അച്ഛനെപ്പഴാ അമ്മയെ ആദ്യമായി കണ്ടതെന്നു ഭാവിയിൽ മക്കൾ ചോദിച്ചാൽ ഈ ദമ്പതികൾക്കു പറയാൻ രസകരമായ ഒരു കഥയുണ്ട്. പരസ്പരം പരിചയമില്ലാതിരുന്നിട്ടും വിവാഹത്തിന് 11 വർഷം മുമ്പ് തങ്ങൾ പരസ്പരം കണ്ടിരുന്നു എന്നു പറഞ്ഞാൽ അവരുടെ മക്കൾ ചിലപ്പോൾ അത് വിശ്വസിക്കാൻ തയാറായില്ലെന്നു വരാം.
അപ്പോൾ തെളിവായി അവർ ആ ചിത്രം കാണിച്ചുകൊടുക്കും തന്റെ ഭാര്യയുടെ കൗമാരകാലത്ത് അവളെടുത്ത ചിത്രത്തിൽ അവിചാരിതമായി താനും പെട്ടുപോയ കഥ വളരെ രസകരമായി മക്കൾക്കു പറഞ്ഞുകൊടുക്കുകയും ചെയ്യും. ചൈനീസ് സമൂഹമാധ്യമമായ വെയ്ബോയിലൂടെയാണ് ചൈനീസ് ദമ്പതികളുടെ ജീവിതത്തിൽ സംഭവിച്ച അവിചാരിതമായ സംഭവത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്.
ചൈനയിലെ ചിങ്ഡൗവിലെ റെഡ്സ്കൾപ്ച്ചർ ടവറിനു സമീപം നിന്നെടുത്ത രണ്ടു ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. രണ്ടു ചിത്രങ്ങളും 2000 ൽ എടുത്തതാണ്. ചിത്രത്തിലെ പെൺകുട്ടിയുടെ പേര് ക്സ്യൂ. അവൾ ചിത്രമെടുക്കുമ്പോൾ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ ഒരു നീലഷർട്ടുകാരനെ കാണാം. അതേ ലൊക്കേഷനിൽ വെച്ച് നീലഷർട്ടുകാരനും തന്റെ ചിത്രം എടുപ്പിച്ചിരുന്നു.
വർഷങ്ങൾക്കു ശേഷം ഭാര്യയുടെ കുട്ടിക്കാലത്തെ ചിത്രം കണ്ടപ്പോഴാണ് ഭർത്താവ് ആ സത്യം മനസ്സിലാക്കിയത്. ഭാര്യയുടെ കുട്ടിക്കാല ചിത്രത്തിൽ അപ്രതീക്ഷിതമായി പെട്ടുപോയ ആ നീലഷർട്ടുകാരൻ താനാണ്. പരിചയപ്പെടുന്നതിനും വിവാഹം കഴിക്കുന്നതിനും മുമ്പ്, കൃത്യമായി പറഞ്ഞാൽ 11 വർഷം മുമ്പ് തങ്ങൾ ഒരേ സ്ഥലത്ത് ഒരുമിച്ചുണ്ടായിരുന്നു.
അതിനേക്കാൾ ഏറെ വിചിത്രമായ കാര്യം എന്താണെന്നു വെച്ചാൽ ഭർത്താവ് ചിങ്ഡൗവിലെത്തിയത് അപ്രതീക്ഷിതമായാണ്. അദ്ദേഹത്തിന്റെ അമ്മയ്ക്ക് സുഖമില്ലാത്തിനാൽ ഒരു ടൂർഗ്രൂപ്പിന്റെ കൂടെ അദ്ദേഹത്തെ ആ സ്ഥലത്തേക്ക് അയയ്ക്കുകയായിരുന്നു. ഭാര്യയുടെ കൗതുകം നിറഞ്ഞ കുട്ടിക്കാല ചിത്രം കണ്ട ഭർത്താവ് താനും ആ സ്ഥലത്തു പോയപ്പോഴെടുത്ത ചിത്രം തപ്പിയെടുത്ത് രണ്ടു ചിത്രങ്ങളും അതിനു പിന്നിലെ രസകരമായകഥയും ചേർത്ത് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വൈറലായത്.