെ തലച്ചോറിന്റെ വലതുവശത്ത് ഒരു ട്യൂമർ വളരുന്നുണ്ടെന്നു കണ്ടെത്തിയത്. ഏഴു മുതൽ 10 വർഷത്തെ ആയുസ്സാണ് അന്നു ചികിത്സിച്ചിരുന്ന ഡോക്ടർമാർ അവൾക്ക് വിധിച്ചത്. ചികിത്സയുടെ ഭാഗമായി മൂന്നു വലിയ ശസ്ത്രക്രിയകൾക്ക് അവൾ വിധേയയായി. എണ്ണിയൊലൊടുങ്ങാത്തത്ത കീമോതെറാപ്പിക്കും റേഡിയേഷനും വിധേയയായി അവൾ തളർന്നു. 10 വർഷമായി രോഗത്തിനെതിരെ പടപൊരുതുന്നു. ഈ കാലയളവിവെല്ലാം അവൾ എന്നെ കൂടുതൽ ആശ്രയിച്ചുകൊണ്ടിരുന്നു.
അവളുടെ കൂടെനിന്ന് ശക്തി പകരുന്നത് ഞാനാണെന്നാണ് ആളുകൾ കരുതുന്നത്. എന്നാൽ കുറച്ചു വർഷം പിന്നോട്ടു നടന്നാൽ അത് അങ്ങനെയല്ലെന്നു മനസ്സിലാവും. ആർട്ട് സ്കൂളിൽ ആയിരുന്നപ്പോൾ എന്റെ കൈയിൽ ആദ്യമായി ക്യാമറ വെച്ചു തന്നത് അവളാണ്. എങ്ങനെയാണ് ചിത്രങ്ങളെടുക്കേണ്ടത് എന്നെനിക്കു പഠിപ്പിച്ചു തന്നതും അവളാണ്. ഓർമ്മകൾ പകർത്തി സൂക്ഷിക്കേണ്ടതിനെക്കുറിച്ച് എനിക്കു പറഞ്ഞു തന്നതവളാണ്. കഴിഞ്ഞ പത്തുവർഷമായി ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്ന സുന്ദരങ്ങളായ നിമിഷങ്ങൾ ഞങ്ങൾ സൂക്ഷിക്കുന്നുണ്ട്. കാരണം ഞങ്ങൾക്കറിയാം ഇതിൽ ഏതു നിമിഷം വേണമെങ്കിലും ഞങ്ങൾ ഒരുമിച്ചുള്ള അവസാന നിമിഷമായിരിക്കാമെന്ന്.
ദിവ്യയോട് ആദ്യമായി പ്രണയം തോന്നിയതു മുതൽ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടയാൾ അവളാണ്. യഥാർഥ പ്രണയമെന്താണെന്ന് ഇപ്പോൾ ജീവിതത്തിലൂടെ ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ അവളുടെ ഭർത്താവ് മാത്രമല്ല ജീവിത പങ്കാളിയാണ്. അവളുടെ അച്ഛനും അമ്മയുമെല്ലാം ഞാനാണ്. നമ്മൾ ഒരാളെ പരിചരിക്കുമ്പോൾ അല്ലെങ്കിൽ പരിഗണിക്കുമ്പോൾ നമുക്ക് വ്യത്യസ്തമായ റോളുകൾ കൈകാര്യം ചെയ്യേണ്ടി വരും വ്യത്യസ്തമായ സ്നേഹം നൽകേണ്ടി വരും. അതുചിലപ്പോൾ അന്നോളം നാം അനുഭവിച്ചവയിൽ നിന്ന് വേറിട്ടതാവും. അവളെ പരിചരിക്കുന്നതിനെ ഒരിക്കലും ത്യാഗമെന്നു ഞാൻ പറയില്ല. കാരണം അതു സന്തോഷത്തോടെ ഞാൻ നടത്തിയ തിരഞ്ഞെടുപ്പു മാത്രമാണ്.
എനിക്കൊരു പക്ഷേ അവളെ എന്നെന്നേക്കുമായി രക്ഷപെടുത്താൻ കഴിയില്ല. പക്ഷേ അവളെ സന്തോഷത്തോടെയിരിക്കാൻ സഹായിക്കാൻ കഴിയും. ഓരോദിവസവും രാവിലെ ഒരു ബ്ലാങ്ക് സ്ലേറ്റ് പോലെയുള്ള മനസ്സുമായാണ് ഞാൻ എഴുന്നേൽക്കുന്നത്. എങ്ങനെ അവളെ സന്തോഷിപ്പിക്കാൻ കഴിയും എന്ന ചിന്ത മാത്രമേ എന്റെ മനസ്സിലുള്ളൂ. സ്നേഹം നിറഞ്ഞ ഒരു കെട്ടിപ്പിടുത്തത്തിലൂടെയാണ് എന്നും ഞാനവളെ ഉണർത്തുന്നത്. പിന്നെ അവളുടെ തല മസാജ് ചെയ്യും പിന്നെ അവളെ കുളിപ്പിക്കും അവൾക്കേറ്റവുമിഷ്ടമുള്ള ഭക്ഷണം പാകം ചെയ്ത് അവളെ കഴിപ്പിക്കും.
എന്റെ ദിവസം തുടങ്ങുന്നത് അവളോടൊപ്പമാണെന്ന പോലെ തന്നെയാണ് ദിവസം അവസാനിക്കുന്നതും. അവൾക്കായി ബുക്ക് വായിച്ച്, അവളെ ഉറക്കിക്കിടത്തി മുറുകെ കെട്ടിപ്പിടിക്കും അങ്ങനെയാണ് എന്റെ ഒരു ദിവസം ഞാൻ അവസാനിപ്പിക്കുന്നത്. ഇപ്പോൾ ചെറിയ തോതിൽ മറവി രോഗവും അവളെ ബാധിച്ചിട്ടുണ്ട്. കിടക്കപ്പായിൽ നിന്ന് ഒന്നു തിരിഞ്ഞു കിടക്കാൻ പോലും ഇപ്പോൾ അവൾക്കെന്റെ സഹായം വേണം. പക്ഷേ ഇപ്പോഴാണ് എനിക്കൊരു കാര്യം മനസ്സിലായത് ഇത്ര തീവ്രമായി ഞങ്ങൾ ഇതിനു മുൻപ് പരസ്പരം അറിഞ്ഞിട്ടില്ല. അല്ലെങ്കിലും മനുഷ്യർ അങ്ങനെയാണല്ലോ ഒരാളെ നഷ്ടപ്പെടുമെന്നു തോന്നുമ്പോഴാണല്ലോ അവർ നമുക്കെത്രത്തോളം പ്രിയപ്പെട്ടവരായിരുന്നു എന്ന സത്യം നമ്മൾ മനസ്സിലാക്കുന്നത്.
ആളുകൾ എന്നോട് അദ്ഭുതത്തോടെ ചോദിക്കാറുണ്ട് നിങ്ങൾ എങ്ങനെ സംയമനത്തോടെ ഈ ജീവിതത്തെ കൈകാര്യം ചെയ്യുന്നുവെന്ന്. രോഗിയായ അവളെ വിട്ടിട്ടു പോകാൻ വരെ ചിലർ എന്നെ ഉപദേശിച്ചു. പക്ഷേ എനിക്കറിയാം യഥാർഥ പ്രണയം ഒരു പ്രതിസന്ധിയിലും വിട്ടിട്ടുപോകില്ല എന്ന്. എന്നെ ഇപ്പോൾ കാണുന്ന ഞാനാക്കിയത് അവളാണ്. അവൾ എനിക്കുവേണ്ടി ഒരുപാടു നന്മകൾ ചെയ്തിട്ടുണ്ട്. അവൾക്കായി ഞാൻ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് അവളുടെ അവകാശമാണ്. അവൾക്കായി ചെയ്തുകൊടുക്കുന്ന കാര്യങ്ങളെക്കുറിച്ചോർത്ത് എനിക്കഭിമാനം മാത്രമേയുള്ളൂ. ജീവിതകാലം മുഴുവനും അവൾക്കുവേണ്ടി ഞാനതു ചെയ്യും. അവൾ എന്റെ നല്ലപാതി മാത്രമല്ല അവൾ ഞാൻ തന്നെയാണ് എന്റെ ജീവിതം അവൾക്കുവേണ്ടിയുള്ളതാണ്.''